Connect with us

Ongoing News

'ശുഭ്' ആരംഭം; ബംഗ്ലാദേശിനെ ആറുവിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ

ഓപണര്‍ ശുഭ്മന്‍ ഗില്ലിന്റെ ശതകത്തിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. മുഹമ്മദ് ഷമിക്ക് അഞ്ചു വിക്കറ്റ്.

Published

|

Last Updated

ദുബൈ | ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ നേടിയത്. ഓപണര്‍ ശുഭ്മന്‍ ഗില്ലിന്റെ ശതകത്തിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു. 21 പന്തുകള്‍ ശേഷിക്കെ ഇന്ത്യ 231 റണ്‍സ് നേടി വിജയതീരമണഞ്ഞു.

129 പന്തില്‍ 101 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗില്ലിനെ പുറത്താക്കുന്നതില്‍ ബംഗ്ലാദേശ് അടവുകളെല്ലാം പുറത്തെടുത്തെങ്കിലും സാധിച്ചില്ല. നായകന്‍ രോഹിത് ശര്‍മ 36 പന്തില്‍ 41 റണ്‍സ് സ്‌കോര്‍ ചെയ്തു. രോഹിതിനെ തസ്‌കിന്‍ അഹ്മദ്, റിഷാദ് ഹുസൈന്റെ കൈകളിലെത്തിച്ചു. വിരാട് കോലി 38 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. റിഷാദ് ഹുസൈന്റെ പന്തില്‍ സൗമ്യ സര്‍ക്കാറിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി. ശ്രേയസ് അയ്യരെ (17ല്‍ 15) മുസ്തഫീസര്‍ റഹ്മാന്റെ പന്തില്‍ ന്‌സമുല്‍ ഹുസൈന്‍ ഷാന്റോ പിടികൂടി. അക്‌സര്‍ പട്ടേല്‍ (12ല്‍ എട്ട്) റിഷാദ് ഹുസൈന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ 47ല്‍ 41 നേടി പുറത്താകാതെ നിന്നു.

നേരത്തെ, തൗഹീദ് ഹൃദോയിയുടെ സെഞ്ച്വറിയാണ് (118ല്‍ 100) ബംഗ്ലാദേശിനെ 228ല്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. തന്‍സീദ് ഹസന്‍ 25 പന്തില്‍ 25 സ്‌കോര്‍ ചെയ്തപ്പോള്‍ ജേക്കര്‍ അലി 114ല്‍ 68 റണ്‍സെടുത്തു. ബംഗ്ലാ ബാറ്റര്‍മാരില്‍ നാലുപേരാണ് അക്കൗണ്ട് തുറക്കാനാകാതെ മടങ്ങിയത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി അഞ്ചു വിക്കറ്റുമായി തിളങ്ങി. ഹര്‍ഷിത് റാണക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

 

 

Latest