Connect with us

National

'ഞങ്ങൾക്കിത് തമാശയല്ല സർ..'; അധ്യാപകന്റെ ഇസ്‍ലാമോഫോബിയക്ക് മുസ്‍ലിം വിദ്യാർഥിയുടെ ചുട്ട മറുപടി; വീഡിയോ വൈറൽ

കോളജിലെ പ്രൊഫസർ ഒരു വിദ്യാർഥിയോട് പേര് ചോദിക്കുന്നതാണ് തുടക്കം. കുട്ടി മുസ്‍ലിം പേര് പറഞ്ഞപ്പോൾ, 'നീ അജ്മൽ കസബിനെ പോലെയാണ്' എന്നായിരുന്നു പ്രൊഫസറുടെ മറുപടി. ഇതിന് ശക്തമായ ഭാഷയിൽ വിദ്യാർഥി മറുപടി നൽകുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

Published

|

Last Updated

ബംഗളൂരു | മുസ്‍ലിം വിദ്യാർഥിയെ തീവ്രവാദിയാക്കി ചിത്രീകരിച്ച അധ്യാപകന് ചുട്ട മറുപടി നൽകുന്ന വിദ്യാർഥിയുടെ വീഡിയോ വൈറലാകുന്നു. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥിയുടെ വീഡിയോയാണ് വൈറലാകുന്നത്.

കോളജിലെ പ്രൊഫസർ ഒരു വിദ്യാർഥിയോട് പേര് ചോദിക്കുന്നതാണ് തുടക്കം. കുട്ടി മുസ്‍ലിം പേര് പറഞ്ഞപ്പോൾ, ‘നീ അജ്മൽ കസബിനെ പോലെയാണ്’ എന്നായിരുന്നു പ്രൊഫസറുടെ മറുപടി. ഇതിന് ശക്തമായ ഭാഷയിൽ വിദ്യാർഥി മറുപടി നൽകുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

“26/11 തമാശയായിരുന്നില്ല. ഈ നാട്ടിൽ ഒരു മുസ്ലീം ആയത് കൊണ്ട് എല്ലാ ദിവസവും ഇതൊക്കെ നേരിടേണ്ടിവരുന്നത് തമാശയല്ല സാർ. എന്റെ മതത്തെ പറ്റി നിങ്ങൾക്ക് തമാശ പറയാൻ പറ്റില്ല, അതും ഇത്രയും തരംതാഴ്ന്ന രീതിയിൽ. ഇത് തമാശയല്ല സാർ” എന്നായിരുന്നു വിദ്യാർഥിയുടെ മറുപടി. ഇതുകേട്ടതോടെ നിലപാട് മാറ്റിയ അധ്യാപകൻ നീ എനിക്ക് എന്റെ മകനെപോലെയാണ് എന്ന് മറുപടി നൽകിയെങ്കിലും വിദ്യാർഥി വിട്ടില്ല. “നിങ്ങളുടെ മകനോട് അങ്ങനെ സംസാരിക്കുമോ? നിങ്ങൾ അവനെ തീവ്രവാദി എന്ന് വിളിക്കുമോ?” എന്നായിരുന്നു വിദ്യാർഥിയുടെ മറു ചോദ്യം.

“ഇല്ല” എന്ന് പ്രൊഫസർ മറുപടി നൽകിയപ്പോൾ വിദ്യാർത്ഥി തുടർന്നു: “പിന്നെ ഇത്രയധികം ആളുകളുടെ മുന്നിൽ വെച്ച് നിങ്ങൾക്ക് എന്നെ എങ്ങനെ വിളിക്കാൻ കഴിയും? നിങ്ങൾ ഒരു പ്രൊഫഷണലാണ്, നിങ്ങൾ പഠിപ്പിക്കുന്നു, ഒരു സോറി കെണ്ടെ് നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നതൊ എങ്ങനെ ചിത്രീകരിക്കുന്നുവെന്നതോ മാറുന്നില്ല.” തുടർന്ന് പ്രൊഫസർ വിദ്യാർഥിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. മറ്റ് വിദ്യാർത്ഥികൾ എല്ലാം നിശ്ശബ്ദം ഈ സംഭാഷണങ്ങൾ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധ്യാപകനെ സ്ഥാപനം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

26/11 മുംബൈ ഭീകരാക്രമണക്കേസിൽ ജീവനോടെ പിടികൂടപ്പെട്ട ഒരേ ഒരു പാക് ഭീകരനായിരുന്നു അജ്മൽ കസബ്. ഇയാളെ 2012ൽ ഇന്ത്യ തൂക്കിലേറ്റുകയായിരുന്നു.