Kerala
'വിദ്യാർഥികളെ കേൾക്കുന്നു' : എസ് എസ് എഫ് സംസ്ഥാന നേതൃ പര്യടനത്തിന് നാളെ തുടക്കം
120 കേന്ദ്രങ്ങളിൽ സംഗമം നടക്കും. ഈ മാസം 22 മുതൽ 29 വരെ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ അജണ്ടകൾ പ്രധാന ചർച്ചയാകും
കോഴിക്കോട് | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി ‘വിദ്യാർഥികളെ കേൾക്കുന്നു’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന നേതൃ പര്യടനത്തിന് നാളെ തുടക്കമാകും. കേരളത്തിലെ 120 കേന്ദ്രങ്ങളിൽ നടക്കുന്ന സംഗമങ്ങൾക്ക് സംസ്ഥാന ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും നേതൃത്വം നൽകും. സംഘടനയുടെ അംഗങ്ങളായ ഓരോ പ്രവർത്തകർക്കും പറയുവാനുള്ളത് കേൾക്കുവാനും അവരുടെ ആശയങ്ങൾ പങ്കുവെക്കാനുമുള്ള അവസരം പര്യടനത്തിൽ ഉണ്ടായിരിക്കും.
ഈ മാസം 22 മുതൽ 29 വരെ എസ് എസ് എഫ് കണ്ണൂരിൽ സംഘടിപ്പിക്കുന്ന കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ അജണ്ടകൾ പര്യടനത്തിൽ പ്രധാന ചർച്ചയാകും. പുതിയ കാലത്ത് വിദ്യാർത്ഥികളിൽ രൂപപ്പെടേണ്ട സാമൂഹികവും സാംസ്കാരികവും ധാർമികവുമായ ഉയർച്ചകളും വിദ്യാഭ്യാസ മുന്നേറ്റങ്ങളും സംഗമങ്ങളിൽ ചർച്ച ചെയ്യും. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന ഗോൾഡൻ ഫിഫ്റ്റി സമ്മേളന പ്രമേയത്തിന്റെ പഠനവും സംഗമത്തിൽ നടക്കും.
1973ൽ സ്ഥാപിതമായ സംഘടന കഴിഞ്ഞ 50 വർഷമായി കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ശക്തമായ ധാർമിക മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കാലികമായ വിഷയങ്ങളിൽ ശരിയുടെ പക്ഷത്ത് നിന്ന് കൊണ്ട് നേരിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന തീരുമാനങ്ങളാണ് എസ് എസ് എഫ് കൈക്കൊണ്ടിട്ടുള്ളതും പ്രവർത്തകരെ പഠിപ്പിച്ചിട്ടുള്ളതും. ഇതിന്റെ തുടർച്ച തന്നെയാണ് പര്യടനത്തിലും നടക്കുക. യൂണിറ്റ്, സെക്ടർ ഭാരവാഹികളാണ് സംഗമത്തിൽ പങ്കെടുക്കുക. പര്യടനം ഞായറാഴ്ച അവസാനിക്കും.
---- facebook comment plugin here -----