National
നിരാഹാര സമരം ആരംഭിച്ചിട്ട് 39 ദിവസം;കര്‍ഷക നേതാവ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി
കര്‍ഷക നേതാവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ ഇന്നലെ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ന്യൂഡല്‍ഹി| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ സമരം ആരംഭിച്ചിട്ട് 39 ദിവസം. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കര്‍ഷക നേതാവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ ഇന്നലെ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരിന്റേതെന്നും കോടതി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കോടതി ഇടപെടുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചിരുന്നു. 2024 നവംബര്‍ 26നാണ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നിരാഹാര സമരം ആരംഭിക്കുന്നത്. മിനിമം താങ്ങുവില, നിയമപരമായ ഉറപ്പ് ഉള്‍പ്പെടെയാണ് ദല്ലേവാളിന്റെ ആവശ്യം.