National
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി
പദ്ധതി നടപ്പാക്കുന്നതിന് ഭരണഘടനയിലെ അഞ്ച് വകുപ്പുകൾ ഭേദഗതി ചെയ്യേണ്ടി വരും
ന്യൂഡൽഹി | രാജ്യവ്യാപകമായി പാർലിമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയിലേക്ക് വേഗത്തിൽ ചുവടുവെച്ച് കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭേദഗതി ബില്ലുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പദ്ധതി നടപ്പാക്കുന്നതിന് ഭരണഘടനയിലെ അഞ്ച് വകുപ്പുകൾ ഭേദഗതി ചെയ്യേണ്ടി വരും. ഇതിനുള്ള ബില്ലുകൾക്കാണ് മന്ത്രിസാ യോഗം അനുമതി നൽകിയത്. നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാർലിമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
ഓരോ ദേശീയ സെൻസസിന് ശേഷവും സംസ്ഥാനങ്ങൾ തിരിച്ചുള്ള ലോക്‌സഭാ സീറ്റ് വിഭജനം, പ്രാദേശിക മണ്ഡലങ്ങളായി സംസ്ഥാനങ്ങളെ വിഭജിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 82-ൽ ഭേദഗതി വരുത്തുന്നതിനുള്ളതാണ് ഒരു ബിൽ. ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധികൾ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഭേദഗതി.
ലോക്‌സഭയുടെയും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിയമനിർമ്മാണ അസംബ്ലികളുടെയും കാലാവധിയും പിരിച്ചുവിടലും കൈകാര്യം ചെയ്യുന്ന ആർട്ടിക്കിളുകൾക്ക് രണ്ടാമത്തെ ബിൽ ബദൽ നിർദ്ദേശിക്കും. ഇതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം വേണ്ടിവരുമെന്ന് കരുതുന്നില്ല. എങ്കിലും, സംസ്ഥാനളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, ലോക്‌സഭയിലേക്കും അസംബ്ലികളിലേക്കുമുള്ള തിരഞ്ഞെടുപ്പിന് ഒപ്പം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ കൂടി നടത്താനുള്ള നീക്കത്തിന് പകുതിയിലധികം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. ആദ്യഘട്ടത്തിൽ പാർലിമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഏകീകരിക്കുന്നത് എങ്കിൽ അടുത്ത ഘട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പുകളും ഇതോടൊന്നിച്ച് നടത്തുവാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതി പദ്ധതി സംബന്ധിച്ച് പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ സെപ്തംബറിൽ കേന്ദ്ര മന്ത്രിഭസഭാ യോഗം അംഗീകരിച്ചതാണ്. റിപ്പോർട്ട് നടപ്പിലാക്കാൻ ആവശ്യമായ ഭരണഘടനാ ഭേദഗതികൾ പാർലിമെന്റിൽ പാസ്സാക്കി എടുക്കുക എന്നതാണ് സർക്കാറിന്റെ മുന്നിലുള്ള അടുത്ത നടപടി.