Connect with us

From the print

'വിശ്വാസ പൂര്‍വം'; കാന്തപുരം ഉസ്താദിന്റെ ആത്മകഥ പുറത്തിറങ്ങുന്നു 350 പേജുള്ള പുസ്തകം ജനുവരിയില്‍ ഇറങ്ങും

കേരളത്തിലെ മുസ്ലിം രാഷ്ട്രീയ സാമുദായിക ചരിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്ന അനുഭവങ്ങളും രേഖകളും ഉള്‍ച്ചേര്‍ന്ന ആത്മകഥ പുറംലോകമറിയാത്ത ഒട്ടേറെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് വാതിലുകള്‍ തുറന്നിടുന്നു.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയ സാമുദായിക ചരിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്ന അനുഭവങ്ങളും രേഖകളും ഉള്‍ച്ചേര്‍ന്ന ആത്മകഥ പുറംലോകമറിയാത്ത ഒട്ടേറെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് വാതിലുകള്‍ തുറന്നിടുന്നു. ലോക്ക്ഡൗണ്‍ സമയവും ആശുപത്രി വാസത്തിനു ശേഷമുള്ള വിശ്രമ സമയവും ഉപയോഗപ്പെടുത്തിയാണ് രചന പൂര്‍ത്തിയാക്കിയത്.

സ്വാതന്ത്ര്യ പൂര്‍വ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തില്‍ രൂപപ്പെട്ട കുട്ടിക്കാലത്തില്‍ തുടങ്ങി വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളിലെ നിര്‍ണായക അനുഭവങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ ആത്മകഥയില്‍ കാന്തപുരം ഓര്‍ത്തെടുക്കുന്നു.

സമസ്ത പ്രസിഡന്റ് ആയിരുന്ന സ്വദഖത്തുല്ല മുസ്ലിയാരുടെ രാഷ്ട്രീയ നിലപാടുകള്‍ സമസ്തയിലും ലീഗിലും സി പി എമ്മിലും ഉണ്ടാക്കിയ പ്രതിധ്വനികള്‍, സ്വദഖത്തുല്ല മുസ്ലിയാര്‍ സമസ്തയില്‍ നിന്നും രാജിവെച്ചത്, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജി വെച്ച സംഭവം തുടങ്ങി പുറം ലോകമറിയാത്ത ഒട്ടേറെ സംഭവ വികാസങ്ങളിലൂടെയും രേഖകളിലൂടെയും പുസ്തകം കടന്നു പോകുന്നു. ഇ കെ അബൂബക്കര്‍ മുസ്ലിയാരുമായുള്ള വ്യക്തി ബന്ധത്തിന്റെ ഓര്‍മകള്‍ പുസ്തകത്തിന്റെ ഭാഗമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജില്‍ നിന്ന് ഇ കെ അബൂബക്കര്‍ മുസ്ലിയാരെ പുറത്താക്കിയത്, പ്രാസ്ഥാനിക പൊതുജീവിതത്തിലേക്ക് കടന്നുവന്നതിന്റെ ചരിത്രം, 1950, 60 കളിലെ മലബാറിലെ മുസ്ലിം സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം കുട്ടിക്കാലത്തെയും വിദ്യാര്‍ഥി ജീവിതത്തെയും രൂപപ്പെടുത്തിയത്, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ നടന്ന രാഷ്ട്രീയ ഗൂഢാലോചനകളെ യോജിച്ച് പ്രതിരോധിച്ച കാലത്തെ കുറിച്ചുള്ള അനുഭവങ്ങള്‍, ഇ കെ ഹസന്‍ മുസ്ലിയാര്‍, അവേലത്ത് സയ്യിദ് അബ്ദുല്‍ ഖാദര്‍ തങ്ങള്‍ എന്നിവരുമായുള്ള ആത്മബന്ധം, മര്‍കസിന്റെ സ്ഥാപനം, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളുമായുള്ള ബന്ധം, വിവിധ പ്രധാനമന്ത്രിമാര്‍, വിവിധ രാഷ്ട്ര നേതാക്കള്‍ എന്നിവ ആത്മകഥയിലെ പ്രതിപാദ്യമാണ്. അവിഭക്ത സമസ്തയുടെ മുശാവറ അംഗമായ, ജീവിച്ചിരിക്കുന്ന ഏക വ്യക്തി എന്ന നിലയില്‍ സമസ്തയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി അനുഭവങ്ങളുമുണ്ട്. സമസ്തയുടെ 100ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 30 ന് കാസര്‍കോട് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.

ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമാണ് മറ്റൊരു പ്രധാന ഭാഗം. സയ്യിദ് അബ്ദുര്‍റഹിമാന്‍ ബാഫഖി തങ്ങളുമായുള്ള ബന്ധം, പി എം എസ് എ പൂക്കോയ തങ്ങളോടൊപ്പം എസ് വൈ എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത്, മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ബന്ധം, വിദ്യാര്‍ഥി ജീവിതം, പള്ളി ദര്‍സുകളിലെ അധ്യാപന കാലം, സി എച്ച് മുഹമ്മദ് കോയയുമായുള്ള പരിചയം, സമസ്തയുടെ രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെട്ടതിന്റെ പരിണാമങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന അനുഭവങ്ങളും രേഖകളും ആത്മകഥയുടെ ഭാഗമാണ്.

കോഴിക്കോട് നഗരത്തിന്റെ രൂപ പരിണാമങ്ങള്‍, തന്റെ പിതാവ് മൗത്തരിയില്‍ അഹ്്മദ് ഹാജിയുടെയും കുഞ്ഞമ്മുട്ടി മുസ്ലിയാരുടെയും നേതൃത്വത്തില്‍ 1927ല്‍ മക്കയില്‍ സ്ഥാപിച്ച ജംഇയ്യത്തുല്‍ മലബാരിയ്യ എന്ന സംഘടനയുടെയും മദ്റസത്തുല്‍ മലബാരിയ്യ എന്ന സ്ഥാപനത്തിന്റെയും ചരിത്രം കണ്ടെത്തിയ കാര്യം, മലബാര്‍ കലാപത്തിന് ശേഷം മക്ക ഉള്‍പ്പെടെയുള്ള വിവിധ ദേശങ്ങളിലേക്ക് കുടിയേറിയ കേരളത്തിലെ മുസ്ലിംകളുടെ ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്. പൂനൂര്‍ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് നടന്ന തൊഴിലാളി സംഘടനകളുടെ രൂപവത്കരണം, മുസ്ലിം ലീഗിലെ പിളര്‍പ്പുകള്‍ എന്നിവയിലൂടെയും ആത്മകഥ കടന്നു പോകുന്നു. ‘വിശ്വാസ പൂര്‍വം’ എന്ന് പേരിട്ട ആത്മകഥയുടെ കവര്‍ പ്രകാശനം നാളെ ദുബൈയില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കും. 350ഓളം പേജുള്ള പുസ്തകം ജനുവരിയില്‍ പുറത്തിറങ്ങും. മര്‍കസ് നോളജ് സിറ്റി പ്രസിദ്ധീകരണ വിഭാഗമായ മലൈബാര്‍ പ്രസ്സ് ആണ് പ്രസാധകര്‍. ഇതില്‍ 70 വര്‍ഷക്കാലത്തെ സമസ്തയുടെ ചരിത്രം കാന്തപുരത്തിന്റെ കൂടി ചരിത്രമാണ്.

 

Latest