Connect with us

ചിത്രം വി ചിത്രം

'നൂറാണ് ലക്ഷ്യം; ആഗ്ര കഴിഞ്ഞാല്‍ ഒരു മത്സരം കൂടി'

1985 മുതല്‍ ഏത് തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാകുന്ന 79കാരനാണ് ഹസ്‌നുറാം. ഇതിനകം 98 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുകഴിഞ്ഞു.

Published

|

Last Updated

ആഗ്ര | ഒരിക്കലും ജയിക്കില്ലെന്നുറപ്പുള്ള മത്സരത്തില്‍ മടുപ്പേതുമില്ലാതെ നൂറാം ‘പോരാട്ടം’ കാഴ്ചവെക്കാനായിരുന്നു ഹസ്‌നുറാം അംബേദ്കരിയുടെ ആഗ്രഹം. 1985 മുതല്‍ ഏത് തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാകുന്ന 79കാരനാണ് ഹസ്‌നുറാം. ഇതിനകം 98 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുകഴിഞ്ഞു.

നൂറാം മത്സരം തികയ്ക്കാന്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ഫതേപൂര്‍ സിക്രിയിലേത് തള്ളി. ആഗ്രയില്‍ മാത്രമേ ഇനി മത്സരത്തിനുള്ളൂ. പക്ഷേ, ഹസ്‌നുറാം നിരാശനേയല്ല. 1985 മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖേരാഗഢ് മണ്ഡലത്തിലായിരുന്നു ആദ്യ മത്സരം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആഗ്രയില്‍ നിന്ന് നേടിയ 2,768 വോട്ടാണ് (0.24 ശതമാനം) അദ്ദേഹത്തിന്റെ ‘ഏറ്റവും വലിയ ജയം’.

‘സ്ഥാനാര്‍ഥിത്വത്തില്‍ സെഞ്ച്വറി തികയ്ക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. പ്രായം കൂടുകയാണെന്നറിയാം. എങ്കിലും, ഇവിടെ നിന്ന് പോകും മുന്പ് ലക്ഷ്യം നേടുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പ് മത്സരം എന്നും അഭിനിവേശമാണ്. സ്വന്തം ചെലവില്‍ അത് തുടരുന്നു. ആരില്‍ നിന്നും സാമ്പത്തിക സഹായമോ പിന്തുണയോ തേടാറില്ല. വിജയിക്കില്ലെന്നറിയാം. പക്ഷേ, അത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതില്‍ നിന്ന് എന്നെ തടയുന്നില്ല. നൂറ് തികച്ചാല്‍ പിന്നെ മത്സരത്തിനില്ല’- ആത്മവിശ്വാസത്തില്‍ ഒട്ടും ചോര്‍ച്ചയില്ലാതെ ഹസ്‌നുറാം പറയുന്നു. ഒന്നും പ്രതീക്ഷിക്കാതെ ജനവിധി തേടുന്ന ഇദ്ദേഹത്തിന് പിന്നില്‍ കുടുംബവും ഉറച്ചുനില്‍ക്കുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തൊഴിലുറപ്പ് തൊഴിലാളിയായി ജീവിതമാര്‍ഗം കണ്ടെത്തുന്നതിനിടെയാണ് അഞ്ച് വര്‍ഷം കൂടുന്‌പോഴെത്തുന്ന വോട്ടങ്കത്തിനും ഹസ്‌നുറാം അംബേദ്കരി സമയം കണ്ടെത്തുന്നത്. സര്‍വീസിലുള്ളപ്പോള്‍ പിന്നാക്ക- ന്യൂനപക്ഷ വിഭാഗം ജീവനക്കാരുടെ സംഘടനയായ ബി എ എം സി ഇ എഫില്‍ സജീവമായിരുന്നു.

 

 

---- facebook comment plugin here -----

Latest