Connect with us

interview

'ചരിത്രത്തില്‍ നിന്നു പോരാളികളുടെ പേരുവെട്ടുന്നത് ഇന്ത്യൻ ഫാസിസം'

ചരിത്ര നിഘണ്ടുവില്‍ നിന്നു പേരുവെട്ടിതുകൊണ്ട് മാഞ്ഞുപോകുന്നതല്ല പോരാട്ടങ്ങളുടെ ചരിത്രവും രക്തിസാക്ഷികളുടെ ത്യാഗവും. ഇതൊന്നും അറിയാത്തവരുടെ നീക്കങ്ങളാണ് ഇതിനുപിന്നില്‍. ഫാസിസ്റ്റുകളുടെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ മതേതര ശക്തികളും സദാ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

Published

|

Last Updated

കോഴിക്കോട് | മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം ഇന്ത്യന്‍ ഫാസിസമാണെന്ന് ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി. സിറാജ് ലൈവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതി ആര്‍ എസ് എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കു വഹിച്ച മാപ്പിള പോരാളികളേയും കമ്യൂണിസ്റ്റു രക്തസാക്ഷികളെ പുറന്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ പോരാളികളെ തമസ്‌കരിക്കാനുള്ള ഇത്തരം നീക്കത്തിനു പിന്നില്‍ എന്താണ്?

1921 ലെ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മലബാര്‍ സമരത്തില്‍ മൃത്യുവരിച്ച 380 ഓളം പേരെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത നൂറോളം കമ്യൂണിസ്റ്റ് രക്തസാക്ഷികളേയും ഇത്തരത്തില്‍ നീക്കം ചെയ്യുന്നുണ്ട്.

മാപ്പിളമാരും കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ അവരെ മാറ്റി നിര്‍ത്തി, ബാക്കിയുള്ളവരുടെ പേരുമാത്രം ഉള്‍പ്പെടുത്തിയുള്ള രക്തസാക്ഷി നിഘണ്ടു ഉണ്ടാക്കാനായിരിക്കും അവരുടെ ശ്രമം.

രക്തസാക്ഷികള്‍ക്കു മരണമില്ല. ഇതുകൊണ്ടൊന്നും അവരെ കൊന്നുകളയാനും കഴിയില്ല. ഇതൊന്നും ചെയ്യുന്നവര്‍ക്കു ചരിത്രത്തില്‍ നിന്ന് തങ്ങളുടെ ഒരു രക്തസാക്ഷിയെ എടുത്തുകാട്ടാനും ഇല്ല. അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുമില്ല. അതിനാല്‍ അവര്‍ ചരിത്ര പുസ്തകങ്ങളെല്ലാം മാറ്റി മാറിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ ഈ നീക്കങ്ങളൊക്കെയും.

എന്തുകൊണ്ട് മലബാര്‍ സമരത്തെ ലക്ഷ്യമിടുന്നു?

മുസ്!ലിംകളെ എല്ലാ തരത്തിലും ഇല്ലാതാക്കുക, അവരുടെ പേരുകള്‍ ചരിത്രത്തില്‍ നിന്നു മായ്ചുകളയുക എന്നതാണു ലക്ഷ്യം.മലബാര്‍ സമരത്തെ വ്യാഖാനിക്കാനോ സംവാദത്തിനോ സംഘപരിവാര്‍ തയ്യാറാല്ല. അത്തരം ഘട്ടത്തില്‍ മാത്രമേ മറുപടി പറയേണ്ട കാര്യമുള്ളൂ. മരിച്ചവരുടെ മതം നോക്കിയിട്ടല്ല ചരിത്രത്തെ വ്യാഖാനിക്കേണ്ടത്. അങ്ങിനെ വ്യാഖ്യാനിക്കുന്നതില്‍ അര്‍ഥമില്ല.

സമരത്തില്‍ ഹിന്ദുക്കളും മുസ്!ലിംകളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുഭാഗത്തും രണ്ടു മതക്കാരുമുണ്ടായിരുന്നു. മരിച്ചവരുടെ മതം നോക്കിയിട്ടു ചരിത്രം തീരുമാനിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ എന്താണു ചര്‍ച്ച ചെയ്യപ്പെടേണ്ടത്?

മലബാര്‍ സമരത്തിന്റെ ആദ്യവെടിമുഴങ്ങിയതിന്റെ നൂറാം വാര്‍ഷികം ആചരിക്കുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് പോരാളികളുടെ സാമ്രാജ്യത്ത്വ വിരോധവും ജനങ്ങള്‍ അനുഭവിച്ചിരുന്ന പീഢനങ്ങളുമാണ്. ജന്മി പക്ഷത്തുനിന്നും ബ്രിട്ടീഷുകാരുടെ പക്ഷത്തുനിന്നും ജനങ്ങള്‍ അനുഭവിച്ച ക്രൂരത അത്രയേറെ ഭീകരമായിരുന്നു. കാലാകാലമായി നടന്നു വന്ന ജന്മി വിരുദ്ധ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി ഖിലാഫത്തു കൂടി ചേരുമ്പോള്‍ അതിനു ദേശീയ സ്വഭാവം കൈവരികയായിരുന്നു.

എന്തുകൊണ്ടാണു സമരമുണ്ടായത് എന്നകാര്യമാണു ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതു സ്വാതന്ത്ര്യ സമരമായിരുന്നോ എന്നതിനപ്പുറം ചരിത്രം അന്വേഷിക്കുന്നത് ഒരു സമരത്തിലേക്കു ജനങ്ങളെ നയിച്ച യഥാര്‍ഥ കാരണം എന്തായിരുന്നു എന്നതാണ്. ഏതു സമരങ്ങളുടേയും പാര്‍ശ്വ ഫലങ്ങളായി പാടില്ലാത്തതു സംഭവിച്ചിട്ടുണ്ട്. നിര്‍ബന്ധ മത പരിവര്‍ത്തനം, രോഷംതീര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതോടൊപ്പം നടന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ബ്രിട്ടീഷുകാര്‍ ആസൂത്രിതമായ ശ്രമം നടത്തിയിരുന്നു.

മുസ്!ലിംകളെ പ്രകോപിപ്പിക്കാനും ഖിലാഫത്തിനെ തകര്‍ക്കാനും വേണ്ടിയാണ് ഇതു ചെയ്തത്. മുസ്!ലിം പള്ളികള്‍ ആക്രമിക്കാന്‍ വേണ്ടി ഹിന്ദുക്കളെ ഉപയോഗപ്പെടുത്താന്‍ നീക്കമുണ്ടായി. ബ്രിട്ടീഷുകാര്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എം എസ് പി) ഉണ്ടാക്കിയതു തന്നെ അതിനുവേണ്ടിയിട്ടായിരുന്നു. ഈ സേനയില്‍ നായന്‍, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരെ മാത്രമാണ് റിക്രൂട്ട് ചെയ്തിരുന്നത്. അവരുടെ സഹായത്തോടെ കോഴിക്കോട് ജില്ലയില്‍ തന്നെ നാലഞ്ചു പള്ളികള്‍ ആക്രമിച്ചു. ഇതു മുസ്!ലിംകളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയായിരുന്നു.

യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാരെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന ചേരിതിരിവു തന്നെയായിരുന്നു പോരാട്ടത്തിനു പിന്നില്‍.ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം മാത്രമല്ല, മുസ്!ലിംകളിലെ ജന്മിമാരും ബ്രിട്ടീഷുകാരെ അനുകൂലിക്കുന്നവരായിരുന്നു. 1921 ല്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണു നടന്നത്. മറ്റെല്ലാം അതിന്റെ പാര്‍ശ്വ ഫലങ്ങളാണ്. ഇക്കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

ഇത്തരം ചരിത്ര വിരുദ്ധമായ നീക്കങ്ങളെ എങ്ങിനെയാണു പ്രതിരോധിക്കുക?

ആര്‍ എസ് സുകാരുടെ വലിയ അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. രാജ്യവ്യാപകമായി ചരിത്ര വിരുദ്ധമായ പ്രചാരണം നടത്താന്‍ അവര്‍ തയ്യാറായി. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്. മതേതര വാദികളും ഇടതുപക്ഷവും ഫാസിസ്റ്റു വിരുദ്ധരും ശക്തമായി നിലക്കൊള്ളുന്നു. ഇത്തരം വിഭാഗീയതയെ തുറന്നു കാട്ടുന്ന നിരവധി ഗ്രന്ഥങ്ങള്‍ വരുന്നു. സര്‍വകലാശാലാ തലത്തില്‍ പുതിയ അന്വേഷണങ്ങള്‍ നടക്കുന്നു. കര്‍ഷക കുടിയാന്‍മാരുടെ പോരാട്ടം എന്ന നിലയില്‍ തന്നെ മലബാര്‍ സമരത്തെ വിലയിരുത്തപ്പെടുന്നു.

മതേതര സര്‍ക്കാറുകള്‍ക്കു തന്നെ ഇത്തരം ഫാസിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കുണ്ട്. പുന്നപ്ര വയലാര്‍, കയ്യൂര്‍ പോലുള്ള സമരങ്ങളേയും തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.

ചരിത്ര പഠനത്തെ തകിടം മറിക്കാന്‍ ശ്രമം ശക്തമാണ്. യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ പോലും ഇത്തരം തലയിടലുകള്‍ ഉണ്ടായേക്കാമെന്നു ഭയപ്പെടേണ്ടതാണ്. കേരളത്തിലെ ഇടതു സര്‍ക്കാറിന് ഇക്കാര്യത്തില്‍ വലിയ പ്രതിരോധം ഉയര്‍ത്താന്‍ കഴിയും.

ഗാന്ധിജിയെ ഇല്ലാതാക്കിയ ഫാസിസ്റ്റ് ശക്തികള്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ ഘട്ടത്തിലും അതിനെതിരെ നില്‍ക്കുകയും വര്‍ഗീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ചില തമസ്‌കരണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്ര നിഘണ്ടുവില്‍ നിന്നു പേരുവെട്ടിതുകൊണ്ട് മാഞ്ഞുപോകുന്നതല്ല പോരാട്ടങ്ങളുടെ ചരിത്രവും രക്തിസാക്ഷികളുടെ ത്യാഗവും. ഇതൊന്നും അറിയാത്തവരുടെ നീക്കങ്ങളാണ് ഇതിനുപിന്നില്‍. ഫാസിസ്റ്റുകളുടെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ മതേതര ശക്തികളും സദാ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest