Kerala
'ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യും'; പ്രകോപന പരാമര്‍ശവുമായി എം എം മണി
'ഡ്യൂട്ടിയില്‍ രാഷ്ട്രീയമെടുത്താന്‍ ഞങ്ങളുമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല.'
ഇടുക്കി | മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പരാമര്‍ശങ്ങളുമായി സി പി എം നേതാവും എം എല്‍ എയും മുന്‍ മന്ത്രിയുമായ എം എം മണി. നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോല കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് പ്രകോപന പരാമര്‍ശം.
‘ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യും. അത് പോലീസായാലും ആര്‍ ടി ഒ ആയാലും കലക്ടറായാലും. ഡ്യൂട്ടിയില്‍ രാഷ്ട്രീയമെടുത്താന്‍ ഞങ്ങളുമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല.’- ഇതായിരുന്നു എം എം മണിയുടെ പരാമര്‍ശം.
നേരത്തെ മൂന്നാറിലെ ദൗത്യസംഘത്തിനെതിരെയും മണി അതിരൂക്ഷമായി പ്രതികരിച്ചിരുന്നു. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തെ ചെറുക്കുമെന്ന് മണി പറഞ്ഞു.
ദൗത്യസംഘം കൈയേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എം എം മണി പറഞ്ഞു.