National
'ഷുഐബുമായി വേർപിരിഞ്ഞിട്ട് മാസങ്ങളായി'; വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് സാനിയ മിർസ
സാനിയ - ഷുഐബ് ബന്ധം വഷളായതായി നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും സാനിയയോ കുടുംബമോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല.
ഹൈദരാബാദ് | പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഇരുവരും വിവാഹമോചിതരായിട്ട് മാസങ്ങൾ കഴിഞ്ഞെന്നും ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാനിയ അഭ്യർഥിച്ചു. സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിവാഹമോചന കാര്യം സാനിയയും കുടുംബവും സ്ഥിരീകരിച്ചത്. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും താരം അഭ്യർഥിച്ചു.
സാനിയ – ഷുഐബ് ബന്ധം വഷളായതായി നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും സാനിയയോ കുടുംബമോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഷുഐബ് മാലിക്, പാക് നടി സന ജാവേദിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സാനിയയും ഷുഐബും ബന്ധം വേർപിരിഞ്ഞ കാര്യം പുറത്തറിയുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ സാനിയയും കുടുംബവും വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള ‘ഖുല്‍അ’ നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാന്‍ മിര്‍സ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കഴിഞ്ഞ വർഷം ദുബൈയിൽ വെച്ച് ഇരുവരും കുട്ടിയുടെ ബർത്ത് ഡേ ആഘോഷിച്ചിരുന്നു.