punjab election 2022
'ചന്നിയെ പിന്തുണച്ച് രണ്ടേ രണ്ടുപേര്‍'; അമരീന്ദറിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയാവേണ്ടിയുരുന്നത് താനെന്ന് മുന്‍ പി സി സി അധ്യക്ഷന്‍
രാഹുല്‍ ഗാന്ധി തനിക്ക് വെച്ചു നീട്ടിയ ഉപമുഖ്യമന്ത്രി സ്ഥാനം അന്ന് താന്‍ വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി
അമൃത്സര്‍ | നവ്‌ജ്യോത് സിംഗ് സിദ്ധുവുമായുള്ള തുറന്ന പോരിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതിന് പിന്നാലെ പഞ്ചാബില്‍ മുഖ്യമന്ത്രിയാവേണ്ടിയിരുന്നത് താനെന്ന അവകാശവാദവുമായി മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍. അന്ന് 79 എം എല്‍ എമാരില്‍ 42 പേര്‍ തന്നെ പിന്തുണിച്ചിരുന്നുവെന്നും ഝാക്കര്‍ അവകാശപ്പെട്ടു.
അബോഹറില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നും ഝാക്കര്‍. 42 എം എല്‍ എമാര്‍ തന്നെ പിന്തുണച്ചപ്പോള്‍ വെറും രണ്ട് പേരാണ് ചരണ്‍ ജിത് സിംഗ് ചന്നിയെ പിന്തുണച്ചത്. രാഹുല്‍ ഗാന്ധി തനിക്ക് വെച്ചു നീട്ടിയ ഉപമുഖ്യമന്ത്രി സ്ഥാനം അന്ന് താന്‍ വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്ന് 16 എം എല്‍ എമാര്‍ സുഖ്ജീന്ദര്‍ രണ്‍ധാവയെ പിന്തുണച്ചു. 12 പേര്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ ഉപമുഖ്യമന്ത്രിയാവണമെന്ന് അവകാശപ്പെട്ടു. വെറും ആറുപേര്‍ മാത്രമാണ് സിദ്ധു മുഖ്യമന്ത്രി ആവണമെന്ന് ആവശ്യപ്പെട്ടതെന്നും ഝാക്കര്‍ വ്യക്തമാക്കി.
ഫെബ്രുവരി 20ന് പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തുന്ന പഞ്ചാബില്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളാണ് മുതിര്‍ന്ന നേതാവും മുന്‍ പി സി സി പ്രസിഡന്റുമായ സുനില്‍ ഝാക്കര്‍ നടത്തിവരുന്നത്.