fuel price hike
'19 എണ്ണമല്ല ,നിലവില്‍ ഡല്‍ഹിയില്‍ 28 തികച്ചുമുണ്ട് ധനമന്ത്രി'; കെ എന്‍ ബാലഗോപാലിന് മറുപടിയുമായി രമ്യാ ഹരിദാസ് എം പി
'ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 25 രൂപയ്ക്ക് മുകളില്‍ സംസ്ഥാനം വാങ്ങിക്കുന്ന നികുതിയില്‍നിന്ന് അഞ്ചു രൂപയെങ്കിലും കുറവ് വരുത്തി കാണിക്കൂ. എന്നിട്ട് പോരേ മറ്റുള്ളവരോടുള്ള പരിഹാസം'

പാലക്കാട് | ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധിക്കാന്‍ നിയമസഭയില്‍ സൈക്കിളിലെത്തിയ പ്രതിപക്ഷ എം എല്‍ എമാരെ പരിഹസിച്ച സംസ്ഥാന ധനവകുപ്പ് മന്ത്രിക്ക് മറുപടിയുമായി ആലത്തുര്‍ എം പി രമ്യ ഹരിദാസ്. കേരളത്തില്‍ ഇന്ധന വില കുറയ്ക്കാന്‍ പറയുമ്പോള്‍ റൊമാനിയയിലേക്കും ഉത്തരകൊറിയയിലേക്കും വിയറ്റ്‌നാമിലേക്കും നോക്കാന്‍ പറയുന്ന ‘സന്ദേശ’ത്തിലെ കോട്ടപ്പള്ളി പ്രഭാകരന്‍ ആകാതെ സാധാരണക്കാരനെ സഹായിക്കാന്‍ ഇന്ധനവിലയിലെ അമിത നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന് രമ്യാ ഹരിദാസ് തിരിച്ചടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമ്യാ ഹരിദാസിന്റെ മറുപടി.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
താങ്കള്‍ കാളവണ്ടിയില്‍ പോയി സമരം നടത്താന്‍ പറഞ്ഞവര്‍ പാര്‍ലമെന്റിനകത്തും പുറത്തും വ്യത്യസ്ത സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചും കക്ഷികള്‍ പ്രത്യേകമായും സമരം നടത്തിയിട്ടുണ്ട്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായി കേന്ദ്ര സര്‍ക്കാരിനെതിരെ ക്യാമ്പയിന്‍ നടത്തിയിട്ടുണ്ട്. അതിന്റെയൊക്കെ കൂടി ഫലമാണ് ധനമന്ത്രീ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ താല്‍ക്കാലിക വിലക്കുറവ്. കേരളത്തില്‍ ഇന്ധന വില കുറയ്ക്കാന്‍ പറയുമ്പോള്‍ റൊമാനിയയിലേക്കും ഉത്തരകൊറിയയിലേക്കും വിയറ്റ്‌നാമിലേക്കും നോക്കാന്‍ പറയുന്ന ‘സന്ദേശ’ത്തിലെ കോട്ടപ്പള്ളി പ്രഭാകരന്‍ ആകാതെ സാധാരണക്കാരനെ സഹായിക്കാന്‍ ഇന്ധനവിലയിലെ അമിത നികുതി കുറയ്ക്കുകയാണ് വേണ്ടത്. കര്‍ണാടകത്തിലെയും മാഹിയിലെയും അതിര്‍ത്തി ഗ്രാമങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിലക്കുറവിന്റെ ബോര്‍ഡുകള്‍ കേരളത്തിലെ ധനമന്ത്രിക്കും സര്‍ക്കാരിനും എതിരെയുള്ള ചൂണ്ടുപലകയാണ്. സാധാരണക്കാരോട് ഒപ്പമെന്ന പതിവ് പല്ലവി സമ്മേളനങ്ങളിലും സെമിനാറുകളിലും മാത്രം പോരാ, പ്രായോഗികവല്‍ക്കരിക്കാന്‍ കൂടി ശ്രമിക്കണം. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 25 രൂപയ്ക്ക് മുകളില്‍ സംസ്ഥാനം വാങ്ങിക്കുന്ന നികുതിയില്‍നിന്ന് അഞ്ചു രൂപയെങ്കിലും കുറവ് വരുത്തി കാണിക്കൂ. എന്നിട്ട് പോരേ മറ്റുള്ളവരോടുള്ള പരിഹാസം.