International
‘ഒരു വശത്ത് നിറയെ ട്രക്കുകൾ, മറുവശത്ത് ഒഴിഞ്ഞ വയറുകൾ’: യുഎൻ മേധാവി
ഹമാസ് ആക്രമണത്തിന്റെ പേരിൽ ഫലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അന്റോണിയോ ഗുട്ടെറസ്
ന്യൂയോർക്ക് | ഇസ്റാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ പേരിൽ ഫലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സിവിലിയൻമാരുടെ സംരക്ഷണത്തിനും ആശുപത്രികൾ, സ്‌കൂളുകൾ, യുഎൻ പരിസരങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ സൗകര്യങ്ങളിൽ ബോംബിടുന്നത് നിർത്താനും ഇസ്റാഈലിനോട് ഗുട്ടെറസ് ആഹ്വാനം ചെയ്തു.
യുദ്ധത്തിന്റെ വിശാലമായ സന്ദർഭം ചൂണ്ടിക്കാണിച്ച ഗുട്ടെറസ്, ഇസ്റാഈൽ-ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് സ്ഥിരമായ പരിഹാരമെന്ന് വ്യക്തമാക്കി. ഇസ്റാഈലികൾ അവരുടെ സുരക്ഷക്ക് വേണ്ടി ചെയ്യുന്ന ന്യായമായ കാര്യങ്ങൾ കാണണം. അതോടൊപ്പം ഒരു സ്വതന്ത്ര രാഷ്ട്രത്തിനായുള്ള ഫലസ്തീനികളുടെ സ്വതന്ത്രമായ അഭിലാഷവും കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലേക്ക് സുസ്ഥിരമായ സഹായ വിതരണം ഉറപ്പാക്കാൻ എല്ലാ കക്ഷികളുമായും യുഎൻ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഗസ്സയിലെ ജനങ്ങൾക്ക് കൂടുതൽ കാര്യങ്ങൾക്കായി വളരെയധികം പ്രതിബദ്ധത ആവശ്യമാണ്. ഒരു വശത്ത് നിറയെ ട്രക്കുകൾ നിൽക്കുമ്പോൾ, മറുവശത്ത് ഒഴിഞ്ഞ വയറുകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.