Connect with us

Articles

'അംബേദ്കര്‍ തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ് '

എന്തുകൊണ്ടാണ് അവര്‍ക്ക് അംബേദ്കറുടെ പേര് കേള്‍ക്കുന്നത് തന്നെ അസഹ്യമാകുന്നത്? അതിന്റെ ശരിയായ കാരണം ചരിത്രത്തില്‍ നോക്കിയാല്‍ കാണാം. 1925ലാണ് ആര്‍ എസ് എസ് എന്ന സംഘടന രൂപപ്പെട്ടത്. അഥവാ അതിന് രൂപം കൊടുത്തത്. ആ കാലഘട്ടത്തിന്റെ സൃഷ്ടിയാണത്.

Published

|

Last Updated

ഒരു മനുഷ്യന്‍ തന്റെ തനിസ്വഭാവം കാണിക്കുക അയാള്‍ക്ക് കോപം വരുമ്പോഴാണല്ലോ. സാധാരണ സംഭാഷണത്തില്‍ ഉപയോഗിക്കാന്‍ മടിക്കുന്ന അല്ലെങ്കില്‍ മറച്ചു പിടിക്കുന്ന സ്വഭാവങ്ങളാണ് ഇങ്ങനെ വെളിയില്‍ വരിക. പരമാവധി പറയാതെ പിടിച്ച് നില്‍ക്കാന്‍ ശേഷിയുള്ളവരാണ് രാഷ്ട്രീയ നേതാക്കള്‍. എങ്കിലും ചിലപ്പോള്‍ അവര്‍ക്കും പിടിവിട്ടുപോകും. അത്തരമൊരു അവസ്ഥയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സംഭവിച്ചത്. അനേക കാലങ്ങളായി അടക്കി വെച്ചിരുന്ന അംബേദ്കര്‍ വിരോധമെല്ലാം ഒറ്റയടിക്ക് പുറത്ത് വന്നിരിക്കുന്നു. അതും ഭരണഘടനയുടെ 75ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍. രണ്ട് മൂന്ന് ദിവസങ്ങളായി പാര്‍ലിമെന്റില്‍ പ്രത്യേക ചര്‍ച്ച ഇതില്‍ നടന്നു. പ്രതിപക്ഷത്തുള്ളവരെല്ലാം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഒരു പേര്. അത് ഡോ. ബി ആര്‍ അംബേദ്കറുടെ പേരാണ്. ഇത് കേട്ട് കേട്ട് സഹികെട്ടിരിക്കുകയാണ് സംഘ്പരിവാറിന്റെ അംഗങ്ങളെല്ലാം. പക്ഷേ, അമിത് ഷാക്ക് ആ അസഹ്യത അടക്കിവെക്കാനായില്ല. എന്തിനാണ് നിങ്ങള്‍ ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നദ്ദേഹം അതീവ രോഷത്തോടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ക്കെല്ലാം ആശ്വാസമായി. അവരുടെയൊക്കെ നാവിലുള്ള ഒരു ചോദ്യമാണിത്. (അവരില്‍ ചിലര്‍ക്കൊക്കെ ഇത് പിടിച്ചില്ലെന്നും പലരും വിപ്പ് കിട്ടിയിട്ടും സര്‍ക്കാറിനനുകൂലമായി സഭയില്‍ വന്ന് വോട്ട് ചെയ്തില്ലെന്നും കാണുന്നു).

എന്തുകൊണ്ടാണ് അവര്‍ക്ക് അംബേദ്കറുടെ പേര് കേള്‍ക്കുന്നത് തന്നെ അസഹ്യമാകുന്നത്? അതിന്റെ ശരിയായ കാരണം ചരിത്രത്തില്‍ നോക്കിയാല്‍ കാണാം. 1925ലാണ് ആര്‍ എസ് എസ് എന്ന സംഘടന രൂപപ്പെട്ടത്. അഥവാ അതിന് രൂപം കൊടുത്തത്. ആ കാലഘട്ടത്തിന്റെ സൃഷ്ടിയാണത്. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ്സ് നേതൃത്വത്തിലെത്തിയതാണ് ഈ നീക്കത്തിനു കാരണം എന്നതാണ് സത്യം. ഇന്ത്യക്കാരെ മതപരമായി വിഭജിച്ച് ഭരിക്കുക എന്നതായിരുന്നല്ലോ ബ്രിട്ടീഷ് തന്ത്രം. ബംഗാള്‍ വിഭജനവും (1905) മറ്റും അതിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇതിനെ എങ്ങനെ നേരിടണമെന്ന വ്യക്തമായ ധാരണയും ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യ മുഴുവന്‍ ചുറ്റിക്കണ്ട ശേഷം കോണ്‍ഗ്രസ്സ് നേതൃത്വത്തിലേക്ക് ഗാന്ധിജി എത്തിയപ്പോള്‍ ആ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താന്‍ തുടങ്ങി. പ്രധാന മതന്യൂനപക്ഷമായ ഇസ്ലാം മത വിശ്വാസികളുടെ പിന്തുണയില്ലാതെ സ്വാതന്ത്ര്യം അസാധ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിജി തന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ഖിലാഫത്ത് പോരാട്ടത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതടക്കം പലതും ഇതിന്റെ ഭാഗമാണ്. ഇതോടെ ബ്രിട്ടീഷ് തന്ത്രം പൊളിയുമെന്ന അവസ്ഥയായി.

ബ്രിട്ടീഷ് ഭരണത്തിന്റെ തണലിലാണ് ഇന്ത്യയിലെ ബ്രാഹ്മണാധിഷ്ഠിത സാമൂഹിക വ്യവസ്ഥ അന്ന് നിലനിന്നു പോന്നത്. അതുകൊണ്ട് തന്നെ ആ ഭരണം ഇവിടെ തുടരണം എന്നാഗ്രഹിച്ചിരുന്ന വിഭാഗമാണ് ഈ ഭിന്നത സൃഷ്ടിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയത്. അവര്‍ ഉണ്ടാക്കിയതാണ് ആര്‍ എസ് എസ്. പ്രത്യക്ഷമായും പരോക്ഷമായും ആ ലക്ഷ്യത്തിനു വേണ്ടി, ബ്രിട്ടീഷ് ഭരണം നിലനിര്‍ത്തുന്നതിനായി അവര്‍ നിരന്തരം പരിശ്രമിച്ചു. വഴി തെറ്റിപ്പോയ സവര്‍ക്കറെ പോലെയുള്ളവരെ മാപ്പ് എഴുതിക്കൊടുത്ത് ഇനിയൊരിക്കലും ബ്രിട്ടീഷുകാര്‍ക്കെതിരായി ഒരക്ഷരം പറയില്ലെന്ന ഉറപ്പിന്മേല്‍ തിരിച്ചു കൊണ്ടുവന്നതെല്ലാം ചരിത്രം.

സ്വാതന്ത്ര്യം കിട്ടുന്ന അവസ്ഥ വന്നപ്പോള്‍ അത് ശരിയായ സ്വാതന്ത്ര്യമല്ലെന്നവര്‍ വാദിച്ചു. ഇന്ത്യക്ക് ദേശീയ പതാക രൂപകല്‍പ്പന ചെയ്തപ്പോള്‍ ത്രിവര്‍ണം ആവശ്യമില്ലെന്നും കാവി മാത്രം മതിയെന്നും ശഠിച്ചു. ദേശീയ ഗാനത്തിന് ജനഗണ മനയല്ല വന്ദേമാതരം വേണമെന്ന് നിര്‍ദേശിച്ചു. ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടാക്കാനുള്ള ശ്രമത്തെയും അവര്‍ എതിര്‍ത്തു. ജാത്യാധിഷ്ഠിത സമൂഹമായി ഇന്ത്യ തുടരണം എന്നവര്‍ ആഗ്രഹിച്ചു. നൂറ്റാണ്ടുകളായി സമൂഹത്തില്‍ സ്ഥാനമില്ലാതിരുന്ന വിഭാഗങ്ങള്‍ക്ക് ക്ഷേമവും സമ്പത്തും അധികാരത്തില്‍ പങ്കും വേണമെന്ന ഡോ. അംബേദ്കറുടെ നിലപാടിനോട് അവര്‍ക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും സമസ്ത ജനതക്കും വേണമെന്ന തത്ത്വത്തോടും അവര്‍ യോജിച്ചില്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടാക്കിയ മനുസ്മൃതി തന്നെ ഭരണഘടനയാക്കണമെന്നതായിരുന്നു അവരുടെ നിലപാട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പ്രകൃതി – ഈശ്വര കല്‍പ്പിതമാണെന്നും അവര്‍ വാദിച്ചു.

പക്ഷേ, അന്ന് അവരുടെ നിലപാടുകള്‍ക്ക് പിന്നില്‍ ജനങ്ങള്‍ ഉണ്ടായില്ല. കാരണം ഈ ഭരണഘടനയും പതാകയും ദേശീയ ഗാനവും രൂപപ്പെട്ടത് രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യന്‍ ജനത നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ജനങ്ങള്‍ സമരം ചെയ്തത് തങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നേടുന്നതിനു വേണ്ടിയാണ്, മതേതര ഇന്ത്യ ഉറപ്പാക്കുന്നതിനു വേണ്ടിയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ത്യജിച്ചവരില്‍ മഹാ ഭൂരിപക്ഷവും മതന്യൂനപക്ഷമായ ഇസ്ലാം മത വിശ്വാസികളാണ് എന്നത് ചരിത്ര സത്യം മാത്രം. നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ട ജനതക്ക് നീതി ലഭ്യമാക്കാനാണ് അവര്‍ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. ഒരു അവര്‍ണനെ, തീണ്ടിക്കൂടാത്ത ആളെ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനാക്കുന്നത് നാഗ്പൂര്‍ ബ്രാഹ്മണര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. സവര്‍ക്കര്‍ തുറന്നു തന്നെ പറഞ്ഞു, ‘അംബേദ്കര്‍ തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ്’ എന്ന്. അത് അവരെ സംബന്ധിച്ചിടത്തോളം സത്യമായിരുന്നു.

ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെട്ടത് പാശ്ചാത്യ രാജ്യങ്ങളിലാണ്. അതുകൊണ്ട് തന്നെ ആ നാട്ടില്‍ പഠിച്ച അംബേദ്കറും ഗാന്ധിയും നെഹ്റുവും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം വിദേശിയാണ്. അവര്‍ സ്വദേശിയുടെ ആള്‍ക്കാരാണല്ലോ. എന്താണ് സ്വദേശി ഭരണക്രമം? സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബ്രാഹ്മണാധിപത്യ വ്യവസ്ഥ തന്നെ. വാര്‍ണാശ്രമ ധര്‍മം എന്നൊക്കെ നല്ല സംസ്‌കൃത ഭാഷയില്‍ പറയാം. ഫലത്തില്‍ സവര്‍ണ മേധാവിത്വമാണത്. മനുഷ്യര്‍ ഓരോ ജാതികളില്‍ ജനിക്കുന്നത് അവരുടെ കര്‍മ ഫലമാണ്. അതുകൊണ്ട് മരണം വരെ അതിന്റെ ഫലങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. കുലത്തൊഴില്‍ എന്നത് അതിന്റെ ഉറപ്പാക്കലാണ്. തോട്ടി വംശത്തില്‍ ജനിച്ചാല്‍ അവരുടെ എല്ലാ തലമുറകളും ആ തൊഴില്‍ ചെയ്യണം. അംബേദ്കറിനെ പോലുള്ളവര്‍ സമൂഹത്തിലെ എല്ലാ ചൂഷണങ്ങളും പീഡനങ്ങളും നേരിട്ടുകൊണ്ട് സാമൂഹിക ഘടനയില്‍ ഉന്നത സ്ഥാനത്തെത്തുന്നത് പൊതുവിദ്യാഭ്യാസം വഴിയാണ്. അങ്ങനെ ഒന്ന് ഇവിടെ ആവശ്യമില്ല. ഒരേ ക്ലാസ്സില്‍ പല ജാതിക്കാര്‍ ഇരിക്കുമ്പോള്‍ അത് വര്‍ണാശ്രമ ധര്‍മങ്ങളുടെ, അതിന്റെ അടിസ്ഥാന പുസ്തകമായ മനുസ്മൃതിയുടെ ലംഘനമാണ്. ഓരോ ജാതിക്കാരും തമ്മില്‍ പാലിക്കേണ്ട ദൂരമൊക്കെ നമ്മള്‍ നിശ്ചയിച്ചിട്ടുണ്ടല്ലോ. ആ ദൈവിക വ്യവസ്ഥ മറികടക്കുന്നത് ഇവര്‍ക്ക് പാപമാണ്. ചരിത്രപരമായി എല്ലാ സമ്പത്തുകളും അധികാരങ്ങളും നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് അവരുടെ ആനുപാതിക പങ്ക് തിരിച്ചു നല്‍കാനാണ് ജാതി സംവരണം. അതിനെ അട്ടിമറിക്കാന്‍ സാമ്പത്തിക സവര്‍ണ സംവരണം എന്നത് കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യമെന്നതൊരു രഹസ്യമല്ല. അതിന്റെ പ്രധാന കാരണക്കാരനായ ഡോ.

അംബേദ്കറെ അവര്‍ക്കെങ്ങനെ സഹിക്കാനാകും?
തങ്ങള്‍ക്ക് അധികാരത്തില്‍ പങ്ക് കിട്ടുമ്പോഴൊക്കെ ഭരണഘടനയുടെ അന്തസ്സത്ത തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ച അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മതേതരത്വം എന്ന സങ്കല്‍പ്പം അവര്‍ക്ക് സ്വീകാര്യമല്ല. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ഇസ്ലാം, ക്രിസ്ത്യന്‍ മത വിശ്വാസികളെയും കമ്മ്യൂണിസ്റ്റുകാരെയും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് ഇവരെ നയിക്കുന്നത്. പൗരാവകാശങ്ങള്‍ റദ്ദാക്കുന്ന കരിനിയമങ്ങള്‍, യു എ പി എ പോലുള്ളവ കര്‍ശനമാക്കുന്നു. എന്‍ ഐ എ പോലുള്ള സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 400ലധികം സീറ്റുകള്‍ ലോക്സഭയില്‍ കിട്ടുമെന്നും കിട്ടിയാല്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ എടുത്തുകളയുമെന്നും മനുസ്മൃതിയിലെ നിയമങ്ങള്‍ അതില്‍ ചേര്‍ക്കുമെന്നും പരസ്യമായി തന്നെ ഇവര്‍ പ്രഖ്യാപിച്ചതാണ്. പക്ഷേ, ഇന്ത്യന്‍ ജനത അതിനു സമ്മതിച്ചില്ല. ഒറ്റക്ക് ഭൂരിപക്ഷം പോലും കിട്ടിയില്ല.

ഭരണഘടനയില്‍ മാറ്റം വരുത്താന്‍ പാടില്ലാത്തവയായി സുപ്രീം കോടതി കേശവാനന്ദഭാരതി കേസില്‍ പറഞ്ഞ കാര്യങ്ങളാണ്, ജനാധിപത്യം, മതേതരത്വം, ഫെഡറല്‍ ഘടന, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ മുതലായവ. ഇതെല്ലാം ഇന്ന് പലരീതികളില്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയെ പ്രവര്‍ത്തനക്ഷമമാക്കുന്ന സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിലയില്ലാതാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്വതന്ത്ര നീതിന്യായ സംവിധാനം എന്നത് എത്രമാത്രം തകര്‍ക്കപ്പെടുന്നു എന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണം? സുപ്രീം കോടതി മുതല്‍ താഴേക്കുള്ള എല്ലാ കോടതികളും ഇന്ന് സ്വതന്ത്രമാണെന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനിടയില്‍ മൂന്ന് വട്ടം സി ബി ഐ ഡയറക്ടറെ മാറ്റിയത് നാം കണ്ടു.

ഇന്ത്യയിലെ നാണയ വ്യവസ്ഥ ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് റിസര്‍വ് ബേങ്ക്. നോട്ട് പിന്‍വലിക്കാന്‍ അവര്‍ക്കാണധികാരം. പക്ഷേ, അതൊന്നും പരിഗണിക്കാതെ ഒരു പ്രധാനമന്ത്രി സ്വയം നോട്ട് പിന്‍വലിച്ചത് ഏത് നിയമമനുസരിച്ച് എന്നാര്‍ക്കും ചോദിക്കാന്‍ കഴിഞ്ഞില്ല. ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പ്പമാണ് ആസൂത്രണ ബോര്‍ഡ് വിഭാവനം ചെയ്യാന്‍ കാരണം. പക്ഷേ, ആ സ്ഥാപനം തന്നെ ഇല്ലാതാക്കി.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ഭരണഘടന വിഭാവനം ചെയ്ത രൂപത്തിലാക്കാനാണ് യു ജി സി (യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍) സ്ഥാപിച്ചത്. ഇന്ന് ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര പ്രചാരണത്തിനാണ്. കശ്മീരിന്റെ പ്രത്യേക പദവി എന്നത് ഭരണഘടനയുടെ അടിത്തറയായിരുന്നു. ഒരു ചര്‍ച്ച പോലും നടത്താതെ അതില്ലാതാക്കി. ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് നീതിപൂര്‍വകമായി നടത്തുന്ന സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അവര്‍ നടത്തുന്ന പ്രക്രിയയില്‍ ഇന്ന് വോട്ടര്‍മാര്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണ്. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഭരണഘടനയെ അപ്രസക്തമാക്കുന്നു. ഏറ്റവുമൊടുവില്‍ ഫെഡറല്‍ ഘടന തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് മാറ്റാനുള്ള നടപടികള്‍ അതിദ്രുതം മുന്നോട്ടു പോകുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഈ ഭരണഘടന ഇന്നവര്‍ക്കൊരു തടസ്സമാണ്, സവര്‍ക്കറുടെ ഭാഷയില്‍ പറഞ്ഞാല്‍ തൊണ്ടയിലെ മുള്ള്. ഭരണഘടന ചര്‍ച്ച ചെയ്യുമ്പോള്‍ അംബേദ്കറെയല്ലാതെ സവര്‍ക്കറെ ഓര്‍ക്കാന്‍ കഴിയുമോ?

 

Latest