Connect with us

Kerala

'ഫാസിസത്തോടും നെഹ്റു സന്ധി ചെയ്തു': വാക്കുപിഴയെന്ന് സുധാകരൻ

'സംഘ്പരിവാറിനെ ജനാധിപത്യമൂല്യങ്ങൾ ഓർമപ്പെടുത്താനാണ് പ്രസംഗത്തിൽ പഴയകാല ചരിത്രം പരാമർശിച്ചത്.'

Published

|

Last Updated

കണ്ണൂർ | നവോത്ഥാന സദസ്സിൽ ജവഹർലാൽ നെഹ്‌റു പോലും വർഗീയ ഫാസിസത്തോട് സന്ധിചെയ്തിരുന്നുവെന്ന രീതിയിലുള്ള പ്രസംഗത്തിൽ വിശദീകരണവുമായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയർത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

നെഹ്റുവിനെ തമസ്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോൺഗ്രസ്സ് മുക്ത ഭാരതം പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന സംഘ്പരിവാറിനെ ജനാധിപത്യമൂല്യങ്ങൾ ഓർമപ്പെടുത്താനാണ് പ്രസംഗത്തിൽ പഴയകാല ചരിത്രം പരാമർശിച്ചത്. അതിനിടയിലുണ്ടായ വാക്കുപിഴയാണ്. മനസ്സിൽ പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് എത്തിച്ചതെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വർഗീയ ഫാസിസത്തോട് സന്ധി ചെയ്‌തെന്നാണ് സുധാകരൻ പറഞ്ഞിരുന്നത്. കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കി.

അംഗീകൃത പ്രതിപക്ഷമില്ലാതിരുന്നിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നൽകിയതും ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണ്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്യില്ല. വിമർശങ്ങൾക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസിന്റെ തോട്ടടയിലെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നുവെന്ന പ്രസ്താവന മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായിരിക്കെയാണ് സുധാകരന്റെ പുതിയ വിവാദം.

Latest