National
'ഇന്ന് ബില്‍ക്കിസ്, നാളെ മറ്റാരുമാകാം'; കുറ്റവാളികളെ മോചിപ്പിച്ചതിന് കാരണം തേടി സുപ്രീം കോടതി, തലയൂരാന്‍ പഴുത് തേടി സര്‍ക്കാര്‍
'വിശേഷാധികാരം' ഉന്നയിച്ച് രേഖകള്‍ ഹാജരാക്കാതിരിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കം.

ന്യൂഡല്‍ഹി | ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ നിന്ന് തലയൂരാന്‍ പഴുതുകള്‍ തേടി ഗുജറാത്ത്, കേന്ദ്ര സര്‍ക്കാരുകള്‍. കുറ്റവാളികളെ മോചിപ്പിച്ച നടപടി ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു കഴിഞ്ഞ വര്‍ഷം നവംബറില്‍ നല്‍കിയ ഹരജിയിലാണ് ഫയലുകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ‘വിശേഷാധികാരം’ ഉന്നയിച്ച് രേഖകള്‍ ഹാജരാക്കാതിരിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കമെന്നാണ് സൂചന.
കുറ്റവാളികളെ വിട്ടയച്ച നടപടി സമൂഹത്തിന്റെ പൊതു ബോധത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് ബില്‍ക്കിസ് ബാനു നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ബില്‍ക്കിസിന്റെ മൂന്ന് വയസുകാരി മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരാണ് 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്തു.
ഈമാസം 27നാണ് ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. തടവുശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പ്രതികളെ വിട്ടയച്ച നടപടിയെ ജസ്റ്റിസുമാരായ കെ എം ജോസഫിന്റെയും ബി വി നാഗരത്‌നയുടെയും ബഞ്ച് ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം ഗുജറാത്ത് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടിയിരുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
‘ഗര്‍ഭിണിയായ സ്ത്രീ കൂട്ട ബലാത്സംഗം ചെയ്യപ്പെടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത കേസാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട 302ാം വകുപ്പുമായി ഇതിനെ തുലനം ചെയ്യാനാകില്ല. ആപ്പിളിനെ ഓറഞ്ചുമായി തുലനം ചെയ്യാനാകില്ല എന്നുതുപോലെ തന്നെയാണ് ഇതും. കൂട്ടക്കൊലയെ ഒരാളെ കൊല്ലുന്നതുമായി താരതമ്യപ്പെടുത്താനാകില്ല. കുറ്റകൃത്യങ്ങള്‍ സാമൂഹിക വിരുദ്ധമായ കാര്യമാണ്, സമൂഹത്തിനെതിരെ ചെയ്യപ്പെടുന്നതാണ്.’- സുപ്രീം കോടതിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
നടപടി സ്വീകരിക്കുമ്പോള്‍ എല്ലാ വശങ്ങളും സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നോഎന്നതും എന്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെ വിട്ടയച്ചതെന്നുമാണ് ചോദ്യമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇരയായത് ഇന്ന് ബില്‍ക്കിസ് ബാനുവാണെങ്കില്‍ നാളെ മറ്റാരുമായേക്കാം. നിങ്ങളോ ഞാനോ ആകാം. കുറ്റവാളികളെ വിട്ടയച്ചതിനുള്ള കാരണം രേഖാമൂലം വ്യക്തമാക്കുന്നില്ലെങ്കിള്‍ കോടതി കോടതിയുടെതായ നിഗമനങ്ങളിലേക്ക് പോകുമെന്നും കോടതി വ്യക്തമാക്കി.
ഗോധ്രയില്‍ ട്രെയിന്‍ അഗ്നിക്കിരയായ സംഭവത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്ന് രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെയാണ് 21കാരിയും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്ന ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. മോചിതരാക്കപ്പെട്ട 11 കുറ്റവാളികളില്‍ ഒരാള്‍ കഴിഞ്ഞ മാസം ഗുജറാത്തിലെ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ബി ജെ പി എം പിയും എം എല്‍ എയുമായി വേദി പങ്കിട്ടിരുന്നു.