k rail
'ഒരു ഇടനാഴി പോലെ വീണ്ടും കേരളത്തെ കീറിമുറിച്ച്, എന്തിനീ ഭ്രാന്ത്?'
ഉച്ചയുറക്കത്തിൽ, ആയിരക്കണക്കിന് കോടി അടിച്ചു മാറ്റാമെന്ന് പകൽ കിനാവ് കാണുന്നത് പാർട്ടി സെക്രട്ടറിയും മുഖ്യനും മാത്രമെന്നും അദ്ദേഹം കുറിച്ചു.
കെ റെയിലിനെതിരായ പ്രതിഷേധം, വിമോചന സമരത്തിലൂടെ സർക്കാറിനെ പുറത്താക്കുവാനുള്ള ശ്രമമായി ചിത്രീകരിക്കുന്ന കോടിയേരി ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണെന്ന് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഇടനാഴി പോലെ വീണ്ടും കേരളത്തെ കീറിമുറിച്ച് , എന്തിനീ ഭ്രാന്ത് ?. തീരദേശ പാത , ആറു വരി നാഷണൽ ഹൈവെ , സിൽവർ ലൈൻ, നിലവിലുള്ള റെയിൽപാത, ജലപാത , മലയോര പാത.. ജന നിബിഢവും പരിസ്ഥിതി ലോലവുമായ കേരളത്തെ പൂർണ്ണമായി തകർക്കും ഈ സിൽവർ ലൈൻ പദ്ധതി. നദികളുടെ ഒഴുക്ക് തടയപ്പെടുമെന്ന് ശാസ്ത്ര ലോകം ഒറ്റക്കെട്ടായി പറയുമ്പോൾ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വൈതാളിക സംഘവും അവരെ പരിഹസിക്കുന്നു. ഉച്ചയുറക്കത്തിൽ, ആയിരക്കണക്കിന് കോടി അടിച്ചു മാറ്റാമെന്ന് പകൽ കിനാവ് കാണുന്നത് പാർട്ടി സെക്രട്ടറിയും മുഖ്യനും മാത്രമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
സിൽവർ ലൈൻ : കോടിയേരി ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നു.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സിൽവർ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ആളിപ്പടരുകയാണ്. വിമോചന സമരത്തിലൂടെ സർക്കാറിനെ പുറത്താക്കുവാനുള്ള ശ്രമമായി ഇതിനെ ചിത്രീകരിക്കുന്ന കോടിയേരി ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണ്. കാസർഗോഡ് നിന്ന് 4 മണിക്കൂർ കൊണ്ട് 530 കി.മീറ്റർ ദൂരം താണ്ടി ഉപരിവർഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം യാത്രക്കാരെ തിരുവനന്തപുരത്തെത്തിക്കുകയാണ് ലക്ഷ്യമത്രെ. അതിനർത്ഥം സ്റ്റാന്റേർഡ് ഗേജ് പാതയിലൂടെ സിൽവർ ലൈൻ ട്രെയിനുകൾ മണിക്കൂറിൽ 132.5 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നാണ്.
ഇപ്പോൾ തന്നെ ഇന്ത്യൻ റെയിൽവെ , ബ്രോഡ് ഗേജിലൂടെ 160 കി.മീറ്റർ വേഗതയിൽ വന്ദേ ഭാരത് എക്സ്പ്രസ്സ്, ഗതിമാൻ എക്സ് പ്രസ്സ് വണ്ടികൾ ഓടിക്കുമ്പോഴാണ് കേരളത്തെ തകർത്തെറിഞ്ഞു കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം. 3. 3/4 കോടി ജനങ്ങൾ താമസിക്കുന്ന ഏറ്റവും ജന സാന്ദ്രതയുള്ള കൊച്ചു സംസ്ഥാനമാണ് കേരളം. ഒരു ഇടനാഴി പോലെ വീണ്ടും കേരളത്തെ കീറിമുറിച്ച് , എന്തിനീ ഭ്രാന്ത് ? തീരദേശ പാത , ആറു വരി നാഷണൽ ഹൈവെ , സിൽവർ ലൈൻ, നിലവിലുള്ള റെയിൽപാത, ജലപാത , മലയോര പാത.. ജന നിബിഢവും പരിസ്ഥിതി ലോലവുമായ കേരളത്തെ പൂർണ്ണമായി തകർക്കും ഈ സിൽവർ ലൈൻ പദ്ധതി.
കുടിയിറക്കപ്പെടുന്ന ലക്ഷങ്ങൾ, 2 ലക്ഷം കോടിയിലേറെ വരുന്ന സാമ്പത്തിക ബാധ്യത… നശിപ്പിക്കപ്പെടുന്ന തണ്ണീർതടങ്ങൾ, കണ്ടൽ കാടുകൾ , നെൽപ്പാടങ്ങൾ, ഇടിച്ചു നിരത്തപ്പെടുന്ന കുന്നുകൾ , തുരങ്കങ്ങൾ .. പശ്ചിമ ഘട്ട മലനിരകൾ നാമാവശേഷമാകാൻ പോകുന്നു .വീണ്ടും 25 ലക്ഷം ടോറസ് കരിങ്കല്ലും 20 ലക്ഷം ടോറസ് മണ്ണും എവിടെ നിന്ന് കിട്ടും ?
ഈ പദ്ധതി അനുവദിക്കില്ല , കേരളം. കോൺഗ്രസ്സും ആർ.എസ്സ്.എസ്സും, ബി.ജെ.പി.യും ജമാ-അത്തെ ഇസ്ലാമിയുമെല്ലാം കൈകോർക്കുന്നുവെന്ന പാർട്ടി സെക്രട്ടറിയുടെ അസംബന്ധജഡിലമായ പ്രസ്താവന ജനം ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു .ആർ.എസ്സ്. എസ്സും കോടിയേരിയുടെ പാർട്ടിയും സ്വാതന്ത്ര്യ സമര കാലത്ത് തുടങ്ങിയ ബന്ധം ആർക്കാണ് അറിയാത്തത് . ബി.ജെ.പി യുമായുള്ള സി.പി.എം. അന്തർധാര ഇപ്പോഴും തുടരുകയല്ലെ ?
– മുല്ലപ്പള്ളി രാമചന്ദ്രൻ