Kerala
'പേവിഷബാധയേറ്റ് അഞ്ച് വയസ്സുകാരിയുടെ മരണം: കാരണം തലയിലെ മുറിവിലൂടെ വൈറസ് തലച്ചോറിലേക്ക് നേരിട്ടെത്തിയത്'
ചികിത്സാ പിഴവല്ല മരണത്തിന് ഇടയാക്കിയത്. നായയുടെ കടിയേറ്റ ശേഷം കുട്ടിയ്ക്ക് വീട്ടില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നില്ല.

കോഴിക്കോട് | പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേ വിഷബാധയേറ്റ് അഞ്ച് വയസ്സുകാരി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്. ചികിത്സാ പിഴവല്ല മരണത്തിന് ഇടയാക്കിയതെന്നും സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നുവെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ ജി സജിത്ത് കുമാര്‍ പറഞ്ഞു.
മുഖത്തും തലയിലുമേറ്റ മുറിവിലൂടെ തലച്ചോറിലേക്ക് നേരിട്ട് വൈറസ് എത്തിയതാണ് മരണ കാരണം. തലച്ചോറിലെ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിരോധ വാക്‌സിന്‍ ഫലിക്കാതെ വരികയായിരുന്നു. നായയുടെ കടിയേറ്റ ശേഷം കുട്ടിയ്ക്ക് വീട്ടില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നില്ലെന്നും മുഖത്തും തലയിലുമടക്കം ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. തലയില്‍ മാത്രം നാലു മുറിവേറ്റിരുന്നു. പുറമെ മുഖത്തും കാലിലും മുറിവുണ്ടായിരുന്നു.
മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസാണ് ഇന്നലെ രാത്രി രണ്ടോടെ മരിച്ചത്. പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാള്‍ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം.
തെരുവുനായയുടെ കടിയേറ്റാല്‍…
സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുകയാണ് തെരുവുനായയുടെ കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്. ഇത്തരത്തിലുള്ള പ്രാഥമിക ചികിത്സ വളരെ പ്രധാനമാണ്. പലപ്പോഴും ഇത് ചെയ്യാന്‍ വൈകുന്നതാണ് വിഷബാധ യേല്‍ക്കുന്നതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.