Kerala
ഗുജറാത്ത് വംശഹത്യ ഓർമിപ്പിച്ച് 'എംപുരാന്‍' സിനിമ; ബി ജെ പി രണ്ട് തട്ടിൽ; പൃഥ്വിരാജിനെതിരെ ആർ എസ് എസ് മുഖപത്രം
ആര്‍ എസ് എസ് മുഖപത്രം ഓർഗനൈസറും യുവമോര്‍ച്ചയും സിനിമക്കെതിരെ ഹിന്ദുത്വ വികാരം ഉയര്‍ത്തിവിടാനുള്ള ശ്രമവുമായി രംഗത്ത്

കോഴിക്കോട് | മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്റെ പേരില്‍ ബി ജെ പി രണ്ടു ചേരിയില്‍. സിനിമയെ കലാ സൃഷ്ടി എന്ന നിലയില്‍ അതിന്റെ വഴിക്കു വിട്ടാല്‍ മതിയെന്നും സിനിമ ബി ജെ പിയെ ബാധിക്കില്ലെന്നും ഒരു വിഭാഗം നിലപാടു സ്വീകരിക്കുമ്പോള്‍ സിനിമക്കെതിരെ വര്‍ഗീയ വികാരം ഉണര്‍ത്തിവിടാനുള്ള ശ്രമം മറുഭാഗത്തും നടക്കുന്നു.
സിനിമ ഇറങ്ങിയ ഉടനെ പ്രമേയത്തിന്റെ പേരില്‍ സിനിമക്കെതിരെ തിരിയുന്നത് ബി ജെ പിയുടെ രീതിയല്ലെന്നായിരുന്നു മുതിര്‍ന്ന നേതാവ് എം ടി രമേഷ് നിലപാട് അറിയിച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും സമാനമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ ആര്‍ എസ് എസ് മുഖപത്രവും യുവമോര്‍ച്ചയുമെല്ലാം സിനിമക്കെതിരെ ഹിന്ദുത്വ വികാരം ഉയര്‍ത്തിവിടാനുള്ള ശ്രമവുമായി രംഗത്ത് വരികയായിരുന്നു.
ഹിന്ദുവിരുദ്ധ അജണ്ടയാണ് സിനിമക്കുള്ളതെന്ന ആരോപണമാണ് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഉന്നയിച്ചത്. ചിത്രത്തില്‍ 2002 ലെ ഗുജറാത്ത് വംശഹത്യയിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതായും നടന്‍ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ഓർഗനൈസർ പറയുന്നു. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണെന്നും ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിര്‍മിച്ചതെന്നും ലേഖനത്തിലുണ്ട്. മോഹന്‍ലാലിനെപ്പോലുള്ള അനുഭവസമ്പത്തുള്ള നടന്‍ ഈ കഥ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കുന്നു. പൃഥ്വിരാജിന്റെ രാഷ്ട്രീയം പലപ്പോഴും വ്യക്തമായിട്ടുള്ളതാണെന്നും സിനിമയിലെ രംഗങ്ങള്‍ ഞെട്ടിപ്പിക്കുന്നതുമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.
നടനും സംവിധായകനുമായി പൃഥ്വിരാജിനെതിരെ യുവമോര്‍ച്ചയും രംഗത്തുവന്നു. താരത്തിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്നാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ആവശ്യപ്പെട്ടത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു. എംപുരാന്‍ സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ കൂടിയായ പൃഥ്വിരാജിനുമെതിരെ ഒരു വിഭാഗം സൈബര്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
സിനിമ സെന്‍സര്‍ ചെയ്യുന്നതില്‍ സെന്‍സര്‍ബോര്‍ഡിലെ ആര്‍ എസ് എസ് നോമിനികള്‍ വേണ്ട ഇടപെടല്‍ നടത്തിയില്ലെന്നു ബി ജെ പിയിലെ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് രണ്ട് കട്ടുകള്‍ ആണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശത്തിലുമാണ് സെന്‍സര്‍ബോര്‍ഡ് കട്ട് നല്‍കിയെന്നാണു വിവരം.