Connect with us

Web Special

അമേരിക്കന്‍ ആകാശത്ത് 'ചൈനീസ് ചാര' ബലൂണ്‍; പൊട്ടിക്കാനാകാതെ ലോക പോലീസ്

മൂന്ന് ബസുകളുടെ അത്ര വലുപ്പം ബലൂണിനുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

|

Last Updated

കാശത്ത് പറക്കുന്ന ഒരു ബലൂണ്‍ ആണ് അമേരിക്കന്‍ സുരക്ഷാ അധികൃതര്‍ക്ക് തലവേദനയായിരിക്കുന്നത്. ചൈനയുടെ ചാര ബലൂണ്‍ ആണ് ഇതെന്ന് അമേരിക്ക സംശയിക്കുന്നു. വെടിവെച്ചിട്ടാല്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ഹാനികരമാകുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന് സുരക്ഷാ അധികൃതര്‍ക്ക് അറിയാം. അതിനാല്‍ ബലൂണ്‍ നിരന്തരം നിരീക്ഷിക്കുകയാണ് അമേരിക്ക. അതേസമയം, വസ്തുത പരിശോധിച്ചുറപ്പിക്കാതെ സംശയ പര്‍വതീകരണം നടത്തുകയാണെന്ന് ചൈന പറയുന്നു.

ബലൂൺ പറക്കുന്നത് വ്യോമ പാതക്ക് മുകളിൽ

വളരെ ഉയരത്തില്‍ പറക്കുന്ന ബലൂണ്‍ ചൈനയുടെ ചാരപ്രവര്‍ത്തനമാണെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറയുന്നു. പടിഞ്ഞാറന്‍ സംസ്ഥാനമായ മൊണ്ടാനക്ക് മുകളിലാണ് ഈയടുത്ത് ബലൂണ്‍ കണ്ടത്. അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌കയിലെ അല്യൂഷന്‍ ദ്വീപിന് മുകളിലൂടെ കാനഡയിലേക്ക് കടന്ന് പിന്നീട് മൊണ്ടാനയിലെ ബില്ലിംഗ്‌സില്‍ ബുധനാഴ്ച ബലൂണ്‍ കാണുകയായിരുന്നു. ബലൂണ്‍ വെടിവെച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടാല്‍, എഫ്-22 അടക്കമുള്ള പോര്‍വിമാനങ്ങളെ പ്രതിരോധ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ബലൂണ്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയതായി കാനഡയും പ്രതികരിച്ചു. എന്നാല്‍, ഏതെങ്കിലും രാജ്യത്തിന്റെതാണോ ബലൂണെന്ന് കാനഡ വ്യക്തമാക്കിയിട്ടില്ല. വിദേശ ചാര ഭീഷണികളില്‍ നിന്ന് തന്ത്രപ്രധാന വിവരം സംരക്ഷിക്കുന്നതിന് അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കാനഡ വ്യക്തമാക്കി.

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും യു എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക് മില്ലിയും അടക്കമുള്ള മുതിര്‍ന്ന സൈനിക നേതാക്കള്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. ജനസംഖ്യ വളരെ കുറഞ്ഞ മൊണ്ടാനയിലെ മാല്‍മസ്‌റ്റോം വ്യോമസേന താവളത്തിലാണ് അമേരിക്കയുടെ ആണവ മിസൈല്‍ ഭൂഗര്‍ഭ അറ സ്ഥിതി ചെയ്യുന്നത്. ഇത്തരം മൂന്ന് അറകളാണ് അമേരിക്കക്കുള്ളത്. ഇതിനാലാണ് വിവര ശേഖരണ ചാരപ്രവര്‍ത്തനം അമേരിക്ക സംശയിക്കുന്നത്. ബലൂണിന്റെ കൃത്യമായ വലുപ്പം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, നല്ല വലുപ്പമുള്ളതാണെന്ന് പറയുന്നു. അകലെ നിന്നുപോലും പൈലറ്റുമാര്‍ക്ക് അത് കാണാന്‍ കഴിയുന്നുണ്ട്. മൂന്ന് ബസുകളുടെ അത്ര വലുപ്പം ബലൂണിനുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ അമേരിക്കന്‍ ഇന്റലിജന്‍സിന് ബലൂണ്‍ ഭീഷണിയായിട്ടില്ല. ബലൂണ്‍ എവിടെയാണെന്നും എങ്ങോട്ടാണ് നീങ്ങുന്നതെന്നും അമേരിക്കന്‍ അധികൃതര്‍ക്ക് കൃത്യമായി അറിയാം. വാണിജ്യ വിമാനങ്ങള്‍ പറക്കുന്നതിനേക്കാള്‍ മുകളിലാണ് ബലൂണ്‍ ഉള്ളത്. അതിനാല്‍ വ്യോമഗതാഗതത്തിനും ഭീഷണിയല്ല.

വാഷിംഗ്ടണിലെയും ബീജിംഗിലെയും ചൈനീസ് അധികൃതരുമായി വിഷയം അമേരിക്ക പങ്കുവെച്ചിട്ടുണ്ട്. ചാര ബലൂണ്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുറപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. വസ്തുതകള്‍ വ്യക്തമാകാതെ അനുമാനവും പര്‍വീതകരണവും നടത്തുന്നത് പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കില്ല. അന്താരാഷ്ട്ര നിയമം കര്‍ശനമായി പാലിക്കുന്ന ഉത്തരവാദിത്വമുള്ള രാജ്യമാണ് ചൈന. ഏതെങ്കിലും പരമാധികാര രാജ്യത്തിന്റെ അതിര്‍ത്തിയോ വ്യോമപരിധിയോ ലംഘിക്കാനുള്ള ഉദ്ദേശ്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് ബലൂണ്‍?

ബലൂണിന്റെ ശേഷി, ഉള്ളിലുള്ള വസ്തുക്കള്‍ തുടങ്ങിയവ സംബന്ധിച്ച് അമേരിക്കക്ക് അവ്യക്തതകളുണ്ടെങ്കിലും ശക്തമായ സൂചനയാണെന്ന് ബോധ്യമുണ്ട്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ‘ബലൂണ്‍ ഭീഷണി’. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ ബ്ലിങ്കന്‍ സന്ദര്‍ശിക്കുന്നുണ്ട്. ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അമേരിക്ക സൂചന നല്‍കുമ്പോള്‍, ഏത് മാര്‍ഗമുപയോഗിച്ചും സുസ്ഥിര മത്സരത്തിന് തങ്ങള്‍ തയ്യാറാണെന്ന് പറയാതെ പറയുകയാണ് ചൈനയെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

പഴയൊരു യുദ്ധമുറയാണ് ബലൂണ്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കയില്‍ ബോംബ് വര്‍ഷിക്കാന്‍ ജപ്പാന്‍ സൈന്യം ബലൂണുകള്‍ ഉപയോഗിച്ചിരുന്നു. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയനും അമേരിക്കയും ബലൂണുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. പെന്റഗന്റെ നിരീക്ഷണ ശൃംഖലയില്‍ ഉയരത്തില്‍ പറക്കുന്ന ബലൂണുകള്‍ ചേര്‍ക്കാന്‍ അമേരിക്ക പദ്ധതിയിടുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 24 മുതല്‍ 37 കി മീ (80,000- 1.20 ലക്ഷം അടി) വരെ ഉയരെ ബലൂണുകള്‍ സ്ഥാപിക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. ഡ്രോണുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയേക്കാള്‍ എളുപ്പത്തിലും ചെലവ് കുറഞ്ഞും വിവരങ്ങള്‍ ശേഖരിക്കാന്‍ ബലൂണ്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ചാര ക്യാമറകളും റഡാര്‍ സെന്‍സറുകളും ബലൂണില്‍ ഉപയോഗിച്ചാല്‍ ഇത് സാധിക്കും. സാവധാനമാണ് ബലൂണ്‍ നീങ്ങുന്നത് എന്നതിനാല്‍ ലക്ഷ്യമിടുന്ന സ്ഥലത്തെ ദീര്‍ഘകാലത്തേക്ക് നിരീക്ഷിക്കാന്‍ സാധിക്കും. ഉപഗ്രഹത്തിന് ഭ്രമണ ചലനം അനുസരിച്ച് മാത്രമേ വിവരം ശേഖരിക്കാനാകൂ.