Connect with us

Editors Pick

'ഞാന്‍ സീനിയര്‍, ഏറ്റവും അവസാനമേ ഞാന്‍ പുറത്തുകടക്കുകയുള്ളൂ'; തുരങ്കത്തില്‍ തൊഴിലാളികൾക്ക് മനക്കരുത്ത് പകർന്നത് ഗബ്ബര്‍ സിംഗ്

നേഗിയുടെ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ 17 ദിവസത്തിനുശേഷമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഈ ദിവസങ്ങളില്‍ തൊഴിലാളികള്‍ അനുഭവിച്ച മാനസിക പിരിമുറുക്കം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. അവരുടെ ദൃഢനിശ്ചയം പരീക്ഷിക്കുന്ന സാഹചര്യം കൂടിയാണത്. എന്നാല്‍ തുരങ്കത്തിനുള്ളില്‍ തൊഴിലാളികളെ ശാന്തരായിരിക്കാനും ആത്മവിശ്വാസം പകര്‍ന്നു നല്‍കാനും അവര്‍ക്കൊരു നേതാവുണ്ടായിരുന്നു.  ഗബ്ബര്‍ സിംഗ് നേഗി എന്ന ധീരനായ നേതാവ്. തുരങ്കം തകര്‍ന്ന സ്ഥലത്ത് നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള പൗരി ഗര്‍വാള്‍ സ്വദേശിയാണ് അദ്ദേഹം.

400 മണിക്കൂറിലധികം 200 അടി താഴ്ചയില്‍ പുറം ലോകം കാണാതെ കഴിച്ചു കൂട്ടുകയെന്നത് ഏതൊരു മനുഷ്യനെയും സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ തന്റെ സഹപ്രവര്‍ത്തകരെ യോഗയും മെഡിറ്റേഷനും ചെയ്യാന്‍ പ്രേരിപ്പിച്ച് ശാരീരികമായും മാനസികമായും സജീവമാകാന്‍ ഗബ്ബര്‍ സിംഗ് നിലകൊണ്ടു. ഞാന്‍ നിങ്ങളുടെ സീനിയറാണെന്നും അതുകൊണ്ട് നിങ്ങളെ രക്ഷപ്പെടുത്തി ഏറ്റവും അവസാനമേ ഞാന്‍ പുറത്തുകടക്കുകയുള്ളൂവെന്നും സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.

41 തൊഴിലാളികളെയും പുറത്തെടുത്തശേഷം വിപുലമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രക്ഷപ്പെട്ടവര്‍ ചെറിയ പരിക്കുകളോടെ ദുരന്തത്തെ അതിജീവിച്ച് വലിയ പുഞ്ചിരിയോടെ ഉയര്‍ന്നുവന്നു. ദുരന്തസാധ്യതയുള്ള ഒരു സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ ഗബ്ബര്‍ നേഗി നടത്തിയ പരിശ്രമം ഈ വേളയിൽ കൈയടി നേടുകയാണ്. രക്ഷപ്പെട്ടവരുടെ കുടുംബം മാത്രമല്ല, രാജ്യം മുഴുവന്‍ അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. അവര്‍ സുരക്ഷിതരായി പുറത്തെത്തിയ സന്തോഷം മനസാക്ഷിയുള്ള ഒരു ജനതയുടേതു കൂടിയായി മാറി.

ഗബ്ബര്‍ സിംഗ് നേഗിയുടെ സഹോദരന്‍ ജയ്മല്‍ നേഗിയ്ക്ക് തുരങ്കത്തില്‍ അകപ്പെട്ട വേളയില്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. താനാണ് ഗബ്ബര്‍ സിംഗിനോട് യോഗ ചെയ്യാന്‍ ഉപദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എല്ലാവരും യോഗ ചെയ്യുന്നു എന്ന മറുപടിയാണ് കിട്ടിയത്. ഗബ്ബർ വളരെ ധീരനാണെന്നും അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും സഹോദരന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തിക്കും തിരക്കും ഉണ്ടാകുമോ എന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ‘ഞാന്‍ സീനിയറാണ്, ഞാന്‍ അവസാനമായിരിക്കും പുറത്തുവരിക’ എന്നാണെന്നും സഹോദരൻ പറഞ്ഞു.

സഹോദരന്റെ നേതൃഗുണങ്ങളെ പ്രശംസിച്ച് ജയ്മല്‍ നേഗി മാത്രമല്ല സംസാരിച്ചത്. രക്ഷപ്പെടുത്തിയ നിരവധി തൊഴിലാളികളും ഗബ്ബര്‍ സിംഗിനോടുള്ള ബഹുമാനവും സ്‌നേഹവും പങ്കുവെച്ചു. തങ്ങളെ സുരക്ഷിതമായും സന്തോഷത്തോടെയും നിലനിര്‍ത്തുന്നതില്‍ നേഗിയുടെ പങ്ക് അവര്‍ എടുത്തുപറഞ്ഞു.  ലുഡോ, ചെസ്സ് തുടങ്ങിയ ഗെയിമുകളിലും തൊഴിലാളികൾ  ഏർപ്പെട്ടിരുന്നുവത്രെ.

നേഗിയുടെ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തകരോട് ഫോണിലൂടെയാണ് മോദി സംസാരിച്ചത്. ഇതെനിക്ക് സന്തോഷമുള്ള കാര്യമാണ്. ഈ സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒപ്പം നേഗിയുടെ ധീരതയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Latest