Connect with us

Kerala

'തിരികെ സ്‌കൂളിലേക്ക്'; മാര്‍ഗരേഖ പുറത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാര്‍ഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും വിദ്യാര്‍ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതി. ആദ്യ ഘട്ടത്തില്‍ ക്ലാസ് ഉച്ച വരെ മാത്രമായിരിക്കും. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസുണ്ടാവും. ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും. ഭിന്നശേഷി ഉള്ളവര്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളില്‍ വരേണ്ടതില്ല. പ്രവേശനോത്സവം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ടൈംടേബിള്‍ പുതിയ ക്രമപ്രകാരം തയാറാക്കും. സ്‌കൂള്‍ അസംബ്ലി ഒഴിവാക്കും. സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം ഉണ്ടാകും. രോഗലക്ഷണ രജിസ്റ്റര്‍ സൂക്ഷിക്കും. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ അധിക ബസ് സര്‍വീസ് നടത്തും. കെ എസ് ആര്‍ ടി സി വിദ്യാര്‍ഥികള്‍ക്കായി ബോണ്ട് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. ഓട്ടോയില്‍ പരമാവധി മൂന്ന് കുട്ടികള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തും വരെ സുരക്ഷ ഉറപ്പാക്കും. സ്‌കൂളിനടുത്തുള്ള കടകളിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും. രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഓരോ ക്ലാസിനെയും ബയോ ബബിള്‍ ആയി കണക്കാക്കും
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി. പരസ്പര സമ്പര്‍ക്കം ഒഴിവാക്കാനായി ഓരോ ക്ലാസിനെയും ബയോ ബബിള്‍ ആയി കണക്കാക്കും. ഒരു ബയോ ബബിളിലുള്ള കുട്ടികള്‍ മറ്റൊരു ബയോ ബബിളില്‍ പ്രവേശിക്കാന്‍ പാടില്ല. കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും. വിപുലമായ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നിര്‍ബന്ധം. ഡബ്ല്യൂ ഐ പി ആര്‍ ഉള്ള പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.