National
'നമ്മുടെ നാട് അപകടത്തിലാണ്'; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്
2023 മെയ് മൂന്നിനു ശേഷമുണ്ടായ ദുരന്തപൂര്‍ണമായ സംഭവങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിന് സംസ്ഥാന ഭരണ സംവിധാനത്തിന് കഴിഞ്ഞില്ല.'

ഗുവാഹത്തി | നിങ്ങളുടെ ഭൂമിയും സ്വത്വവും ഭീഷണിയിലാണെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്, വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പദവിയില്‍ നിന്ന് താഴെയിറങ്ങേണ്ടി വന്ന ബിരേന്‍ സിങ് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് വന്നതിനു ശേഷം എക്‌സില്‍ നല്‍കിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്റെ തദ്ദേശീയരായ സുഹൃത്തുക്കളെ, നമ്മുടെ ഭൂമിയും സ്വത്വവും ഭീഷണിയെ നേരിടുകയാണ്. ചെറിയ ജനസംഖ്യയും പരിമിതമായ വിഭവങ്ങളുമായി നമ്മള്‍ ദുര്‍ബലമായി നിന്നു. 2023 മെയ് രണ്ടു വരെയുള്ള കാലയളവില്‍ പരിക്ഷീണനാവാതെ അനധികൃത കുടിയേറ്റങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും എനിക്ക് കഴിഞ്ഞു. എന്നാല്‍ 2023 മെയ് മൂന്നിനു ശേഷമുണ്ടായ ദുരന്തപൂര്‍ണമായ സംഭവങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിന് സംസ്ഥാന ഭരണ സംവിധാനത്തിന് കഴിഞ്ഞില്ല.’
മണിപ്പൂരും-മ്യാന്‍മറും പങ്കിടുന്ന 398 കിലോമീറ്റര്‍ വരുന്ന കാവല്‍ രഹിത അതിര്‍ത്തിയും ഫ്രീ മൂവ്മെന്റ് റെജിം നയവും (എഫ് എം ആര്‍) സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെ അതിവേഗം മാറ്റിമറിക്കുകയാണ്. ഇത് വെറും ഊഹമല്ല. ഇത് നമ്മുടെ കണ്‍മുന്നിലാണ് സംഭവിക്കുന്നത്. 2017 മാര്‍ച്ചില്‍ നമ്മുടെ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം വെല്ലുവിളികള്‍ കൂടുതല്‍ വ്യാപകമായി. 2023 മെയ് മൂന്നിലെ സംഭവത്തിനു ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി.
രാജ്യത്തിന്റെ തീരുമാനങ്ങളെടുക്കുന്ന ഉയര്‍ന്ന ഘടകത്തില്‍ മൂന്ന് എം പിമാര്‍ മാത്രമാണ് നമ്മെ പ്രതിനിധീകരിക്കാനുള്ളത്. ഈ സാഹചര്യത്തിലും അഭിമാനത്തോടെയും പ്രതിരോധ ശേഷിയോടെയും തകര്‍ക്കാനാകാത്ത ഊര്‍ജത്തോടെയുണാണ് നമ്മള്‍ നിലകൊണ്ടത്. മണിപ്പൂരിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിച്ചു വരികയാണ്. സമൂഹത്തിന് വലിയ ഭീഷണിയാണ് ഇത് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തേക്ക് അനധികൃതമായി എത്തിയവരില്‍ ചെറിയ വിഭാഗത്തെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. എന്നാല്‍, ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത ഒരുപാടുപേരുണ്ട്. എന്നാല്‍, എനിക്ക് സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും അചഞ്ചലമായ പ്രതിബദ്ധതയോടെയും ഞാന്‍ എന്റെ പോരാട്ടം തുടരും.’- ബിരേന്‍ സിങ് വിശദീകരിച്ചു.