bihar
'ജംഗിള്‍ രാജല്ല, ഇന്നത്തെ അഫ്ഗാനിസ്ഥാന്‍'; ബീഹാറില്‍ ലാലുവിന്റെ ഭരണകാലത്തിന് ബി ജെ പിയുടെ പുതിയ ഉപമ
ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യയിലെ താലിബാനാണ് ആര്‍ എസ് എസ് എന്ന ആര്‍ ജെ ഡി നേതാവ് ജഗദാനന്ദ് സിംഗിന്റെ പ്രസ്താവനയാണ് സുശീല്‍ മോദിയെ ചൊടിപ്പിച്ചത്
പട്‌ന | ബീഹാറിലെ ലാലു പ്രസാദ് യാദവിന്റേയും ഭാര്യ റാബ്‌റി ദേവിയുടേയും ഭരണകാലത്തെ നിലവിലെ അഫ്ഗാന്‍ സാഹചര്യങ്ങളോട് ഉപമിച്ച് ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി. നേരത്തെ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡി ഭരണത്തെ ജംഗിള്‍ രാജ് എന്നായിരുന്നു രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കാറുണ്ടായിരുന്നത്. 1990 മുതല്‍ 2005 വരെയുള്ള ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ഭരണം ബീഹാറിന്റെ ഇന്നത്തെ അവസ്ഥക്ക് സമാനമാക്കിയെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
തോക്ക് കാണിച്ച് തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുടെ വ്യവസായം പച്ചപിടിച്ചു. നൂറിലേറെ കൂട്ടക്കൊലകള്‍ നടന്നു, ലാലുവിന്റേയും റാബ്‌റിയുടേയും മോശം ഭരണം മൂലം സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിച്ചിരുന്നില്ലെന്നും സുശീല്‍ കുമാര്‍ മോദി വിമര്‍ശിച്ചു. വിദ്യഭ്യാസ മേഖല താറുമാറായെന്നും വികസന മുരടിപ്പായിരുന്നു ഇക്കാലത്തെന്നും രാജ്യസഭാ എം പി കൂടിയായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യയിലെ താലിബാനാണ് ആര്‍ എസ് എസ് എന്ന ആര്‍ ജെ ഡി നേതാവ് ജഗദാനന്ദ് സിംഗിന്റെ പ്രസ്താവനയാണ് സുശീല്‍ മോദിയെ ചൊടിപ്പിച്ചത്. ഇത്തരം ശക്തികള്‍ക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചതിനാണ് ലാലു പ്രസാദ് യാദവിനെ ജയിലിലിട്ടതെന്ന് കഴിഞ്ഞ ദിവസം ആര്‍ ജെ ഡി ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ജഗദാനന്ദ് സിംഗ് പറഞ്ഞിരുന്നു.