National
'ഒരു തനതാനി പാര്‍ലിമെന്റ്'; സനാതന ധര്‍മത്തെയും കേന്ദ്ര ഭരണ നേതൃത്വത്തെയും കുത്തി പ്രകാശ് രാജ്
സനാതന എന്നതിനു പകരം തനതാനി എന്ന പദം ഉപയോഗിച്ചാണ് പ്രകാശ് രാജ് എക്‌സില്‍ കുറിപ്പിട്ടത്.
ബെംഗളൂരു | സനാതന ധര്‍മം തുടച്ചുനീക്കണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ പിന്തുണക്കുന്ന രീതിയിലുള്ള പ്രസ്താവനയുമായി നടന്‍ പ്രകാശ് രാജ്. സനാതന എന്നതിനു പകരം തനതാനി എന്ന പദം ഉപയോഗിച്ചാണ് പ്രകാശ് രാജ് എക്‌സില്‍ കുറിപ്പിട്ടത്. പാര്‍ലിമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും സന്യാസിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രകാശ് രാജ് പോസ്റ്റ് ചെയ്തു. ‘ ഭാവിയിലേക്കുള്ള തിരിച്ചുപോക്ക്…ഒരു തനതാനി പാര്‍ലിമെന്റ്…പ്രിയപ്പെട്ട പൗരന്മാരേ നിങ്ങള്‍ ഇതില്‍ തൃപ്തരാണോയെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…’ എന്നതായിരുന്നു പ്രകാശ് രാജിന്റെ കുറിപ്പ്.
സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും അതിനാല്‍ത്തന്നെ അത് തുടച്ചുനീക്കണമെന്നും ആയിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഡെങ്കിപ്പനി, മലമ്പനി, കൊവിഡ് തുടങ്ങിയ രോഗങ്ങളെപ്പോലെ സനാത ധര്‍മവും ഉന്മൂലനം ചെയ്യണപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രകാശ് രാജിന്റെ കുറിപ്പിനെതിരെ നടന്‍ മനോജ് ജോഷി രംഗത്തെത്തി. ഇന്ത്യയുടെ സംസ്‌കാരത്തിനെതിരായ പ്രത്യക്ഷ ആക്രമണമാണിതെന്ന് മനോജ് ജോഷി പറഞ്ഞു. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനവും നാനാത്വത്തില്‍ ഏകത്വം എന്ന തത്വവും തകര്‍ക്കുന്നതിനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.