Kerala
'എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത് വരാം'; ഇ പി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തണുപ്പ് എങ്ങനെയുണ്ട് എന്ന മറുചോദ്യം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
തിരുവനന്തപുരം | സി പി എം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തണുപ്പ് എങ്ങനെയുണ്ട് എന്ന മറുചോദ്യം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിഷയം പി ബി ചര്‍ച്ച ചെയ്യുമോ എന്ന് അന്വേഷിച്ചപ്പോള്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത് വരാം എന്നും അദ്ദേഹം മറുപടി നല്‍കി. ഡല്‍ഹിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സി പി എം സംസ്ഥാന സമിതിയംഗം പി ജയരാജനാണ് ഇ പിക്കെതിരെ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇ പി ജയരാജന്‍ കണ്ണൂരില്‍ വന്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും നിര്‍മിച്ചുവെന്നാണ് പി ജയരാജന്റെ ആരോപണം.
‘ഇ പിയുടെ മകനെ കൂടാതെ ഭാര്യ പി കെ ഇന്ദിരയും സ്ഥാപനത്തിന്റെ ഡയരക്ടര്‍ ബോര്‍ഡിലുണ്ട്. വലിയ സാമ്പത്തിക ക്രമക്കേടാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ച ശേഷമാണ് കണ്ണൂരിലെ വെള്ളിക്കീലില്‍ റിസോര്‍ട്ടും ആയുര്‍വേദ വില്ലേജും സ്ഥാപിച്ചത്. ആധികാരികമായ ഉത്തമ ബോധ്യത്തോടെയാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.’- പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു.