Articles
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ 'ജീവിതം'
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോക്നീതി-സി എസ് ഡി എസ് റിപോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ആധികാരിക ഗവേഷണ പഠനങ്ങളാണ് പങ്കുവെക്കുന്നത്.
നമ്മുടെ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമുള്ള ആധികാരിക ഗവേഷണ പഠനങ്ങള്‍ തുലോം കുറവാണ്. ഓരോ വര്‍ഷവും മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ താഴേക്ക് പോവുമ്പോഴും വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നവരുടെ ജീവിത നിലവാരവും പ്രതിസന്ധികളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറില്ല. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോക്നീതി-സി എസ് ഡി എസ് റിപോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ആധികാരിക ഗവേഷണ പഠനങ്ങളാണ് പങ്കുവെക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍ രാജ്യത്തെ 82 ശതമാനം മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ മാധ്യമ സ്ഥാപനങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണക്കുന്നുവെന്ന് വിശ്വസിക്കുന്നു എന്നതാണ്.
രാജ്യത്തെ മാധ്യമങ്ങള്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും അന്ധമായി ബി ജെ പിയെ പിന്തുണക്കുന്നു എന്നത് മാധ്യമ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാളെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പൊതു തിരഞ്ഞെടുപ്പുകളിലും പൊതുജനാഭിപ്രായ രൂപവത്കരണത്തിലും ഒട്ടുമിക്ക മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ പാര്‍ട്ടികളെയും പിന്തുണക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം നിലപാടുകള്‍ അനുകൂലിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുപ്രധാന സ്ഥാപനങ്ങളില്‍ സ്ഥാനചലനവും പതിവായി നടന്നു വരുന്നു. ബി ജെ പിയെ ശക്തമായി അനുകൂലിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് മാത്രം അതിജീവിക്കാന്‍ സാധിക്കുന്ന, അല്ലാത്തവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ തന്നെ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന ഒരു പ്രത്യേക സാഹചര്യത്തിലേക്ക് മാധ്യമരംഗം വഴിമാറിയിട്ട് വര്‍ഷങ്ങളായി. കോര്‍പറേറ്റ് മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഈ ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മലയാളത്തിലെ റിപോര്‍ട്ടര്‍ ടി വിയുടെ പുതിയ ചുവടുമാറ്റം.
ലോക്നീതിയുമായി സഹകരിച്ച്, രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന സാമൂഹിക ശാസ്ത്രജ്ഞരും ബുദ്ധിജീവികളും അക്കാദമിക വിദഗ്ധരും നേതൃത്വം നല്‍കുന്ന ഡല്‍ഹിയിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് ആണ് പുതിയ പഠനം പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയ ആശയത്തോടോ പാര്‍ട്ടിയോടോ വ്യക്തമായ ബന്ധം പുലര്‍ത്തുന്നവരും അതനുസരിച്ച് വാര്‍ത്തകളുടെ സ്വഭാവം തീരുമാനിക്കുന്നവരുമാണ്. ഈ ഗവേഷണ പഠനത്തിന് വേണ്ടി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പത്രപ്രവര്‍ത്തകരും ‘ഒരു രാഷ്ട്രീയ കക്ഷിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നുണ്ട്’ എന്ന് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ തന്നെ പത്തില്‍ എട്ട് പേരും ബി ജെ പിയെ അനുകൂലിക്കുന്നവരാണ്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് പുറമെ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെ കൂടി പരിഗണിക്കുമ്പോള്‍ ഇത് 89 ശതമാനമായി ഉയരും. ഇംഗ്ലീഷ് വാര്‍ത്താ മാധ്യമങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരില്‍ നാലിലൊന്ന് പേരും പറഞ്ഞത് തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം പൊതുവെ ബി ജെ പിയെ അനുകൂലിക്കുന്നു എന്നാണ്. അത് തുറന്നു പറയുന്നതില്‍ മാനേജ്മെന്റിന് യാതൊരു പ്രശ്നവും ഇല്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ രാഷ്ട്രീയ ചായ്്വ് കാരണം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. അതായത് ബി ജെ പിയെ അനുകൂലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജോലി തന്നെ നഷ്ടപ്പെടും എന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും സമ്മതിച്ചത്.
വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുമ്പോഴും അവതരിപ്പിക്കുമ്പോഴും നിലവിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ‘തീര്‍ത്തും പ്രതികൂലമായി’ കവര്‍ ചെയ്തുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വാര്‍ത്താ കവറേജില്‍, ഒരു കരുണയും ഇല്ലാതെ വിമര്‍ശിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം സ്വതന്ത്ര പത്രപ്രവര്‍ത്തകരും. വ്യവസ്ഥാപിത വാര്‍ത്താ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്പോള്‍ ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികളോട് ‘ഒട്ടും അനുകൂലമല്ലാത്ത പക്ഷപാതം’ കാണിക്കുന്നവരാണ് ഇവര്‍. ഇതിനര്‍ഥം, കാര്യങ്ങള്‍ ബി ജെ പി അനുകൂലമാകണം എന്ന് ന്യൂസ് റൂമുകളില്‍ പൊതുവെ ഒരു നാട്ടുനടപ്പുണ്ടെന്ന് രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും വിശ്വസിക്കുന്നു. ഇതേ നിലപാടുള്ള ആളുകള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ 69 ശതമാനമാണ്. ഇത് അച്ചടി മാധ്യമങ്ങളില്‍ 57 ശതമാനവും ടെലിവിഷന്‍ ചാനലുകളില്‍ 42 ശതമാനവുമാണ്.
ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ദിവസം നമ്മുടെ രാജ്യത്ത് പ്രിന്റ്, ടി വി, റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രേക്ഷകരിലെത്തുന്ന വാര്‍ത്തകളില്‍ മിക്കതും കേന്ദ്ര സര്‍ക്കാര്‍, ബി ജെ പി അനുകൂലമാണ് എന്ന് മനസ്സിലാക്കം. ഈ പ്രവണതക്കൊപ്പം കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ദേശീയ പ്രതിപക്ഷ പാര്‍ട്ടികള്‍, സംസ്ഥാന തലത്തില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവക്കെതിരെ വിവിധ മാനങ്ങളുള്ള വാര്‍ത്തകള്‍ ദിനംപ്രതി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു. ഇതൊരു നോര്‍മല്‍ ആകുകയും ഈ ട്രെന്‍ഡിനെതിരെയുള്ള ശബ്ദങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള്‍ നിരന്തരം നടക്കുകയും ചെയ്യുന്നു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഈ പ്രവണതയുടെ ആഴം വര്‍ധിക്കുകയും വാര്‍ത്ത എന്ന വസ്തുനിഷ്ഠമായ മൂല്യത്തിന് യാതൊരു പരിഗണനയും ലഭിക്കാതെ പോകുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ വഴിമാറുകയും ചെയ്യുന്നു.
ഇതോടൊപ്പം, മാധ്യമ പ്രവര്‍ത്തകരുടെ ജീവിതവുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങളും ലോക്നീതി-സി എസ് ഡി എസ് പുറത്തു വിടുന്നുണ്ട്. രാജ്യത്തെ പത്ത് മാധ്യമ പ്രവര്‍ത്തകരില്‍ ഏഴ് പേരും അവരുടെ ജോലിയുടെ സമ്മര്‍ദത്തില്‍ വലിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു എന്നതാണ് അവയിലൊന്ന്. അടുത്തിടെ മാധ്യമങ്ങളില്‍ കണ്ടുവരുന്ന വേഗത, റേറ്റിംഗ് മത്സരം, രാഷ്ട്രീയ നിലപാട്, ന്യൂസ് റൂമിനുള്ളിലെ ഈഗോ പ്രശ്നങ്ങള്‍, സോഷ്യല്‍ മീഡിയ ഉപയോഗം, മാനേജ്മെന്റ് അംഗങ്ങളുടെ പ്രൊഫഷനല്‍ അല്ലാത്ത ഇടപെടല്‍, വേതനം തുടങ്ങിയവയാണ് മാനസിക പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ വിവിധ ഭാഷകളിലെ ടി വി, പ്രിന്റ്, ഡിജിറ്റല്‍ എന്നീ മാധ്യമങ്ങളില്‍ നിന്നുള്ളവരായിരുന്നു. പ്രതികരിച്ചവരില്‍ 85 ശതമാനം സ്ത്രീകളും അവരുടെ ജോലിയുടെ ഭാഗമായി നേരിട്ട ദുരനുഭവങ്ങളില്‍ മനസികാഘാതം ഏറ്റവരാണ്. 66 ശതമാനം പുരുഷന്മാരും മാനസികമായി അസ്വസ്ഥരാണ്. ഇംഗ്ലീഷ് വാര്‍ത്താ ഓര്‍ഗനൈസേഷനുകളിലെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെയും മിഡ്-ലെവല്‍ ജേര്‍ണലിസ്റ്റുകള്‍ അവരുടെ മാനസികാരോഗ്യത്തെ ഗൗരവത്തില്‍ സമീപിക്കാത്തവരാണെന്നും ഈ പഠനം വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തനം എന്ന ജോലി പലരുടെയും ശാരീരികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ റിപോര്‍ട്ട് അനുസരിച്ച്, ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകരും ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമാണ് ശാരീരികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത്. പ്രതിദിനം അവര്‍ നേരിടുന്ന പ്രൊഫഷനല്‍ ഓവര്‍ലോഡ് സ്വന്തം കുടുംബവുമായുള്ള ഊഷ്മളമായ ബന്ധത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിക്കും ആഗോള സാമ്പത്തിക മാന്ദ്യത്തിനും ശേഷം, മാധ്യമ വ്യവസായത്തെ പിരിച്ചുവിടലുകള്‍ കാര്യമായി ബാധിച്ചതായും ഈ ഗവേഷണ പഠനം കണ്ടെത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പത്രപ്രവര്‍ത്തകരും തങ്ങളുടെ സ്ഥാപനത്തിലെ ആളുകളോട് ചെലവ് കുറക്കുന്നതിനും സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതിനുമായി പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പ്രതികരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇംഗ്ലീഷ് മീഡിയയിലെ മധ്യവയസ്‌കരായ 69 ശതമാനം പത്രപ്രവര്‍ത്തകരെയും 77 ശതമാനം മറ്റ് മാധ്യമപ്രവര്‍ത്തകരെയും ഇത് ബാധിച്ചിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങളിലെ നാലില്‍ മൂന്ന് പത്രപ്രവര്‍ത്തകര്‍ക്കും തങ്ങളുടെ നിലവിലെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. ഈ ആശങ്ക മിഡ് ലെവല്‍ ജേര്‍ണലിസ്റ്റുകള്‍ക്കിടയില്‍ വളരെ കൂടുതലാണ്.
ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങള്‍ അന്യായമായി മുസ്ലിം സമുദായത്തെ ലക്ഷ്യമിടുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 26 ശതമാനം പേരും പൂര്‍ണമായി അത് ശരിയാണെന്ന് സമ്മതിക്കുന്നുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്ന കണക്കാണ്. മിക്ക മാധ്യമ പ്രവര്‍ത്തകരും ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ പോലും പേടിക്കുകയാണുണ്ടായത്. അതേസമയം, മുസ്ലിംകള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് വലിയ വിപണി സാധ്യതയുണ്ട് എന്ന് മിക്ക പേര്‍ക്കും അഭിപ്രായമുണ്ട്. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ജീവനക്കാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ മാര്‍ഗനിര്‍ദേശങ്ങള്‍ വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരെയും ബാധിക്കുന്നുണ്ട്. പത്ത് ടെലിവിഷന്‍ ജേര്‍ണലിസ്റ്റുകളില്‍ ഏഴ് പേര്‍ക്കും ഇത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഹിന്ദി പത്രപ്രവര്‍ത്തകര്‍ക്ക് ഇതിനെക്കുറിച്ച് താരതമ്യേന ഭയം കുറവാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് മടിയുണ്ടെന്ന് പ്രതികരിച്ചവരില്‍ 30 ശതമാനം പേരും പറയുന്നുണ്ട്. ഓണ്‍ലൈനില്‍ വ്യാജവാര്‍ത്തകളുടെ വ്യാപനത്തെക്കുറിച്ച് വലിയ ആശങ്ക തന്നെ നിലനില്‍ക്കുന്നുണ്ട്. നാലില്‍ മൂന്ന് പത്രപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതില്‍ വലിയ ഉത്കണ്ഠ പ്രകടിപ്പിച്ചു. സര്‍വേയില്‍ പങ്കെടുത്ത മൊത്തം പത്രപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് പേരും ‘സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലോ ഇന്റര്‍നെറ്റിലോ പോസ്റ്റ് ചെയ്യുന്ന തെറ്റായ വിവരങ്ങളില്‍ ഏറെ ആശങ്കാകുലരാണ്. റിപോര്‍ട്ടിന്റെ മറ്റൊരു കണ്ടെത്തല്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉപദ്രവം നേരിടാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. 78 ശതമാനം ഡിജിറ്റല്‍ ജേര്‍ണലിസ്റ്റുകളും കഴിഞ്ഞ വര്‍ഷം അവരുടെ ഓണ്‍ലൈന്‍ പോസ്റ്റുകളുടെ പേരില്‍ പീഡനം അനുഭവിച്ചിട്ടുണ്ട്. ഹിന്ദി മാധ്യമങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് മീഡിയയില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കകള്‍ കൂടുതലാണ്. പ്രിന്റ് ജേര്‍ണലിസ്റ്റുകളില്‍ 55 ശതമാനവും ഡിജിറ്റല്‍ ജേര്‍ണലിസ്റ്റുകളില്‍ 36 ശതമാനവും വെളിപ്പെടുത്തുന്നത് അവരുടെ ജോലി ശരിയായി ചെയ്യാനുള്ള സ്വാതന്ത്ര്യം കുറവാണ് എന്നാണ്. ദേശീയ മാധ്യമങ്ങളേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് അഞ്ചില്‍ മൂന്ന് പത്രപ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്. മൂന്നില്‍ ഒരാള്‍ ജോലിയില്‍ ലിംഗപരമായ വിവേചനം നേരിട്ടിട്ടുണ്ട്. സ്ത്രീകള്‍ അതിന് കൂടുതല്‍ സാധ്യതയുള്ളവരാണ്. തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ കാരണം സഹപ്രവര്‍ത്തകരില്‍ നിന്ന് വിവേചനം അനുഭവിച്ചത് 45 ശതമാനം പേരാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വാര്‍ത്താ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വാര്‍ത്താ കവറേജിന്റെ ഗുണനിലവാരം നഷ്ടപ്പെട്ടു എന്നതും ഈ പഠനത്തിലെ ശ്രദ്ധേയമായ കണ്ടെത്തലാണ്. ഒരുപക്ഷേ, പുതിയ പഠനത്തിലെ ഏറ്റവും അടിയന്തരമായി തിരുത്തലുകള്‍ ആവശ്യമായി വരുന്ന മാറ്റവും ഇതാണ്. വാര്‍ത്തകളുടെ മത്സരയോട്ടത്തിനിടയില്‍ തങ്ങള്‍ കവര്‍ ചെയ്യുന്ന വാര്‍ത്തകളുടെ തന്നെ മൂല്യം ചോരുന്നത് എത്രമേല്‍ ഗുരുതരമാണ്. ഇതിനിടയില്‍ ആശ്വസിക്കാവുന്ന ഒന്ന്, വാര്‍ത്താ വെബ്സൈറ്റുകള്‍ താരതമ്യേന മെച്ചപ്പെട്ട റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നതാണ്.
ചുരുക്കത്തില്‍, രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെ ജീവിതവും ജോലിയും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ചിലത് സ്വയം പരിഹരിക്കാവുന്നതും മറ്റു ചിലത് വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകള്‍, മാനേജ്മെന്റുകള്‍ ഇടപെട്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതുമാണ്.