Connect with us

Editors Pick

'ഒരു വശത്ത് ഭയവും മനസ്സിൽ എന്തും ചെയ്യാനുള്ള തീയും ആളിക്കത്തുന്നു'; പാർലിമെന്റ് അതിക്രമകേസ് പ്രതിയുടെ ഡയറിക്കുറിപ്പ്

2015-ൽ പ്ലസ് ടു പാസായ ശേഷം സാഗർ എഴുതിയ ഡയറിക്കുറിപ്പുകളാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെടുത്തത്.

Published

|

Last Updated

ന്യൂഡൽഹി | പാർലിമെന്റ് അതിക്രമക്കേസിൽ പ്രതികളിൽ ഒരാളുടെ ഡയറി പോലീസ് കണ്ടെടുത്തു. ലക്നൗ സ്വദേശിയായ സാഗർ ശമയുടെ ഡയറിയാണ് ഇയാളുടെ വീട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തത്. ഒരു വശത്ത് ഭയവും മനസ്സിൽ എന്തും ചെയ്യാനുളള തീയും ആളിക്കത്തുകയാണെന്നും വീട് വിടാനും കടമ നിറവേറ്റാനും സമയമായെന്നും ഇയാൾ ഡയറിയിൽ കുറിച്ചിട്ടുണ്ട്. മാതാപിതാക്കളോട് തന്റെ സാഹചര്യം വിശദീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമരത്തിന്റെ വഴി തിരഞ്ഞെടുക്കൽ എളുപ്പമായിരുന്നില്ലന്നും ഡയറിക്കുറിപ്പിൽ പറയുന്നു. ഇതിന് പുറമെ ദേശഭക്തി കവിതകളും വിപ്ലവത്തെക്കുറിച്ചുള്ള ചിന്തകളും ഡയറിയിലുണ്ട്.

2015-ൽ പ്ലസ് ടു പാസായ ശേഷം സാഗർ എഴുതിയ ഡയറിക്കുറിപ്പുകളാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെടുത്തത്. 2021 ജനുവരി മുതലുള്ള കാലഘട്ടത്തിൽ എഴുതിയ കുറിപ്പുകളിലാണ് ഇയാളുടെ തീവ്രചിന്തകൾ വെളിപ്പെടുന്നത്. ഇയാൾക്ക് ബംഗളൂരുവും മൈസൂരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകളും ഡയറിക്കുറിപ്പുകളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2018ൽ ബംഗളൂരുവിലെ ഒരു ഫ്‌ളോർ മില്ലിൽ ജോലിക്ക് പോയ ഇയാൾ കോവിഡ് മഹാമാരി ബിസിനസിനെ ബാധിച്ചതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് മറ്റു പ്രതികളുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

നിരവധി നിഗൂഢതകൾ വെളിപ്പെടുത്താനും ഗൂഢാലോചനയുടെ ചുരുളഴിയാനും സാഗറിന്റെ ഡയറിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. സാഗറിന്റെ ഡയറിയുടെ താളുകൾ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, സാഗറിന്റെ ഹൃദയത്തിൽ ആഗ്രഹങ്ങൾ വ്യത്യസ്ത വഴിത്തിരിവുകൾ തേടുന്നതായി മനസ്സിലാകുന്നുണ്ട്. ഒരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു “ഞാൻ എന്റെ ഡ്യൂട്ടിയിലേക്ക് നീങ്ങുന്ന ഒരു ദിവസം വരുമെന്ന് 5 വർഷമായി ഞാൻ കാത്തിരുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തി തട്ടിയെടുക്കാൻ അറിയുന്നവനല്ല, ഏറ്റവും ശക്തനായ വ്യക്തി സന്തോഷം ത്യജിക്കാൻ കഴിവുള്ളവനാണ്.’

2015 ജൂൺ 8 ന് സാഗർ എഴുതിയ ഡയറിയുടെ ആദ്യ പേജ് “ഇങ്ക്വിലാബ് സിന്ദാബാദ്” എന്നാണ് തുടങ്ങുന്നത്. “ഞാൻ എന്റെ രാജ്യത്തിനും അതിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്നു… ബലാത്സംഗം, അഴിമതി, പട്ടിണി, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത്, മതത്തിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയ കാര്യങ്ങൾ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണ്… ഞാൻ സമ്പന്നനല്ല. ഒരു ഇടത്തരം കുടുംബമാണ് എന്റേത്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ സത്യസന്ധരായ ചില സുഹൃത്തുക്കളെ എനിക്ക് ആവശ്യമുണ്ട്,” – എന്നിങ്ങനെയാണ് ഒരു പേജിൽ കുറിച്ചിരിക്കുന്നത്.

ആ ഡയറിയിലെ ഓരോ ഭാഗവും ഗൂഢാലോചനയുടെ ചിതറിപ്പോയ കണ്ണികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വഷണ സംഘം ഇപ്പോൾ.

Latest