Connect with us

National

'' ക്ഷമിക്കണം പപ്പാ, എനിക്ക് ജെ ഇ ഇ ചെയ്യാന്‍ കഴിയില്ല'' ; രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ

ഈ വര്‍ഷം ഇത് ആറാമത്തെ സംഭവം

Published

|

Last Updated

കോട്ട |  രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ഥി ആത്മഹത്യ പതിവാകുന്നു. ജെ ഇ ഇ എന്‍ട്രന്‍സ് എക്‌സാമിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥി  ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. ബീഹാര്‍ ബഗാല്‍പൂര്‍ സ്വദേശി അഭിഷേക് കുമാര്‍ ആണ് മരിച്ചത്. കോട്ടയിലെ വിഗ്യാന്‍ നഗറിലുള്ള വാടക മുറിയിലാണ് അഭിഷേകിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

എഞ്ചിനീയറിങ്, മെഡിക്കല്‍ കോച്ചിങ് സെന്ററുകളുടെ ഹബ്ബായി മാറിയ കോട്ടയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആറാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്. പഠനസമ്മര്‍ദ്ദമാണ് ആത്മഹത്യകള്‍ക്കുള്ള പ്രധാന കാരണമെന്ന് പോലീസ് പറയുന്നു.

അഭിഷേകിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും മൃതദേഹത്തിന്റെ അടുത്ത് നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായും പോലീസ് പറഞ്ഞു. ”ക്ഷമിക്കണം പപ്പാ, എനിക്ക് ജെ ഇ ഇ ചെയ്യാന്‍ കഴിയില്ല”  എന്നാണ് അഭിഷേക് ആത്മഹത്യ കുറിപ്പില്‍ എഴുതിയതെന്നും പോലീസ് പറഞ്ഞു.ജനുവരി 29 നും ഫെബ്രുവരി 19 നും കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ അഭിഷേക് പങ്കെടുത്തിരുന്നില്ല. ഇതായിരിക്കും ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പോലീസ് കരുതുന്നത്.

2023 ല്‍ കോട്ടയില്‍ നിന്ന് 23 ആത്മഹത്യകളാണ് രജിസ്റ്റര്‍ ചെയ്തത്. കോച്ചിങ് സെന്ററുകളിലെ സമ്മര്‍ദ്ദം നിറഞ്ഞ അക്കാദമിക് അന്തരീക്ഷം വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ജെ ഇ ഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി കോട്ടയിലെത്തുന്നത്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest