Connect with us

Pahalgam attack

'ഞാൻ നിന്നെ കൊല്ലില്ല. ഇത് മോദിയോട് പോയി പറയ്'; പഹൽഗാമിലെ ഭീകര നിമിഷങ്ങൾ ഓർത്തെടുത്ത് പല്ലവി

ചിരിയും സന്തോഷവുമായി കശ്മീരിലേക്ക് യാത്ര തിരിച്ചതാണ് പല്ലവിയും ഭർത്താവ് മഞ്ജുനാഥിനും മകനും. ആ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.

Published

|

Last Updated

പഹൽഗാം | ആ ഭീകരാക്രമണത്തിൻ്റെ ഭീതി നിറഞ്ഞ നിമിഷങ്ങൾ മരിച്ച മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയുടെ വാക്കുകളിൽ തളംകെട്ടിനിൽക്കുന്നു. ചിരിയും സന്തോഷവുമായി കശ്മീരിലേക്ക് യാത്ര തിരിച്ചതാണ് പല്ലവിയും ഭർത്താവ് മഞ്ജുനാഥിനും മകനും. ആ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.

“ഞങ്ങൾ മൂന്നുപേരാണ് – ഞാനും എൻ്റെ ഭർത്താവും മകനും – കശ്മീരിൽ പോയത്.” വിറയ്ക്കുന്ന സ്വരത്തോടെ പല്ലവി ഓർത്തെടുത്തു. “ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ഞങ്ങൾ പഹൽഗാമിൽ ആ മനോഹരമായ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു… അപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്.”

“എൻ്റെ കൺമുന്നിൽ വെച്ചാണ് അദ്ദേഹം മരിച്ചത്. അത് ഇപ്പോഴും ഒരു ദുസ്വപ്നം പോലെ തോന്നുന്നു. വിശ്വസിക്കാൻ പോലും കഴിയുന്നില്ല.” –  തേങ്ങലോടെ പല്ലവി തുടർന്നു.

എന്നാൽ ആ ദുരന്തത്തിനിടയിലും മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് പല്ലവിക്ക് ബോധ്യമായി. “മൂന്ന് നാട്ടുകാർ ഓടിയെത്തി എന്നെ രക്ഷിച്ചു,” അവർ നന്ദിയോടെ പറഞ്ഞു. അവരുടെ ദയയും ധൈര്യവുമാണ് ഒരുപക്ഷേ പല്ലവിയെ കൂടുതൽ തകരാതെ പിടിച്ചുനിർത്തിയത്.

അക്രമികൾ എന്തിനാണ് തങ്ങളെ ലക്ഷ്യമിട്ടതെന്ന് പല്ലവിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പക്ഷേ അവരുടെ വാക്കുകൾ ഭീതിപ്പെടുത്തുന്നതായിരുന്നു. “മൂന്നോ നാലോ പേർ ഞങ്ങളെ ആക്രമിച്ചു. ‘എന്നെയും കൊന്നേക്ക്, നിങ്ങൾ എൻ്റെ ഭർത്താവിനെ കൊന്നുകഴിഞ്ഞല്ലോ’ എന്ന് ഞാൻ അവരോട് നിലവിളിച്ചു പറഞ്ഞു. അപ്പോൾ ഒരാൾ പരിഹാസത്തോടെ പറഞ്ഞു, ‘ഞാൻ നിന്നെ കൊല്ലില്ല. ഇത് മോദിയോട് പോയി പറയ്’.- ആ വാക്കുകൾ അവരുടെ ഹൃദയത്തിൽ ഒരു തീവ്രമായ വേദനയായി ഇപ്പോഴും നീറുന്നുണ്ടാകണം.

ഇനി അവർക്ക് ഒരേയൊരു ആഗ്രഹമേയുള്ളൂ – പ്രിയപ്പെട്ട ഭർത്താവിൻ്റെ മൃതദേഹം എത്രയും പെട്ടെന്ന് ജന്മനാടായ ശിവമോഗയിൽ എത്തിക്കുക. “മൃതദേഹം എളുപ്പത്തിൽ താഴേക്ക് കൊണ്ടുവരാൻ കഴിയില്ല. അത് എയർലിഫ്റ്റ് ചെയ്യണം. അത് ഉടൻ തന്നെ ഇവിടെ എത്തിക്കണം,” നിറകണ്ണുകളോടെ പല്ലവി അധികൃതരോട് അഭ്യർത്ഥിച്ചു.

Latest