Kerala
'കുറച്ചു കഴിയുമ്പോള്‍ എല്ലാവരും അറിഞ്ഞുകൊള്ളും'; ഭരണഘടനാ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്‍
കൊല്ലം ചാത്തന്നൂരില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊല്ലം | ഭരണഘടനാ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്‍. പരാമര്‍ശങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. കുറച്ചു നാള്‍ കഴിയുമ്പോള്‍ എല്ലാവരും അത് അറിഞ്ഞുകൊള്ളും. കൊല്ലം ചാത്തന്നൂരില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2022 ജൂലൈയില്‍ പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സി പി എം യോഗത്തിലാണ് ഭരണഘടനയെ വിമര്‍ശിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ സജി ചെറിയാന്‍ നടത്തിയത്. ഇത് വിവാദമായതോടെ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ട സ്ഥിതി വരെയുണ്ടായി.
തുടര്‍ന്ന് ആറ് മാസത്തെ ഇടവേളക്ക് ശേഷം സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
‘മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത്. അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേര്‍ന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും.’- ഇതായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.