Connect with us

National

'ഇന്ത്യയെ യൂറോപ്യൻ രാജ്യങ്ങളോട് താരതമ്യം ചെയ്യരുത്': നഗരങ്ങളിൽ സൈക്കിൾ ട്രാക്കുകൾ വേണമെന്ന ഹർജിയിൽ സുപ്രീം കോടതി

എല്ലാ നഗരങ്ങളിലും സൈക്കിൾ ട്രാക്കുകൾ വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രത്യേക സൈക്കിൾ ട്രാക്കുകൾ വേണമെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജനങ്ങൾക്ക് പാർപ്പിടം, ആശുപത്രികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാൻ സർക്കാരുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു നിർദ്ദേശം എങ്ങനെ സാധ്യമാക്കുമെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

“ഇത്തരം ആവശ്യങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ല. ഇത് എങ്ങനെ സാധ്യമാകും? എല്ലാ നഗരങ്ങളിലും സൈക്കിൾ ട്രാക്ക് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നതിലൂടെ നിങ്ങൾ ഇന്ത്യയെ ഒരു യൂറോപ്യൻ രാജ്യവുമായി താരതമ്യം ചെയ്യുകയാണ്” – ജസ്റ്റിസ് അഭയ് ഓക പറഞ്ഞു. ഇന്ത്യയെ നെതർലൻഡ്‌സുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഭുയാനും കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു ചേരിപ്രദേശത്ത് പോയി അവിടെ ജനങ്ങൾ താമസിക്കുന്ന സാഹചര്യം മനസ്സിലാക്കാൻ കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ട. ചേരി നിവാസികളെ പരിപാലിക്കാൻ സംസ്ഥാനങ്ങൾക്ക് പണമില്ല, താങ്ങാനാവുന്ന ഭവനങ്ങൾ നൽകാൻ സാധിക്കുന്നില്ല. ആളുകൾക്ക് പാർപ്പിടം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തപ്പോൾ, എല്ലാ നഗരങ്ങളിലും സൈക്കിൾ ട്രാക്കുകൾ ഉണ്ടാകണമെന്ന് പറഞ്ഞ് നാം സ്വപ്നം കാണുകയാണെന്ന് ജസ്റ്റിസ് ഓക പറഞ്ഞു.

മുനിസിപ്പൽ, ടൗൺ പ്ലാനിംഗ് നിയമങ്ങൾ സൈക്കിൾ ട്രാക്കുകൾ നിർബന്ധമാക്കുന്നുണ്ടെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ വാദിച്ചു. നടപ്പാതകൾ ഓരോ പൗരൻ്റെയും മൗലികാവകാശമാണെന്ന് കോടതികൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ നിർബന്ധിത സൈക്കിൾ ട്രാക്കുകൾ സാധ്യമല്ലെന്നും ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടി.

കാലനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉൾക്കൊള്ളുന്ന മോട്ടോർ രഹിത ഗതാഗത മാർഗ്ഗങ്ങൾ ആണ് താൻ ആവശ്യപ്പെടുന്നതെന്നും റോഡുകൾ ഉപയോഗിക്കുന്ന ജനസംഖ്യയുടെ 60 ശതമാനവും ഈ വിഭാഗങ്ങളിൽ പെട്ടവരാണെന്നും ഹർജിക്കാരൻ വാദിച്ചു. റോഡ് അപകടങ്ങളിൽ ഉൾപ്പെടുന്ന ഏകദേശം 50% പേർ കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ രാജ്യത്തിന് ആകമാനം ബാധകമാകുന്ന നിർദ്ദേശങ്ങൾ നൽകാൻ കോടതി വിമുഖത പ്രകടിപ്പിച്ചു. ഈ വിഷയം അതത് പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതികൾ കൈകാര്യം ചെയ്യേണ്ടതാണെന്നും ഹരജിക്കാരന് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടി സുപ്രിം കോടതി ഹരജി തള്ളി.

Latest