Connect with us

Uae

'ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി' ഡിസംബര്‍ അഞ്ചിന്; പ്രവാസി വോട്ട്, വിമാനയാത്രക്കൂലി വര്‍ധന മുഖ്യഅജണ്ട

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാനടിക്കറ്റ് നിരക്കിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

|

Last Updated

അബുദാബി |  രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാനടിക്കറ്റ് നിരക്കിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസികള്‍ ഓരോ രാജ്യത്തിന്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന ഓരോ പ്രവാസിയുടെയും അകത്തളങ്ങളില്‍ ജനിച്ച നാടും ബന്ധുമിത്രാദികളും നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അന്യായമായ കാഴ്ചയാണെന്നും തങ്ങള്‍ പറഞ്ഞു.
‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’യുടെ പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍.

ഗള്‍ഫ് പ്രവാസികള്‍ നിരന്തരം നാട്ടിലേക്ക് യാത്ര ചെയ്യുന്നവരാണ്. സ്‌കൂള്‍ അവധിക്കാലത്താണ് ഗള്‍ഫിലെ മലയാളികള്‍ കുടുംബസമേതം നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുകയാണ്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വിമാനടിക്കറ്റിനായി ചെലവഴിക്കേണ്ട അവസ്ഥ വരെയുണ്ട്. ഈ സ്ഥിതി മാറേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന ഡയസ്പോറ സമ്മിറ്റിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം മുനവ്വറലി തങ്ങളും കോവളം എംഎല്‍എ എം.വിന്‍സന്റും ചേര്‍ന്ന് നിര്‍വഹിച്ചു.

പ്രവാസി വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റില്‍ എംപിമാരും മന്ത്രിമാരും പങ്കെടുക്കും. അബുദാബി-ഡല്‍ഹി കെഎംസിസികളുടെ നേതൃത്വത്തില്‍ യുഎഇയിലെ മുപ്പതിലധികം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് നടക്കുന്നത്. നേരത്തെ നടത്താനുദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു.

സീസണ്‍ കാലത്ത് അമിതമായ വിമാന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കോവളം എംഎല്‍എ എം.വിന്‍സന്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണം. മിതമായ നിരക്കില്‍ വിമാനസര്‍വീസ് സാധ്യമല്ലെന്ന വിമാനക്കമ്പനികളുടെ വാദം തെറ്റാണ്.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Latest