Business
യു എ ഇയിലെ പ്രാദേശിക കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലുവില്‍ 'അല്‍ ഇമറാത്ത് അവ്വല്‍'
യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി പ്രാദേശിക വികസനത്തിന് കൈത്താങ്ങാവുകയാണ് ലുലു.
അബൂദബി | യു എ ഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക കര്‍ഷകര്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും പിന്തുണയുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ‘അല്‍ ഇമറാത്ത് അവ്വല്‍’ ആരംഭിച്ചു. അബൂദബി ഫോര്‍സാന്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക്ക് ‘അല്‍ ഇമറാത്ത് അവ്വല്‍ ഉദ്ഘാടനം ചെയ്തു. യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി യു എ ഇയുടെ പ്രാദേശിക വികസനത്തിന് കൈത്താങ്ങാവുകയാണ് ലുലു.
അല്‍ ഇമറാത്ത് അവ്വല്‍ യു എ ഇയുടെ കാര്‍ഷിക മേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതാണെന്നും ലുലുവിന്റെ ചുവടുവെപ്പ് പ്രശംസനീയമാണെന്നും യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക്ക് പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാര്‍ഷിക മേഖലയുടെ വികസനത്തിനും കരുത്ത് പകരാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ‘അല്‍ ഇമറാത്ത് അവ്വല്‍’ എന്ന് ലുലു ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി. രാജ്യത്തെ കാര്‍ഷിക മേഖലയെയും പ്രാദേശിക വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംഭാവന നല്‍കുകയാണ് ലുലുവെന്നും എമിറാത്തി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ എമിറേറ്റ്സ് അവ്വല്‍ സംരംഭം പ്രാദേശിക ഭക്ഷ്യമേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലുലു സ്റ്റോറുകളില്‍ കൂടുതല്‍ പ്രചാരം നല്‍കാന്‍ സിലാലുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. ജി സി സിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ യു എ ഇ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം. കൂടാതെ, കര്‍ഷകര്‍ക്കുള്ള ആദരമായി യു എ ഇയിലെ ആറ് കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.