Cover Story
'അഹദായ തമ്പുരാൻ ആദ്യം പടച്ചുള്ള...'
കലാസൃഷ്ടികളുടെ ദൗത്യം സമൂഹത്തിന്റെ നന്മയാണെന്ന് തിരിച്ചറിയുകയും അതിനു വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത ചെലവൂർ കെ സി അബൂബക്കറിന്റെ പാട്ടുകൾ കാലത്തെ അതിജീവിച്ചു നമുക്കിടയിൽ എന്നും നിലകൊള്ളുന്നതാണ്. സാധാരണ കലാസ്വാദകന്റെ മനസ്സിനെ താലോലിച്ച ജീവിതഗന്ധിയായ വിഷയങ്ങളിലൂടെ സഞ്ചരിച്ച രചയിതാക്കളും ഗായകരും ഏവർക്കും എന്നും പ്രിയപ്പെട്ടവരാണ്.
1957-58 കാലഘട്ടത്തിൽ സുന്നി- വഹാബി തർക്കം കൊടുമ്പിരികൊള്ളുന്ന കാലത്ത് കോഴിക്കോട് വെള്ളിപറമ്പ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മതപ്രഭാഷണ പരമ്പര അരങ്ങേറുകയുണ്ടായി. അക്കാലത്ത് മതപ്രസംഗം രാത്രി പത്തിന് ശേഷമാണ് തുടങ്ങുന്നത്. പ്രസംഗം അരങ്ങേറുന്ന സ്ഥലങ്ങളിൽ വലിയ ആൾക്കൂട്ടമുണ്ടാകും. പ്രത്യേകിച്ച് സുന്നി- വഹാബി തർക്കം നടക്കുന്ന കാലമായതുകൊണ്ട്. എന്താണ് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർ പറയുന്നത് എന്നറിയാൻ കൂടിയാണ് ഈ ജനക്കൂട്ടം. അന്ന് മതപ്രസംഗം നടക്കുന്ന സ്റ്റേജിലേക്ക് ഇടവേളയിൽ സുന്നി -വഹാബി തർക്കത്തെ അവതരിപ്പിച്ചുകൊണ്ട് ഒരാൾ പാട്ടുപുസ്തകവും കൈയിലേന്തി സ്റ്റേജിൽ പാട്ടു പാടി ജനശ്രദ്ധ പിടിച്ചുപറ്റി. ചെലവൂർ കെ സി അബൂബക്കറായിരുന്നു അദ്ദേഹം.
കണിയാത്തു വീട്ടിൽ അന്നൊരു പെണ്ണിന് കരിങ്കാളിയല്ല കൂടി കാഫർ ജിന്ന്… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഇതിവൃത്തം വളരെ രസകരമായിരുന്നു.
രിഫാഈ ശൈഖ് അവർകൾക്ക് നേർച്ച നേർന്ന് ഭാര്യ ഉഴിഞ്ഞിട്ട നേർച്ചക്കോഴി പുത്തൻ വാദിയും വഹാബിയുമായ ഭർത്താവ് പിടിച്ച് അറുത്ത് കറിവെച്ച് കൂട്ടിയതുകൊണ്ട് ആ വീട്ടിൽ വന്നുപെടുന്ന ആപത്തുകളാണ് വളരെയധികം നീളമുള്ള ആ പാട്ടിൽ യൗവനത്തിന്റെ തുടിപ്പും മിടിപ്പുമുള്ള ചെലവൂർ കെ സി സരസമായി അവതരിപ്പിച്ചത്.
1957ൽ ജനിക്കാത്ത ഞാൻ എങ്ങനെയാണ് ഈ കഥ ഇത്രയും വിശദമായി പറഞ്ഞതെന്ന് സംശയിക്കാനിടയുണ്ട്. അക്കഥ ഇങ്ങനെയാണ്. പത്ത് വയസ്സ് തികഞ്ഞപ്പോൾ തന്നെ മദ്‌റസാ അങ്കണത്തിലും നബിദിനത്തിലും മതപ്രസംഗത്തിന്റെ സ്റ്റേജിലും സ്വന്തമായി പാട്ടുകെട്ടി പാടുന്ന പതിവ് എനിക്കുണ്ടായിരുന്നു. അക്കാലത്താണ് പാട്ടിന് എന്നെ പ്രോത്സാഹിപ്പിച്ച വളപ്പിൽ ഡ്രൈവർ കുഞ്ഞഹമ്മദ്ക്ക കെ സിയുടെ ഈ പാട്ട് തീർത്തും എനിക്ക് പാടിത്തരുന്നത്. അന്നേ എന്റെ മനസ്സിൽ കയറിക്കൂടിയ പാട്ടാണിത്. ചെറുപ്പം തൊട്ടേ മനസ്സിൽ സ്ഥാനം പിടിച്ച എഴുത്തുകാരനും പാട്ടുകാരനുമായിരുന്നു ചെലവൂർ കെ സി.
എഴുപതുകളുടെ പകുതിയോടെ ഗൾഫിലേക്ക് നമ്മുടെ നാട്ടിൽ നിന്ന് ആളുകൾ പ്രവഹിക്കാൻ തുടങ്ങിയതോടുകൂടി മലബാറിലേക്ക് ഗൾഫ് പണത്തിന്റെ ഒഴുക്ക് തുടങ്ങി. ഓലപ്പുരകൾ മാറി ഓടിട്ട വീടുകളായി. ഇരുട്ട് മൂടിക്കൊണ്ടിരുന്ന നാട്ടിലും റോട്ടിലും വൈദ്യുതിയുടെ വരവോടെ വെളിച്ചവും പരന്നു. പ്രവാസികളുടെ അടങ്ങാത്ത അഭിനിവേശം മാപ്പിളപ്പാട്ടുകൾ നാടിന്റെ നാനാഭാഗത്തും നിന്നും ഉയർന്നുകോൾക്കാൻ തുടങ്ങി. അതുവരെ കെ ജി സത്താറിലും എസ് എം കോയയിലും റംലാ ബീഗം, ആഇശ ബീഗം തുടങ്ങിയവരിലും ഒതുങ്ങിനിന്നിരുന്ന മാപ്പിളപ്പാട്ട് രംഗത്തേക്ക് വി എം കുട്ടി, വിളയിൽ ഫസീല, എ വി മുഹമ്മദ്, എം പി ഉമ്മർ കുട്ടി, എരഞ്ഞോളി മൂസ, പീർ മുഹമ്മദ് തുടങ്ങിയ പാട്ടുകാർ വന്നുതുടങ്ങി. മാപ്പിളപ്പാട്ട് മേളകളുടെ ആരവം മലബാറിലും പ്രത്യേകിച്ച് കോഴിക്കോട് പട്ടണത്തിലും പരിസര പ്രദേശങ്ങളിലും അലയടിച്ചു. അക്കാലത്ത് മാപ്പിള ഗാനമേളകൾ വിവിധ ടീമുകളെ സംഘടിപ്പിച്ചു മത്സര പരിപാടിയായിട്ടായിരിക്കും മിക്ക സംഘാടകരും ഒരുക്കുന്നത്. കോഴിക്കോട് സാമൂതിരി കോളജ് അങ്കണത്തിൽ മാസത്തിൽ ഒന്നും രണ്ടും വട്ടം മത്സരങ്ങൾ അരങ്ങേറിയിരുന്നു. അതിലെല്ലാം പങ്കെടുക്കാനും വിവിധ ഗ്രൂപ്പുകൾക്ക് പാട്ടുകൾ എഴുതിക്കൊടുക്കാനും എനിക്കും ഭാഗ്യമുണ്ടായി. അങ്ങനെ മാപ്പിളപ്പാട്ട് അരങ്ങ് തകർക്കുന്ന 1977ൽ ആണ് കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത ് കോവൂരിലെ എം ഇ എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രഗത്ഭ ഗായക സംഘങ്ങളായ വി എം കുട്ടി അൻഡ് പാർട്ടിയുടെയും എം പി ഉമ്മർകുട്ടി ആൻഡ് പാർട്ടിയുടെയും മാപ്പിള ഗാനമേളാ മത്സരം കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ അരങ്ങേറുന്നത്. അക്കാലത്ത് നൂറും ഉരുന്നൂറും അഞ്ഞൂറും രൂപയാണ് ടിക്കറ്റിന്. ഏറ്റവും കുറഞ്ഞ നിരക്ക് ഇരുപത്തഞ്ച് രൂപ. ദിവസങ്ങളോളമുള്ള അധ്വാന ഫലമായി ഇരുപത്തഞ്ച് രൂപ ഒപ്പിച്ച് ഞാനും ഒരു ടിക്കറ്റ് കൈവശപ്പെടുത്തി ഗാനമേളക്ക് ടാഗോർ ഹാളിൽ ഇരിപ്പിടം ഉറപ്പിച്ചു.
സ്റ്റേജിന്റെ ഇരു ഭാഗത്തായി വി എം കുട്ടിയും ഉമ്മർ കുട്ടിയും അണിനിരന്ന ഓരോ ഗായക സംഘങ്ങൾക്ക് മൂന്ന് വീതം പാട്ടുകളാണ് പാടേണ്ടത്. പരിപാടി ഹരം പിടിച്ചുമുന്നേറുകയാണ്. ആര് ജയിക്കും ആര് സമ്മാനം നേടുമെന്ന ആകാംക്ഷയും ആവേശവും കാണികളുടെ മനസ്സിൽ ഉത്സാഹത്തിമിർപ്പ് കൂട്ടിക്കൊണ്ടിരുന്നു. ഈ പരിപാടിയുടെ ഇടവേളയിൽ ചെലവൂർ കെ സി ആബൂബക്കർ ആൻഡ് പാർട്ടിയുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ നോട്ടീസിലും അനൗൺസ്‌മെന്റിലും അറിയിച്ചിരുന്നു. പക്ഷേ, കാണികളായ ആരും തന്നെ ചെലവൂർ കെ സിയുടെ പരിപാടി കാര്യമായെടുത്തിട്ടില്ല. പേരും പ്രശസ്തിയുമുള്ള രണ്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അക്കൂട്ടത്തിൽ ഗാനമേളരംഗത്ത് പ്രശസ്തമല്ലാത്ത ചെലവൂർ കെ സി ആൻഡ് പാർട്ടി എന്ത് ചെയ്യാനാണെന്നുള്ള കണക്കുകൂട്ടലിലാണ് ഞാനടങ്ങിയ പ്രേക്ഷകർ. ഏഴ് മണിക്ക് തുടങ്ങിയ ഗാനമേള ഒമ്പത് മണിക്ക് ഇടവേളയിൽ സ്റ്റേജ് ചെലവൂർ കെ സി ആൻഡ് പാർട്ടിക്ക് വിട്ടുകൊടുക്കുകയാണ്.
ഒമ്പതര മണിയോടുകൂടി ഒരു മണിക്കൂർ സമയമാണ് കെ സി ആൻഡ് പാർട്ടിക്ക് സംഘാടകർ അനുവദിച്ചത്. ഒരു മണിക്കൂർ സഹിച്ചുകളയാമെന്ന് ഞാനടക്കമുള്ള പ്രേക്ഷകർ തീരുമാനിച്ചു. കർട്ടൺ ഉയർന്നു. നിറയെ ഓർകസ്ട്രയും ആർക്കും പരിചയമില്ലാത്ത കുട്ടികളടങ്ങുന്ന ഗായക സംഘം. ആദ്യ ഗാനം തന്നെ കെ സിയും ഒരു പെൺകുട്ടിയും കൂടി ആലപിച്ചു. വഴിതെറ്റി നടക്കുന്ന പെൺകുട്ടിയെയും പുരുഷനെയും കുറിച്ചുള്ള പാട്ടായിരുന്നു അത്.
പേറ് പത്ത് കഴിഞ്ഞിട്ടും
മക്കളെ മക്കള് പിറന്നിട്ടും
ഫേഷനായി നടത്തം എന്തിന്
എന്നാരംഭിക്കുന്ന ആ ഗാനം തുടങ്ങിയപ്പോൾ തന്നെ സദസ്സിൽ ആഹ്ലാദാരവവും കൈയടിയും ഉയർന്നു. പിന്നെ എം പി മൈമുന എന്ന ഗായിക പാടിയ “ആലി മൂപ്പന്റെവറാൻ കെട്ടിച്ചതിച്ചത് കേൾക്കി’ അതിനുപിറകെ ഒരു കൊച്ചു മിടുക്കൻ ആലപിച്ച ഉമ്മയെ കുറിച്ചുള്ള ഗാനം. അകാലത്തിൽ മരണപ്പെട്ട കെ കെ സി മൊയ്തീൻ പാടിയ “ഒരു കൊച്ചു ഹൃദയത്തിൽ ഒരു ലക്ഷം പ്രതീക്ഷകൾ…’ ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി ഇന്പമുള്ള ഗാനങ്ങളൊഴുകി. അതുവരെ കേൾക്കാത്ത പുത്തൻ പാട്ടുകളുടെ വേലിയേറ്റത്തിൽ ടാഗോർ ഹാൾ ഇളകിമറിഞ്ഞു. ഒരു മണിക്കൂർ അനുവദിച്ചിരുന്ന സമയം ഒന്നര മണിക്കൂറാക്കി ഉയർത്തിക്കൊടുക്കേണ്ടിവന്നു സംഘാടകർക്ക്. ചെലവൂർ കെ സിയുടെ വിരുതുറ്റ വിരലുകളിൽ നിന്ന് ഉതിർന്നുവീണ സ്വന്തം രചനകൾ മാത്രമാണ് ആ ഗാനമേളയിൽ ആലപിച്ചുകൊണ്ടിരുന്നത്. കേരളത്തിലെ വമ്പൻ ട്രൂപ്പുകളെ വെല്ലുന്ന ഈ പരിപാടിയോടു കൂടി ചെലവൂർ കെ സി ആൻഡ് പാർട്ടി മാപ്പിളപ്പാട്ട് രംഗത്ത് കൈയൊപ്പ് ചാർത്തുന്നതാണ് കലാലോകത്തിന് കാണാൻ കഴിഞ്ഞത്. ഗാനമേള കഴിഞ്ഞ ഉടൻ സ്‌റ്റേജിന്റെ പിറകിൽ ചെന്ന് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടു. ആ ബന്ധം മരിക്കുന്നതു വരെ കൊണ്ടുനടക്കാൻ കഴിഞ്ഞു.
പിന്നീടങ്ങോട്ട് 1990 വരെ ചെലവൂർ കെ സി ആൻഡ് പാർട്ടിയുടെ ഗാനമേളകൾ കേരളത്തിലും ബോംബെയിലും ലക്ഷദ്വീപിലും നിലയ്ക്കാതെ അരങ്ങേറിക്കൊണ്ടിരുന്നു. ഗ്രാമഫോൺ റെക്കോർഡും അതോടൊപ്പം തന്നെ കോഴിക്കോട് ആകാശവാണിയിൽ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രക്ഷേപണം ചെയ്യുന്ന ഭക്തിഗാനം കൂടി വന്നതോടുകൂടി ചെലവൂർ കെ സിയും സംഘവും പകരം വെക്കാനില്ലാത്ത ഒരു ഗായക ട്രൂപ്പായി വളർന്നു പന്തലിച്ചു. ഗ്രാമഫോണിൽ കെ സി പാടിയ
അഹദായ തമ്പുരാൻ ആദ്യം പടച്ചുള്ള
അമ്പിയാ രാജാ മുഹമ്മദ്
അതുപോലെ ആകാശവാണിയിൽ ആലപിച്ച “ആസിയബീ മറിയം കൂടി അണയും മണവാട്ടി ചൂടി…’ എന്ന സ്വർഗ കല്യാണത്തെ കുറിച്ചുള്ള പാട്ടും ഫാത്വിമ ബീവിയെക്കുറിച്ചുള്ള അമ്പിയാക്കളിൽ താജൊളിവായ നബിയുല്ലാന്റെ പൂങ്കരളായ, ഖിയാമത്ത് നാളിനെക്കുറിച്ചുള്ള ദുനിയാവൊന്നൊട്ടാകെ വിറവിറക്കും, വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദിന്റെ ചരിത്രമായ വെളിയങ്കോട്ടെ നൂറിലെ വീട്ടിലെ മാനാത്ത് , ഇബ്‌റാഹിം നബി(സ)യുടെ ചരിത്രമായ ഉപ്പാ അങ്ങെന്റെ മുഖം കണ്ടുള്ളിലുരുക്കം കൂട്ടണ്ട ഉടയോനവനേകിയ കൽപ്പനക്കൊട്ടും കോട്ടം തട്ടണ്ട, കരുതിമൊഴിഞ്ഞൊ ശഹാദത്ത് കഴിഞ്ഞാൽ പിന്നെ ഇബാദത്ത്…തുടങ്ങി ഒട്ടനവധി മാപ്പിളപ്പാട്ടുകൾ എണ്ണിപ്പറഞ്ഞാൽ തീരാത്തതാണ്. പിന്നീട് കാസറ്റ് യുഗത്തിലേക്ക് കടന്നതോടുകൂടി ഞാനും നടനായ മുഹമ്മദ് മായനാടും കൂടി പുറത്തിറക്കിയ “ഇത്താത്ത’ എന്ന കാസറ്റിലാണ് ആദ്യം ഞാൻ കെ സിയെക്കൊണ്ട് പാട്ട് എഴുതിച്ച് എറണാകുളം ചെന്ന് റെക്കോർഡ് ചെയ്യുന്നത്. 1987ൽ ഞങ്ങൾ പുറത്തിറക്കിയ “ഇത്താത്ത’യോടുകൂടി കെ സിയുടെ തമാശപ്പാട്ടുകളുടെ തരംഗമാണ് കാസറ്റ് ലോകത്ത് പിന്നീട് കാണാൻ സാധിച്ചത്.
ആണുങ്ങളാരും ഈദുനിയാവിലില്ലെങ്കിൽ
കുഞ്ഞുങ്ങൾക്കുപ്പാമാരാരെടീ…, കിളിയേ… എന്ന പാട്ടിന്റെ പാരഡിയായി രചിച്ച അളിയാ… എന്ന പാട്ട് അമ്മോശൻ കാക്കാ നിങ്ങളെ തിരുമോളേ പൊറുപ്പിച്ചൂട കെ എം കെ വെള്ളയിലാണ് ഈ ഗാനവും വെളിയങ്കോട്ടെന്നൂരിലെ എന്ന ഗാനവും ഗ്രാമഫോൺ റിക്കോർഡിൽ പാടിയത്. കെ എസ് മുഹമ്മദ് കുട്ടി ഗ്രാമഫോൺ റെക്കോർഡിൽ ആലപിച്ച സുന്ദരിയാം ബീവി സുലൈഖ മിസ്‌റ് ഭരിക്കും ഉപരാജന്റെ, അർവാഹിൽ ആദ്യത്തെ നൂറുൽ അമീനാം കതിയംതാത്താക്കിന്നലെവന്നൊരു മൂന്നാംമാരന്… തുടങ്ങിയ പാട്ടുകളും അദ്ദേഹവും സിബല്ലാ സദാനന്ദനും ഫിറോസ് ബാബുവും ചേർന്നു പാടിയ “ഹലോ ഞാനാണ് കുഞ്ഞിവി.. .’ തുടങ്ങിയ കാസറ്റുകളും കൂടി പുറത്തിറങ്ങിയതോടുകൂടി കെ സിക്ക് ഈ രംഗത്ത് തിരക്കോട് തിരക്കു തന്നെയായിരുന്നു. തുടർന്ന് ഇറങ്ങിയ ഹാസ്യ മാപ്പിളപ്പാട്ടുകൾ കെ സിയുടെ രചനയിൽ മേമ്പൊടി ചാർത്തിയതായിരുന്നു. ഇന്ന് യൂട്യൂബിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു.
ഹിന്ദി, ഉറുദു ഭാഷയിലും പ്രാവീണ്യം നേടിയ കെ സി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് അവർ പങ്കെടുത്ത സ്റ്റേജിൽ ഉറുദുവിൽ പാടി ഇന്ദിരാഗാന്ധിയുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. താൻ നിനച്ച നിലപാട് ആരുടെ മുന്നിലും തുറന്നുപറയുന്ന കെ സി ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ഗാനമേളയിൽ പോലും അദ്ദേഹത്തിന്റെ രചനകളല്ലാതെ മറ്റൊരു ഗാനം പോലും അദ്ദേഹം പാടിയിരുന്നില്ല.
മരണം സംഭവിച്ചിട്ടു പോലും മാപ്പിളപ്പാട്ട് ലോകം ആദ്ദേഹത്തോട് നീതി കാണിച്ചില്ല എന്നതാണ് എന്റെ അഭിപ്രായം. ഞാൻ, പക്കർ പന്നൂർ, സി വി എ കുട്ടി, ടി കെ എം കോയ, അശ്‌റഫ് കൊടുവള്ളി, മുഹമ്മദ് മായനാട് തുടങ്ങി മാപ്പിളപ്പാട്ട് രംഗത്തുനിന്ന് ചുരുക്കം ചിലർ മാത്രമേ അദ്ദേഹത്തിന്റെ മരണ വീട്ടിൽ സന്നിഹിതരായിരുന്നുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ നാട്ടുകാരും കെ സി മരിക്കുന്നതുവരെ ചങ്കിലെ ചോര പോലെ നെഞ്ചേറ്റിക്കൊണ്ടു നടന്ന സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകരും അദ്ദേഹത്തിന് ഉചിതമായ യാത്രാമൊഴിയാണ് നൽകിയത്. പണ്ഡിതവര്യരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് കെ സിയുടെ ജനാസ നിസ്‌കാരത്തിന് നേതൃത്വം വഹിച്ചത്. ഞാനും കെ സിയും അവസാനം സംഗമിച്ചത് മർകസുസ്സഖാഫത്തിസ്സുന്നിയയുടെ നാൽപ്പതാം സനദ്്ദാന പരിപാടിയിലാണ്. കേരളത്തിലെ ഒട്ടുമിക്ക മാപ്പിളപ്പാട്ട് രചയിതാക്കളെയും എരഞ്ഞോളി മൂസ തുടങ്ങിയ ഗായകരെയും ബഹുമാനപ്പെട്ട എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ ആ പരിപാടിയിൽ ആദരിച്ചിരുന്നു. വലിയ അവാർഡുകളൊന്നും കെ സിയെ തേടിവന്നിട്ടില്ലെങ്കിലും താൻ വിശ്വസിക്കുന്ന ആദർശ പ്രസ്ഥാനത്തിൽ നിന്നുകിട്ടിയ ഈ ആദരവിനെക്കുറിച്ച് അദ്ദേഹം അഭിമാന പുരസ്സരം പറയുമായിരുന്നു.
.