Connect with us

electricity

'ഇടത് സര്‍ക്കാറിന് എങ്ങനെയാണ് എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാന്‍ കഴിയുക': പ്രതിപക്ഷ നേതാവ്

വൈദ്യുതി നിരക്കും ബസ് ചാര്‍ജ്ജും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ബസ് ചാര്‍ജ്ജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഹാമാരിയില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ജനം നട്ടം തിരിയുമ്പോള്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെയാണ് അവരെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാന്‍ കഴിയുക എന്നദ്ദേഹം ചോദിച്ചു. ബസ് വ്യവസായത്തിന് ഇന്ധന വില വര്‍ധനവും കൊവിഡ് മഹാമാരിയും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അവര്‍ക്ക് മുന്നോട്ടു പോകുവാനുള്ള പിന്തുണ ആവശ്യവുമാണ്. പക്ഷെ അത് ജനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോറിക്ഷകള്‍ക്കും, ടാക്‌സികള്‍ക്കും, ബസ് വ്യവസായത്തിനും ഡീസലിന് സബ്സിഡി നല്‍കണം എന്ന് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം വാദിച്ചത് ഈ പ്രതിസന്ധി മുന്നില്‍ കണ്ടാണ്. പക്ഷെ പേരില്‍ മാത്രം ഇടതുപക്ഷമുള്ള ഈ സര്‍ക്കാര്‍ ആ ആവശ്യത്തോട് മുഖം തിരിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന തീരുമാനമാണ് എടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയ്ക്ക് മുന്നൂറിരട്ടിക്ക് മേല്‍ നികുതി വര്‍ധിപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് വാറ്റ് ഇനത്തില്‍ ഭീമമായ നികുതി വരുമാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിന്റെ വരുമാനത്തിന്റെ പത്തു ഇരട്ടിയോളം, ഏകദേശം അയ്യായിരം കോടി രൂപ അധികം ലഭിച്ച സര്‍ക്കാരാണ് ഇത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ ഉള്ള ധനകാര്യ മിസ്മാനെജ്മെന്റ് ആണ് ഈ പ്രതിസന്ധി ഉണ്ടാക്കിയത്. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി അതിനു ആക്കം കൂട്ടിയതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Latest