National
'കംഗാരു കോടതികള്‍' രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നു; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ചീഫ് ജസ്റ്റിസ് എന്‍ വി രമണ
ജഡ്ജിമാര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതിനോടെല്ലാം ജഡ്ജിമാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനാവാത്തത് നിസ്സഹായതയോ ദൗര്‍ബല്യമോ ആയി കാണരുത്.
ന്യൂഡല്‍ഹി | കോടതികള്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ തെറ്റായ രീതിയില്‍ പ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ടെലിവിഷന്‍ ചര്‍ച്ചകളിലെയും സാമൂഹിക മാധ്യമങ്ങളിലെയും ‘കംഗാരു കോടതികള്‍’ രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതിനോടെല്ലാം ജഡ്ജിമാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനാവാത്തത് നിസ്സഹായതയോ ദൗര്‍ബല്യമോ ആയി കാണരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നവമാധ്യമങ്ങള്‍ക്ക് വലിയ പ്രചാരണം നല്‍കാനുള്ള കഴിവുണ്ട്. എന്നാല്‍ ശരിയും തെറ്റും നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ല. മാധ്യമവിചാരണകള്‍ കേസ് തീര്‍പ്പാക്കുമ്പോള്‍ അത് മാനദണ്ഡമാക്കാറില്ല. മാധ്യമങ്ങള്‍ കംഗാരു കോടതികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില സമയങ്ങളില്‍ അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്ക് പോലും തീരുമാനമെടുക്കുക പ്രയാസമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാര്യങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും വ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അച്ചടിമാധ്യമങ്ങള്‍ക്ക് ഇപ്പോഴും കുറച്ച് വിശ്വാസ്യതയുണ്ട്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്നതാണ് സ്ഥിതി. സാമൂഹിക മാധ്യമങ്ങളുടെ അവസ്ഥ അതിലും മോശമാണ്. മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ തയാറാകണമെന്നും ഇലക്ട്രോണിക് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.