Connect with us

Web Special

'അവരെന്റെ അബ്ബുവിനെ ജീവനോടെ കത്തിച്ചു'; സങ്കടവും രോഷവും കുതിര്‍ന്ന വാക്കുകളുമായി 12കാരി

'രാജ്യത്ത് മുസ്ലിംകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ജനക്കൂട്ടം തല്ലിക്കൊല്ലുന്നു അല്ലെങ്കില്‍ ലൗ ജിഹാദിന്റെ പേരില്‍ കൊല്ലുന്നു.'

Published

|

Last Updated

നിശ്ശബ്ദത ഘനീഭവിച്ച ചുറ്റുപാടിലാണ് ജുനൈദിന്റെയും നാസിറിന്റെയും മയ്യിത്തുകള്‍ വെച്ചത്. മൃതദേഹങ്ങള്‍ സൂക്ഷിച്ച മുറിക്ക് സമീപത്തുള്ള മൈതാനത്ത് നൂറുകണക്കിന് ഗ്രാമീണര്‍ തടിച്ചുകൂടിയപ്പോഴും മൗനം മുഴച്ചുനിന്നു. കുറച്ചപ്പുറത്ത് മാറി സ്ത്രീകളുടെ ഏങ്ങലടികളും കരച്ചിലും കേള്‍ക്കാം.

‘മുസ്ലിംകള്‍ക്ക് ഈ രാജ്യത്ത് യാതൊരു അവകാശവുമില്ല’

രാജസ്ഥാനിലെ ഭാരത്പൂര്‍ ജില്ലയിലെ ഘട്മീക ഗ്രാമത്തിലാണ് ജുനൈദും നാസിറും ജീവിച്ചത് സഞ്ചരിച്ച വാഹനത്തിലിട്ട് ഇവരെ ഹരിയാനയിലെ ഭിവാനിയില്‍ വെച്ച് പശുഗുണ്ടകളായ ബജ്‌റംഗ് ദളുകാര്‍ കത്തിച്ചുകൊല്ലുകയായിരുന്നു. ശരീരം കത്തി എല്ലുകള്‍ മാത്രം അവശേഷിച്ചു. 32കാരനായ ജുനൈദ് ഗ്രാമത്തിലെ ഒരു തൊഴിലാളിയായിരുന്നു. ആറ് കുട്ടികളാണ് ഇദ്ദേഹത്തിന്. മൂത്തയാള്‍ക്ക് 12 വയസ്സ്. ഇളയ കുട്ടിക്ക് പ്രായം ആറ് മാസവും. മക്കളുടെ ഭാവി ഇരുളടഞ്ഞെന്നും അവര്‍ക്കെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും ജുനൈദിന്റെ ഭാര്യ സാജിദ പറയുന്നു. മുസ്ലിംകള്‍ക്ക് ഈ രാജ്യത്ത് യാതൊരു അവകാശവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൊട്ടടുത്ത് തന്നെ 12കാരി പര്‍വാണയുണ്ട്. എന്റെ അബ്ബുവിനെ ജീവനോടെ കത്തിച്ചു. അതിന് ഉത്തരവാദികളായവരെയും ഇതുപോലെ ചെയ്യണമെന്ന് പര്‍വാണ പറയുന്നു.

നാസിറിന്റെ വീട്ടില്‍ ഭാര്യ ഫര്‍മിന ആരോടും സംസാരിക്കുന്ന അവസ്ഥയിലായിരുന്നില്ല. ഗ്രാമത്തിലെ നല്ലൊരു മനുഷ്യനായിരുന്നു നാസിറെന്ന് സഹോദരി സര്‍ദ ബീഗം പറഞ്ഞു. അവനില്‍ യാതൊരു മോശം സ്വഭാവവുമുണ്ടായിരുന്നില്ല. കരുണാമയനായ വ്യക്തി. ആരെയും സഹായിക്കുന്നയാളാണെന്നും സഹോദരി പറഞ്ഞു.

‘ജീവനോടെ കത്തിക്കാന്‍ ആര്‍ക്കാണ് അവകാശം’

അമ്മാവനും മച്ചുനനുമായിരുന്നു ജുനൈദും നാസിറും. സഹോദരന്മാരെയോ സുഹൃത്തുക്കളെയോ പോലെ ഏറെ അടുപ്പമുള്ളവരായിരുന്നു. ജുനൈദിന്റെ ഭാര്യാമാതാപിതാക്കളെ കാണാന്‍ ബുധനാഴ്ച രാവിലെയാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. ആരോഗ്യവാന്മാരായി പോയ രണ്ടാളും തിരിച്ചെത്തിയത് എല്ലുകളായാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ പശുഗുണ്ടകള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വ്യക്തമായ ഉത്തരം ഗ്രാമീണര്‍ ആവശ്യപ്പെടുന്നു. യാതൊരു ക്രിമിനല്‍ റെക്കോര്‍ഡും ഇല്ലാത്തയാളാണ് നാസിര്‍. ഈ രാജ്യത്തൊരു നിയമവാഴ്ചയില്ലേയെന്ന് സര്‍ദ ബീഗം ചോദിക്കുന്നു. ജനക്കൂട്ടത്തിന് ആരെയും കൊല്ലാമോ? എല്ലാ ആരോപണങ്ങളും വ്യാജമാണ്. ഇനി അവ സത്യമാണെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെയും ജീവനോടെ കത്തിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും അവര്‍ ചോദിക്കുന്നു.

ഞെട്ടലും സങ്കടവും മാത്രമല്ല ഗ്രാമീണര്‍ക്കുള്ളത്; ആഴത്തിലുള്ള രോഷവും പ്രതിഷേധവുമുണ്ട്. രാജ്യത്ത് മുസ്ലിംകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ജനക്കൂട്ടം തല്ലിക്കൊല്ലുന്നു അല്ലെങ്കില്‍ ലൗ ജിഹാദിന്റെ പേരില്‍ കൊല്ലുന്നു. തൊപ്പിയും താടിയുമുള്ളവരെ ആക്രമിക്കുന്നു. അവര്‍ സുരക്ഷിതരല്ലെന്നും ഘട്മീക ഗ്രാമത്തിലെ ജാവേദ് പറയുന്നു. നാളെ റോഡില്‍ വെച്ച് താനും കൊല്ലപ്പെട്ടേക്കാം. തനിക്കെതിരെ പശുക്കടത്ത് കേസില്ല. ആ കുറ്റവുമായി യാതൊരു ബന്ധവുമില്ല. എന്നാലും തന്റെ പേരില്‍ ആര്‍ക്കും എന്തും ആരോപിക്കാമെന്ന സ്ഥിതിയാണെന്നും ജാവേദ് പറഞ്ഞു. നീതി കിട്ടുംവരെ ഇരിക്കപ്പൊറുതിയുണ്ടാകില്ലെന്ന് മറ്റൊരു ഗ്രാമീണന്‍ പറഞ്ഞു.

Latest