Kerala
സംസ്ഥാനത്ത് ഇന്ന് മുതല്‍ 'വലിച്ചെറിയല്‍ വിരുദ്ധ വാരം'
'ഓരോ പ്രദേശത്തും ഒറ്റത്തവണ ശുചീകരണ പ്രവര്‍ത്തനമല്ല ഉദ്ദേശിക്കുന്നത്, സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിക്കുന്ന ‘വലിച്ചെറിയല്‍ വിരുദ്ധ വാരം’ വിജയിപ്പിക്കാന്‍ ഏവരുടെയും സഹകരണം തേടി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശാസ്ത്രീയ മാലിന്യ സംസ്കരണം വലിയ തോതില്‍ പുരോഗമിക്കുമ്പോഴും വലിച്ചെറിയല്‍ ശീലം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബോധവത്കരണ പരിപാടികളുടെ തുടക്കമായിട്ടാണ് വലിച്ചെറിയല്‍ വിരുദ്ധ വാരം ആചരിക്കുന്നത്. ഒരാഴ്ച കൊണ്ട് പ്രചാരണം അവസാനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നതെന്നും തുടര്‍ച്ചയായ പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
‘ഓരോ പ്രദേശത്തും ഒറ്റത്തവണ ശുചീകരണ പ്രവര്‍ത്തനമല്ല ഉദ്ദേശിക്കുന്നത്, സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നത്. കാമറാ നിരീക്ഷണം ശക്തമാക്കും. മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ വ്യാപകമായി സ്ഥാപിക്കും. ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്കരിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തും.
മാര്‍ച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ കാമ്പയിന് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളെയും സംഘടനകളെയും സജീവമായി പങ്കാളികളാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. എല്ലാ ജംഗ്ഷനുകളിലും ജനുവരി 20നുള്ളില്‍ ജനകീയ സമിതികള്‍ രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു.