Ongoing News
'എന്റെ മനസ്സാകെ ശൂന്യമായിരുന്നു'; ടി20 ലോകകപ്പ് ഫൈനലിലെ സംഘര്‍ഷ നിമിഷങ്ങളെ കുറിച്ച് രോഹിത്
'വരാനിരിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. ആ നിമിഷത്തില്‍ മനസ്സുറപ്പിക്കുകയും ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനമായിരുന്നു.'
ന്യൂഡല്‍ഹി | ടി20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവറുകളില്‍ അനുഭവിച്ച സമ്മര്‍ദം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആ നിമിഷങ്ങളില്‍ മനസ്സാകെ ശൂന്യമായ അവസ്ഥയിലായി പോയെന്ന് രോഹിത് പറഞ്ഞു. ആറ് വിക്കറ്റ് ശേഷിക്കേ 30 പന്തില്‍ 30 റണ്‍സ് മാത്രം മതിയെന്ന മികച്ച നിലയില്‍ ദക്ഷിണാഫ്രിക്ക നില്‍ക്കേയാണ് ഇന്ത്യ വിജയം തട്ടിയെടുത്തത്.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ കിടിലന്‍ ഷോട്ടുകളുതിര്‍ത്ത് ഹെന്റിക് ക്ലാസന്‍ മികച്ച ഫോമില്‍ മുന്നേറിയപ്പോള്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചതാണ്. മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും ക്ലാസന്‍ പന്ത് അടിച്ചു പറത്തി. 23 പന്തില്‍ താരം അര്‍ധശതകത്തിലെത്തി. നിര്‍ണായകമായ അവസാന ്ഞ്ച് ഓവറുകളുടെ പ്രാധാന്യത്തെ കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നു രോഹിതിന്.
‘അതെ, എന്റെ മനസ്സാകെ ശൂന്യമായ അവസ്ഥയിലായിരുന്നു. വരാനിരിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. ആ നിമിഷത്തില്‍ മനസ്സുറപ്പിക്കുകയും ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനമായിരുന്നു. മാത്രമല്ല, ശാന്തമായി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയെന്നത് ഞങ്ങളെല്ലാവരെയും സംബന്ധിച്ചും പ്രധാനമായിരുന്നു.’- ഡള്ളാസില്‍ നടന്ന ഒരു പരിപാടിക്കിടെ രോഹിത് പറഞ്ഞു.
അമിത സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ശാന്തത കൈവിടാതിരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കിയത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും രോഹിത് പ്രതികരിച്ചു. ‘ആ അഞ്ചോവര്‍ നിരീക്ഷിച്ചാല്‍ അറിയാം ഞങ്ങള്‍ എത്രമാത്രം ശാന്തരായിരുന്നുവെന്ന്. പ്രവൃത്തിയില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടുതലായി മറ്റൊന്നും ചിന്തിക്കാന്‍ നിന്നില്ല. പരിഭ്രാന്തരാകാതിരുന്നത് ടീമിന് ഗുണം ചെയ്തു.’-രോഹിത് വാചാലനായി.
ദക്ഷിണാഫ്രിക്ക എളുപ്പത്തില്‍ ജയിക്കാനാകുന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ജസ്പ്രിത് ബുംറ പന്തെറിയാനെത്തിയത്. തന്റെ അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയ ബുംറ മാര്‍കോ ജാന്‍സന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി. പിന്നീട് അര്‍ഷദീപ് തന്റെ ഓവറില്‍ വിട്ടുകൊടുത്തത് നാല് റണ്‍സ് മാത്രം. 17-ാം ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ അപകടകാരിയായ ക്ലാസന്റെ വിക്കറ്റെടുത്തു. അവസാന ഓവര്‍ എറിയുന്ന ദൗത്യം ഏറ്റെടുത്ത ഹാര്‍ദിക്, നിലയുറപ്പിച്ചിരുന്ന ഡേവിഡ് മില്ലറുടെ വിക്കറ്റ് ആദ്യ പന്തില്‍ തന്നെ കടപുഴക്കി. സൂര്യകുമാര്‍ യാദവിന്റെ അവിശ്വസനീയ കാച്ചാണ് ഈ വിക്കറ്റ് ഇന്ത്യക്ക് സമ്മാനിച്ചത്. മില്ലര്‍ പുറത്തായ ശേഷം കാര്യങ്ങള്‍ എളുപ്പമായി. ഇന്ത്യ ഏഴ് റണ്‍സിന്റെ വിജയം നേടുകയും 11 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്ത്യ 2024 ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.