National
'എന്തിന്റെ അടിസ്ഥാനത്തില്‍ അമൃത്‌സര്‍?'; അനധികൃത കുടിയേറ്റക്കാരുമായി യു എസ് വിമാനം എത്തുന്നതില്‍ കേന്ദ്രത്തിനെതിരെ പഞ്ചാബ്
പഞ്ചാബിനെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍.
![](https://assets.sirajlive.com/2025/02/fl-2-897x538.jpg)
അമൃത്‌സര്‍ | അനധികൃത കുടിയേറ്റക്കാരുമായി യു എസ് വിമാനം അമൃത്‌സറില്‍ ഇറക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്‌സര്‍ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചു. പഞ്ചാബിനെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആരോപിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷവും അനധികൃത കുടിയേറ്റക്കാരെന്ന പേരില്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്ന നിലപാട് തുടരുമെന്ന സൂചനയാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെ കൂടി ഉടന്‍ തിരിച്ചയക്കുമെന്നാണ് വിവരം. ഇവരെ രണ്ട് വിമാനങ്ങളിലായി അമൃത്‌സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കുമെന്നാണ് റിപോര്‍ട്ട്.
ഫെബ്രുവരി 15ന് ഇതില്‍ ഒരു വിമാനം എത്തുക. 16 ന് മറ്റൊരു വിമാനവും എത്തും. പഞ്ചാബ്-67, ഹരിയാന-33, ഗുജറാത്ത്-എട്ട്, യു പി-മൂന്ന്, രാജസ്ഥാന്‍-രണ്ട്, മഹാരാഷ്ട്ര-രണ്ട്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്-ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് തിരിച്ചയക്കുന്നവരുടെ കണക്ക്.
ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം യു എസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംഘമാണ് ഇത്. ഫെബ്രുവരി അഞ്ചിന് അമൃത്‌സറില്‍ എത്തിയ ആദ്യ സംഘത്തില്‍ 104 ഇന്ത്യക്കാരുണ്ടായിരുന്നു.