Connect with us

Kerala

'അസ്സലാം യാ സയ്യിദീ...'; ഹൈദരലി തങ്ങള്‍ക്ക് നിറകണ്ണുകളോടെ വിട

അവസാനമായി നടന്ന രണ്ട് ജനാസ നിസ്‌കാരങ്ങൾക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ഹെെദരലി തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. തുടര്‍ന്ന് തഹ് ലീലിൻെറ മന്ത്രധ്വനികൾക്കിടയിൽ കൃത്യം 2.27ന് പാണക്കാട്ടെ ആറ്റപ്പൂവിനെ ഖബർ ഏറ്റുവാങ്ങി.  പാതിരാവിലും ഖബറടക്കത്തിന് സാക്ഷിയാകൻ പാണക്കാട്ടെ പള്ളിമുറ്റത്ത് നൂറുക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു.

Published

|

Last Updated

മലപ്പുറം | പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്ത് പുഞ്ചിരി തൂകുന്ന മുഖവുമായി ഹൈദരലി തങ്ങള്‍ ഇനി ഇല്ല. പതിനായിരങ്ങളുടെ അന്തിമോപചാരവും കണ്ഠമിടറിയിള്ള പ്രാര്‍ഥനാ വചസ്സുകളും ഏറ്റുവാങ്ങി തങ്ങള്‍ ആറടി മണ്ണില്‍ അന്ത്യനിദ്രയായി. ഞായറാഴ്ച ഉച്ചയോടെ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാണക്കാട് ജുമുഅ മസ്ജിദിലെ കുടുംബ ഖബറിസ്ഥാനില്‍ ഖബറടക്കി. പിതാവ് പൂക്കോയ തങ്ങളുടെയും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബറുകള്‍ക്ക് അരികെയാണ് തങ്ങളുടെയും അന്ത്യനിദ്ര. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. ഇതാദ്യമായാരിക്കും പുലർച്ചെ ഇത്രയും വെെകി ഒരാൾക്ക് കേരളം ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നൽകുന്നത്.

നേരത്തെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ ഖബറടക്കം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ഖബറടക്കം നേരെത്തെയാക്കുന്നതായി അറിയിപ്പ് വന്നത്. അസുഖ ബാധിതനായി ഏറെക്കാലം ചികിത്സയില്‍ കഴിഞ്ഞതിനാല്‍ മയ്യിത്ത് ഏറെ നേരം പൊതുദര്‍ശനത്തിന് വെക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമായതും ഖബറടക്കം നേരത്തെയാക്കാന്‍ കാരണമായതായി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

തങ്ങളുടെ മയ്യിത്ത് മലപ്പുറം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പതിനായിരങ്ങളാണ് ഒരു നോക്ക് കാണാന്‍ അവിടേക്ക് ഒഴുകിയെത്തിയത്. അസ്സലാം യാ സയ്യിദീ… എന്ന് ഉരുവിട്ട് പ്രാര്‍ഥനാ മന്ത്രങ്ങളുമായാണ് അവര്‍ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനെത്തിയത്. പലപ്പോഴും പ്രവര്‍ത്തകരെ നിയന്ത്രിക്കാനാകാതെ വളണ്ടിയര്‍മാര്‍ ഏറെ ബുദ്ധിമുട്ടി. രാത്രി 12 മണി വരെ പൊതുദര്‍ശനം തുടര്‍ന്നുവെങ്കിലും ആളുകളുടെ തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ 12 മണിയോടെ മയ്യിത്ത് പാണക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ അവസാനമായി നടന്ന രണ്ട് ജനാസ നിസ്‌കാരങ്ങൾക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ഹെെദരലി തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. തുടര്‍ന്ന് തഹ് ലീലിൻെറ മന്ത്രധ്വനികൾക്കിടയിൽ കൃത്യം 2.25ന് പാണക്കാട്ടെ ആറ്റപ്പൂവിനെ ആറടി മണ്ണ് ഏറ്റുവാങ്ങി.  പാതിരാവിലും ഖബറടക്കത്തിന് സാക്ഷിയാകൻ പാണക്കാട്ടെ പള്ളിമുറ്റത്ത് നൂറുക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കള്‍ തിങ്കളാഴ്ച ശിഹാബ് തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതുവരെ കാത്തിരിക്കാനാകാത്ത സ്ഥിതി വന്നതോടെ അദ്ദേഹത്തെ വിളിച്ച് വിവരം അറിയിച്ച ശേഷമാണ് ഖബറടക്കം നേരത്തെയാക്കിയത്.

ഹെെദരലി ശിഹാബ് തങ്ങളുടെ ജനാസ മലപ്പുറം ടൗൺ ഹാളിലേക്ക് എത്തിക്കുന്നു. | ചിത്രം: പി കെ നാസർ

മലപ്പുറം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരന്നു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ അങ്കമാലിയില്‍ നിന്നും പാണക്കാട്ടെ വസതിയിലെത്തിച്ച മയ്യിത്ത് ആറേമുക്കാലോടെയാണ് മലപ്പുറം കുന്നുമ്മലിലെ ടൗണ്‍ഹാളില്‍ എത്തിച്ചത്. സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങള്‍, സഹോദരപുത്രന്‍ മുനവ്വറലി തങ്ങള്‍ തുടങ്ങിയവര്‍ അനുഗമിച്ചിരുന്നു. മയ്യിത്ത് ആംബുലന്‍സില്‍ നിന്നിറക്കിയപ്പോള്‍ പ്രാര്‍ഥനകളുയര്‍ന്നു. ആദ്യ മയ്യിത്ത് നമസ്‌കാരത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. 20 മിനിറ്റ് ഇടവേളയില്‍ പല തവണകളായി നിസ്‌കാരം നിര്‍വഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി. രാജേഷ്, മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍, മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എം.പിമാരായ ടി.എന്‍. പ്രതാപന്‍, എം.പി. രാഘവന്‍, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എന്‍. ഷംസുദ്ദീന്‍, കെ.ടി. ജലീല്‍, മുഹമ്മദ് മുഹ്‌സിന്‍, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സി.പി.ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, ആര്യാടന്‍ ഷൗക്കത്ത്, ഡി.സി.സി മുന്‍ പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു നേതാവ് കെ.എം. അഭിജിത്, ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബ് റഹ്‌മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, ജില്ല പ്രസിഡന്റ് സലീം മമ്പാട്, ജില്ല സെക്രട്ടറി എന്‍.കെ. സദ്‌റുദ്ദീന്‍, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ജില്ല പ്രസിഡന്റ് രവി തേലത്ത്, മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ടൗണ്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.