National
'മരിച്ച അമ്മയുടെ ഫോൺ ബില്ലിൻ്റെ പേരിൽ വൃദ്ധനായ പിതാവിനെ ശല്യപ്പെടുത്തുന്നു'; ട്വീറ്റ് ഫലം കണ്ടു; മാപ്പ് പറഞ്ഞ് എയർടെൽ
പരേതയായ ഭാര്യയുടെ ഫോൺ കണക്ഷനുമായി ബന്ധപ്പെട്ട് നിലേഷിന്‍റെ 86 കാരനായ പിതാവിന് ഏതാണ്ട് എല്ലാ ദിവസവും എയർടെല്ലിൽ നിന്ന് കോളുകൾ വരുമായിരുന്നു. അദ്ദേഹം കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടും വീണ്ടും വീണ്ടും ശല്യപ്പെടുത്തുന്നുവെന്നാണ് പരാതി.
ലക്നോ | മരിച്ചുപോയ അമ്മയുടെ ഫോൺ ബില്ലിൻ്റെ പേരിൽ മൊബൈൽ സേവനദാതാക്കൾ തൻ്റെ വൃദ്ധനായ പിതാവിനെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന മകന്‍റെ ട്വീറ്റ് എയർടെല്ലിന് തിരിച്ചടിയായി. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നീലേഷ് മിശ്രയാണ് വെള്ളിയാഴ്ച എക്‌സിൽ ഇക്കാര്യം വ്യക്തമാക്കി കുറിപ്പിട്ടത്. കുറിപ്പ് ശ്രദ്ധയിൽപെട്ട എയർടെൽ അധികൃതർ സംഭവത്തിൽ ക്ഷമാപണം നടത്തി. ലഖ്‌നൗ ആസ്ഥാനമായുള്ള ഗ്രാമീണ മാധ്യമ പ്ലാറ്റ്‌ഫോമായ ഗാവ് കണക്ഷൻ്റെ സ്ഥാപകൻ കൂടിയാണ് നിലേഷ് മിശ്ര.
തൻ്റെ വൃദ്ധനായ പിതാവിനെ തുടർച്ചയായി നിങ്ങളുടെ എക്സിക്യൂട്ടീവുകള്‍ ശല്യപ്പെടുത്തുന്നു. പരേതയായ ഭാര്യയുടെ ഫോൺ കണക്ഷനുമായി ബന്ധപ്പെട്ട് നിലേഷിന്‍റെ 86 കാരനായ പിതാവിന് ഏതാണ്ട് എല്ലാ ദിവസവും എയർടെല്ലിൽ നിന്ന് കോളുകൾ വരുമായിരുന്നു. അദ്ദേഹം കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടും വീണ്ടും വീണ്ടും ശല്യപ്പെടുത്തുന്നുവെന്നാണ് പരാതി. തൻ്റെ പിതാവിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എയർടെല്‍ തങ്ങളുടെ ബാദ്ധ്യത രേഖകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നും നീലേഷ് മിശ്ര ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്റ്റംബറിൽ തൻ്റെ അമ്മ മരിച്ചു; അവരുടെ മരണശേഷം ഫോൺ കണക്ഷൻ താൽക്കാലികമായി നിർത്തിവച്ചതായിരുന്നു. നിങ്ങളുടെ അവസാന കോൾ രണ്ട് ദിവസം മുമ്പായിരുന്നു. ഓരോ ദിവസവും മൂന്നു തവണയെങ്കിലും അദ്ദേഹത്തിന് കോൾ വരുന്നു. അദ്ദേഹം , തൻ്റെ ഭാര്യ ഇപ്പോൾ ഇല്ലെന്ന് നിങ്ങളുടെ ആത്മാവില്ലാത്ത എക്‌സിക്യൂട്ടീവുകളോട് വീണ്ടും വീണ്ടും പറയുന്നതിന്‍റെ ആഘാതം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? എന്തുകൊണ്ട് അവർ തങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നില്ല? – അദ്ദേഹം ക്ഷുഭിതനായി ചോദിക്കുന്നു.
“പ്രിയ @airtelindia ദൈവത്തെ ഓർത്ത്, കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ച എൻ്റെ അമ്മയുടെ ഫോൺ ബിൽ അടയ്ക്കാൻ (അവരുടെ ഫോൺ സേവനം ഉടനടി നിർത്തിയിരുന്നു) 86 വയസ്സുള്ള എൻ്റെ പിതാവിനെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നത് നിർത്തുക,” അദ്ദേഹം എക്‌സിൽ പറഞ്ഞു. കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ട എയര്‍ടെല്‍ നിലേഷ് മിശ്രയോട് ക്ഷമ ചോദിച്ചു.
“ആശയവിനിമയത്തിലുള്ള ഈ വിടവ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എത്ര ബുദ്ധിമുട്ടാണുണ്ടാക്കിയതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, നീലേഷ്. ഞങ്ങളുടെ ഹൃദയംഗമമായ ക്ഷമാപണം സ്വീകരിക്കുക,”- എയർടെൽ അധികൃതർ പറഞ്ഞു.
എന്നാല്‍ മൊബൈൽ കമ്പനിക്കെതിരേ നേരത്തേ പരാതിയുണ്ടായിരുന്ന പലരും ഈ ട്വീറ്റിനടിയില്‍ മറു ട്വീറ്റുകളും പ്രതിഷേധങ്ങളുമായി വരുന്നത് എയർടെലിന് തലവേദനായി മാറിയിട്ടുണ്ട്.