Connect with us

Ongoing News

'എന്റെ ഫുട്‌ബോള്‍ യാത്ര ഇവിടെ അവസാനിക്കുന്നു'; ബൂട്ടഴിച്ച് ഇതിഹാസ താരം മാഴ്‌സലോ

കരിയറില്‍ ബ്രസീലിനായി 58 തവണ ബൂട്ടണിഞ്ഞ മാഴ്‌സലോ ക്ലബ് ഫുട്‌ബോളില്‍ 656 തവണയും കളത്തിലിറങ്ങി. 36ാം വയസ്സിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

Published

|

Last Updated

സാവോപോളോ | ബൂട്ടഴിച്ച് ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം മാഴ്‌സലോ വിയേര ഡ സില്‍വ ജൂനിയര്‍. 36ാം വയസ്സിലാണ്, സ്പാനിഷ് ക്ലബ് റിയല്‍ മാഡ്രിഡിന്റെ മികവുറ്റ മുന്‍ പ്രതിരോധ നിര താരം കൂടിയായ മാഴ്‌സലോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കരിയറില്‍ ബ്രസീലിനായി 58 തവണ ബൂട്ടണിഞ്ഞ മാഴ്‌സലോ ക്ലബ് ഫുട്‌ബോളില്‍ 656 തവണയും കളത്തിലിറങ്ങി. തുടക്കത്തില്‍ ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനെന്‍സിനായി കളിച്ച മാഴ്‌സലോ 2007ല്‍ തന്റെ 18ാം വയസ്സില്‍ റിയല്‍ മാഡ്രിഡില്‍ ചേര്‍ന്നു. പിന്നീട് ഒന്നര പതിറ്റാണ്ടു കാലം സാന്റിയാഗോ ബെര്‍ണബ്യൂവിനായി പന്ത് തട്ടി.

അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് ലാലിഗയും ഉള്‍പ്പെടെ റയലിന്റെ 25 കിരീട നേട്ടങ്ങളില്‍ പ്രധാന പങ്കാളിയായിരുന്നു മാഴ്‌സലോ. 2013ല്‍ കോണ്‍ഫെഡറേഷന്‍ കപ്പ്് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു.

‘ഒരു ഫുട്‌ബോളര്‍ എന്ന നിലയിലുള്ള എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു. എന്നാല്‍, ഫുട്‌ബോളിനായി എനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. എല്ലാത്തിനും നന്ദി.’- മാഴ്‌സലോ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

റിയല്‍ മാഡ്രിഡിന്‍ഖെയും ലോക ഫുട്‌ബോളിന്റെയും ചരിത്രത്തില്‍ ഏറ്റവും മികച്ച ഇടത് വിംഗ് ബേക്കായിരുന്നു മാഴ്‌സലോ എന്ന് റിയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസ് പറഞ്ഞു.

 

 

Latest