Connect with us

Owaisi's car fired

'രക്ഷിക്കാന്‍ ഹിന്ദു മകന്‍ വരും'; ഉവൈസിക്ക് നെരെ വെടിയതിര്‍ക്കും മുമ്പ് ബിജെപി പ്രവര്‍ത്തകന്റെ പോസ്റ്റ്

ദീര്‍ഘകാലമായി ബിജെപിയുമായി ബന്ധമുള്ളയാളാണ് സച്ചിനെന്ന് അയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പൗരത്വ സമര കാലത്ത് ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്ത ഗോപാല്‍ ദത്ത് ശര്‍മ്മയുടെ അടുത്ത അനുയായി കൂടിയാണ് സച്ചിന്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തയാള്‍ സജീവ ബിജെപി പ്രവര്‍ത്തകന്‍. ഗാസിയാബാദ് സ്വദേശിയായ സച്ചിന്‍ തന്റെ ഫേസ്ബുക്കില്‍ ബിജെപി അംഗത്വ കാര്‍ഡും നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ബിജെപി നേതാവ് അരുണ്‍ സിംഗ്, സുനില്‍ ബന്‍സാല്‍, എംപി മഹേഷ് ശര്‍മ, എംഎല്‍സി ശ്രീചന്ദ് ശര്‍മ, ലക്ഷ്മികാന്ത് വാജ്‌പേയി, നോയിഡ എംഎല്‍എ പങ്കജ് സിംഗ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളും ഇയാളുടെ വാളില്‍ കാണാം.

2013-14 കാലഘട്ടത്തില്‍ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അസദുദ്ദീന്‍ ഉവൈസി നടത്തിയ പ്രസംഗങ്ങളില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ വെടിവെപ്പ് നടത്തിയതെന്ന് സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. വെടിവെപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രസംഗം ഷെയര്‍ ചെയ്ത് ‘രക്ഷിക്കാന്‍ ഹിന്ദു മകന്‍ വരും’ എന്നും ഇയാള്‍ എഴുതിയിരുന്നു. ‘എപ്പോഴും യോഗി മുഖ്യമന്ത്രിയാകില്ല, മോദി എപ്പോഴും പ്രധാനമന്ത്രിയാകില്ല. ഓര്‍ക്കുക, നിങ്ങളുടെ ക്രൂരതകള്‍ ഞങ്ങള്‍ മറക്കാന്‍ പോകുന്നില്ല’ എന്ന ഉവൈസിയുടെ പ്രസംഗഭാഗം ഷെയര്‍ ചെയ്താണ് ഇയാള്‍ ഇങ്ങനെ പോസ്റ്റിട്ടത്. ഇതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആക്രമണം നടത്തുകയും ചെയ്തു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

ദീര്‍ഘകാലമായി ബിജെപിയുമായി ബന്ധമുള്ളയാളാണ് സച്ചിനെന്ന് അയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പൗരത്വ സമര കാലത്ത് ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്ത ഗോപാല്‍ ദത്ത് ശര്‍മ്മയുടെ അടുത്ത അനുയായി കൂടിയാണ് സച്ചിന്‍. ജയില്‍ മോചിതനായ ഗോപാലിന് നോയിഡയില്‍ ഒരുക്കിയ സ്വീകരണത്തില്‍ സച്ചീന്‍ സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നോയിഡയില്‍ എത്തിയപ്പോള്‍ സച്ചിനും അവിടെ ഉണ്ടായിരുന്നു. ഗാസിയാബാദിലെ എംഎംഎച്ച് കോളേജില്‍ നിന്ന് ബിരുദം നേടിയ ഇയാള്‍ താന്‍ ഉറച്ച ഹിന്ദുവാണെന്ന് സോഷ്യല്‍ മീഡിയയില്‍ സ്വയം വിളംബരം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 5.30നാണ് ഉവൈസിക്ക് നേരെ ആക്രമണുണ്ടായത്. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഛിജാര്‍സി ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കള്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകള്‍ ഉവൈസിയുടെ വാഹനത്തില്‍ പതിക്കുകയും ചെയ്തു. തലനാരിഴക്കാണ് ഉവൈസി രംക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഉവൈസിക്ക് ഇസഡ കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ട്.

Latest