Kerala
'കുരുന്നെഴുത്തുകള്‍': കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ പുസ്തകമാക്കി മന്ത്രി ശിവന്‍ കുട്ടി
പ്രകാശനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം |ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഡയറിക്കുറിപ്പുകള്‍ സമാഹരിച്ചതും എഡിറ്റ് ചെയ്തതുമെല്ലാം മന്ത്രി തന്നെ. കുരുന്നെഴുത്തുകള്‍ എന്ന് പേരിട്ട പുസ്തകത്തിന്റെ പ്രകാശനം ഈ മാസം 23ന് ഉച്ചക്ക് 12ന് ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിക്കുമെന്ന് മന്ത്രി ശിവന്‍ കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകള്‍ക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തില്‍ ഉണ്ട്. ക്ലാസ്സ് മുറികളില്‍ പ്രത്യേകിച്ച് ഒന്നാം ക്ലാസ്സില്‍ നടക്കുന്ന ഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ മികവിനെ അംഗീകരിക്കാനും സ്വതന്ത്രമായി എഴുത്ത് തുടങ്ങിയ ഒന്നാം ക്ലാസ്സിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തില്‍ മുഖ്യമന്ത്രിയുടെ സന്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രിയും സി പി എം ജനറല്‍ സെക്രട്ടറിയുമായ എം എ ബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്.
വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്. കുട്ടികളുടെ സൃഷ്ടികള്‍ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്.