Connect with us

Featured

'ബഹിരാകാശ ടൂറിസം സാധ്യതകളുടെ പറുദീസ...'

ഭൂമിയെ വലംവെച്ചു വന്ന ഒരു കഥയോ കഥാപാത്രമോ പുരാണേതിഹാസങ്ങളിലോ വേദോപനിഷത്തുകളിലോ അപസർപ്പക കഥകളിലോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം ഒരു കൗതുകമായി ബാക്കിയിരിക്കട്ടെ. പക്ഷേ,..

ബഹിരാകാശ യാത്രകൾ എന്നതുതന്നെ ഒരു കാലഘട്ടത്തിൽ വളരെ സാഹസം നിറഞ്ഞതായിരുന്നു. ശാസ്ത്ര പര്യവേക്ഷകർക്കു മാത്രം ലഭിച്ചിരുന്ന സഞ്ചാര സ്വാതന്ത്ര്യം. എന്നാൽ, ഭൂമിയുടെ വലയത്തിന് അപ്പുറത്തേക്കുള്ള യാത്രക്ക് ഇപ്പോൾ പുതിയ മാനം കൈവന്നിരിക്കുന്നു. ലോകത്തെ ശതകോടീശ്വരന്മാരെല്ലാം ബഹിരാകാശ യാത്രയുടെ അത്ഭുതപ്പെടുത്തുന്ന അനുഭവം നുകരുകയാണ്. വെർജിൻ ഗലാക്റ്റിക് കമ്പനിയുടെ ഉടമ റിച്ചാർഡ് ബ്രാൻസൻ തന്റെ വി എസ് എസ് യൂനിറ്റി എന്ന റോക്കറ്റ് വിമാനത്തിൽ ബഹിരാകാശം തൊട്ട് ആദ്യവിജയത്തിൽ മുത്തമിട്ട വാർത്ത ലോകം അത്ഭുതത്തോടെയാണ് ശ്രവിച്ചത്. സാധാരണക്കാർക്കും ബഹിരാകാശത്തേക്ക് സഞ്ചരിക്കാനുള്ള വാതായനമാണ് വെർജിന്റെ ബഹിരാകാശ യാത്രയിലൂടെ സംജാതമായിരിക്കുന്നത്. ബഹിരാകാശത്തേക്ക് വിനോദയാത്ര നടത്താം എന്ന “വട്ടൻ’ ആശയത്തെ ലോകജനതക്ക് മുമ്പിൽ വിജയിച്ചു കാണിക്കുമ്പോൾ വെർജിക്കൽ ഗലാക്റ്റിക് കമ്പനി നടത്തുന്ന ബഹിരാകാശ വിനോദയാത്രക്ക് ടെസ്്ല മേധാവി ഇലോൺ മസ്‌ക് അടക്കമുള്ള പ്രമുഖരും കോടീശ്വരന്മാരും സീറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുകയാണ്. അങ്ങനെ കാത്തിരിക്കുന്നവരുടെ സംഘത്തിൽ ഒരു മലയാളി കൂടിയുണ്ട്. മറ്റാരുമല്ല, സോഷ്യൽ മീഡിയ ജനങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് ലോകത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ യാത്രകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്കെത്തിച്ച സഞ്ചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ യാത്രികൾ കോട്ടയം ജില്ലയിലെ പാലാക്കടുത്തുള്ള മരങ്ങാട്ടുപള്ളി എന്ന കൊച്ചുഗ്രാമത്തിൽനിന്ന് ലോകത്തെ നോക്കിക്കണ്ട സന്തോഷ് ജോർജ് കുളങ്ങരയാണ് ആ ഭാഗ്യവാൻ. രണ്ടരലക്ഷം ഡോളർ (ഏകദേശം 1.8 കോടി രൂപ) യാത്രാച്ചെലവ് കണക്കാക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആ ലോക സഞ്ചാരി. പണം മുടക്കാൻ കഴിയുന്ന ആർക്കും ബഹിരാകാശ യാത്രക്കുള്ള സാധ്യത തെളിഞ്ഞതോടെ ആദ്യമായി ബഹിരാകാശ ടൂറിസം നടത്തുന്ന മലയാളി യാത്രികൻ എന്ന ചരിത്രത്താളുകളിൽ സ്വർണലിപികളിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ പേര് എഴുതിച്ചേർക്കപ്പെടും. ബഹിരാകാശ യാത്രയിലേക്കു നയിച്ച അനുഭവങ്ങൾ കൗതുകമുളവാക്കുന്നതാണ്.

ബഹിരാകാശ
യാത്രയെന്ന ചിന്ത

യു കെയിലെ യാത്രക്കിടയിലാണ് ആ വാർത്ത കണ്ടത്. വെർജിൻ ഗലാക്റ്റിക് കമ്പനി ഉടമയും ശതകോടീശ്വരനുമായ സർ റിച്ചഡ് ബ്രാൻസൻ സ്‌പേസ് ടൂറിസം എന്ന ആശയം ആരംഭിക്കുന്നു. ഇനി സാധാരണക്കാർക്കും സ്‌പേസിലേക്കു പോകാം. നിങ്ങൾക്കും സ്‌പേസ് ടൂറിസ്റ്റാകാം എന്ന വാർത്ത, എനിക്കതു കൗതുകമായി. സാധാരണ മനുഷ്യർക്കും ബഹിരാകാശത്തേക്ക് പോകാനുള്ള അവസരം ഒരുക്കുകയാണെന്നത് എന്റെ ശ്രദ്ധയാകർഷിച്ചു. ആ കാലത്ത് ഞാൻ ധാരാളം രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് സഞ്ചാരം പരിപാടി സംപ്രഷണം ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ബഹിരാകാശത്തേക്ക് സാധാരണ ഒരാൾക്ക് പോകാൻ അവസരം ഉണ്ടാകുമ്പോൾ പോകേണ്ടതാണെന്ന് എനിക്കു തോന്നി. ഞാൻ ബഹിരാകാശത്തേക്കു പോയാൽ എന്റെ പ്രേക്ഷകർക്കും ഈ അനുഭവത്തിൽ പങ്കെടുക്കാൻ കഴിയുമല്ലോ. അത് നല്ലൊരു ആശയമായിരിക്കും. എന്റെ വലിയ ആഗ്രഹമൊന്നും ആയിരുന്നില്ല ബഹിരാകാശ യാത്ര. ആ സമയം ഭൂമിയിലെ കാഴ്ചകളിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലൂടെ ഞാൻ സഞ്ചരിച്ചുകഴിഞ്ഞു. ഇനി വലിയ അത്ഭുതങ്ങളൊന്നും ഭൂമിയിൽ കാണാനായുണ്ടാകില്ല. സ്പേസിലേക്കുള്ള യാത്ര എന്നു പറയുന്നത് മറ്റൊരനുഭവമാണ്. അനുഭവം മാത്രമല്ല അടുത്ത തലമുറയുടെ യാത്ര അതാണ്. കേരളത്തിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള ആളുകൾക്കും അതിന് സാധിക്കും എന്നത് തെളിയിക്കുക എന്നതും പ്രധാന കാരണമാണല്ലോ എന്ന ചിന്തയാണ് അപ്പോൾ ഉണ്ടായിരുന്നത്. തുടർന്ന് 2007ൽ വെർജിൻ ഗലാക്റ്റിക് കമ്പനിയുമായി ബന്ധപ്പെട്ടു. അതിന്റെ നടപടിക്രമങ്ങൾ ദീർഘകാലത്തെ ഒരു പ്രക്രിയയായിരുന്നു. വെർജിൻ ഗലാക്റ്റിക്കുമായി നിരവധി തവണ ആശയവിനിമയങ്ങൾ നടന്നു. അങ്ങനെ ഒടുവിൽ യാത്രക്കായി ഒരു സീറ്റ് അനുവദിക്കപ്പെട്ടു.

സന്തോഷ് ജോര്‍ജ് കുളങ്ങര വെര്‍ജിന്‍ ഗലാക്റ്റിക് കമ്പനിയുടെ ഉടമ റിച്ചഡ് ബ്രാന്‍സനൊപ്പം

കഠിനാധ്വാനവും
കടമ്പകളും

വെർജിൻ സീറ്റ് അനുവദിച്ചതോടെ പിന്നെ യാത്രക്കായുള്ള ശാരീരിക മാനസിക തയ്യാറെടുപ്പുകൾക്കു വേണ്ടിയുള്ള പരിശീലനങ്ങളും ക്ലാസുകളുമായിരുന്നു. ബഹിരാകാശ ടൂറിസത്തിന് സജ്ജരായിട്ടുള്ള ടൂറിസ്റ്റുകളെ ടീമായി തിരിച്ച് ആറോ ഏഴോ പേർക്കാണ് പരിശീലനം നൽകിയിരുന്നത്. പ്രധാനമായും രണ്ട് വിധം പരിശീലനങ്ങളാണ് ഉണ്ടായിരുന്നത്. ഗ്രാവിറ്റി കൂടുന്ന അവസ്ഥ, സ്പേസിൽ എത്തിക്കഴിഞ്ഞാൽ ഗ്രാവിറ്റി തീരെ ഇല്ലാതാകുന്ന അവസ്ഥ. ഈ രണ്ട് പ്രശ്നങ്ങളെയും അതിജീവിക്കേണ്ടതുണ്ട്. ഇതാണ് പരിശീലനങ്ങളുടെ രണ്ട് ഘട്ടങ്ങൾ. പിന്നീട് ബഹിരാകാശ വാഹനത്തിനുള്ളിൽ എങ്ങനെ പെരുമാറണം, എങ്ങനെ യാത്ര ചെയ്യണം, ഓരോ ഘട്ടത്തിലും നമ്മൾ എന്തൊക്കെ പ്രവർത്തനങ്ങളിൽ ഏർപ്പെടണം… ഇങ്ങനെ തുടർന്നുള്ള ബഹിരാകാശ വാഹനത്തിലെ പരിശീലനങ്ങളാണ് അവസാന ഘട്ടം. ഇതിനായി സീറോ ഗ്രാവിറ്റി പരിശീനമായിരുന്ന ആദ്യം വെർജിൻ നൽകിയത്. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽ വെച്ചായിരുന്നു സീറോ ഗ്രാവിറ്റി പരിശീലനം. അതിന്റെ ആദ്യ ഘട്ടം ഇതിന്റെ തിയറി ക്ലാസുകളായിരുന്നു. സീറോ ഗ്രാവിറ്റി എന്നു പറഞ്ഞാൽ, നമ്മൾ ഇപ്പോൾ നടക്കുമ്പോൾ നമുക്ക് സ്വാഭാവികമാണ് ഈ ഭാരമൊക്കെ. എന്നാൽ, പെട്ടെന്ന് ഭാരം ഇല്ലാതാകുന്ന അവസ്ഥയിൽ നിലത്തുകൂടി കാലുറപ്പിച്ച് നടക്കാൻ പറ്റാതെ പതിയെ അന്തരീക്ഷത്തിലൂടെ ഒഴുകിനടക്കാൻ തുടങ്ങും. വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ നമുക്ക് ഭാരത്തിന്റെ അളവ് കുറഞ്ഞതായി അനുഭവപ്പെടും. ഏതാണ്ട് അതുപോലെ അതിന്റെ പലമടങ്ങ് ഭാരരഹിതമായ അവസ്ഥ നമുക്ക് അനുഭവപ്പെടും.

എന്നാൽ, പ്രശ്‌നം ഭാരരഹിതമായ അവസ്ഥയല്ല, ഈ ഭാരം തിരിച്ചുവരുമ്പോഴുള്ള അവസ്ഥയാണ്. വിമാനം താഴേക്ക് വീഴുമ്പോഴാണ് ഭാരമില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നത്. അത് വീണ്ടും മുകളിലേക്ക് ഉയരുമ്പോൾ നമുക്ക് പഴയ ഭാരം ഉള്ളതായി അനുഭവപ്പെടും. അപ്പോഴാണ് യാഥാർഥത്തിൽ നമ്മുടെ ശരീരത്തിൽ എത്ര ഭാരമുണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നത്. ബാല്യം മുതൽ തന്നെ ഭാരം കൂടിക്കൂടി വന്നാണ് നമ്മൾ ഇതുവരെ എത്തിയതു എന്നത് കൊണ്ട് ആ ഭാരം നമ്മൾ അറിയുന്നില്ല. എന്നാൽ, ഭാരം നഷ്ടപ്പെട്ട് പെട്ടെന്ന് ശരീരത്തിന് ഭാരം തിരിച്ചുകിട്ടുന്ന അവസ്ഥയിലാണ് നിങ്ങൾ ശരിക്കുമുള്ള ഭാരം എത്രയാണെന്ന് അറിയുന്നത്. അതൊരു വ്യത്യസ്തമായ അനുഭവമാണ്. സീറോഗ്രാവിറ്റിയെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് സീറോ ഗ്രാവിറ്റി കഴിഞ്ഞ് ഭാരം തിരിച്ചുകിട്ടുമ്പോഴുണ്ടാകുന്ന ഒരു അനുഭവമാണ്. പെട്ടെന്ന് നമ്മുടെ ശരീരത്തിന് ഉയർന്ന് നിൽക്കാനാകില്ല. കൈയുയർത്താൻ കഴിയില്ല. കിടക്കുകയാണ് കുറെ നേരത്തേക്ക്. തലയുയർത്താൻ പോലും കഴിയില്ല. അത്രയും ഭാരമാണ് തലക്കൊക്കെ അനുഭവപ്പെടുക.

അത്ഭുതം, രസകരം
സീറോഗ്രാവിറ്റി അനുഭവം

ഭാരമില്ലാത്ത അവസ്ഥ എന്ന പരിശീലനം ഭൂമിയിൽ വെച്ച് കിട്ടുക എന്നത് ബുദ്ധിമുട്ടാണ്. കാരണം, ഭൂമിയിൽ എവിടെയും നമുക്ക് ഭാരമുണ്ട്. ഭൂമി താഴേക്ക് നമ്മളെ ആകർഷിക്കുന്നതുകൊണ്ടാണത്. അതിനായി പ്രത്യേക തരം എയർക്രാഫ്റ്റിൽ പറത്തി മുകളിൽകൊണ്ടുവന്ന് താഴേക്ക് പതിക്കുമ്പോൾ ആർട്ടിഫിഷ്യലായി ഈ എയർക്യാഫ്റ്റിനകത്ത് സീറോഗ്രാവിറ്റി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മുകളിൽ വെച്ച് വിമാനം പലതവണ താഴേക്ക് വീഴുകയും വീണ്ടും കുതിച്ചുയരുകയും ചെയ്യുന്ന പറക്കൽ. മലയാളത്തിലെ “ഗ’ എന്ന അക്ഷരത്തിന്റെ രൂപത്തിലായിരുന്നു പറക്കൽ. ആ പറക്കലിലാണ് സീറോ ഗ്രാവിറ്റി വിമാനത്തിനുള്ളിൽ സൃഷ്ടിക്കപ്പെടുന്നത്. ടൈറ്റസ്‌വില്ലെ എന്നു പറയുന്ന സ്ഥലത്താണ് നാസയുടെ ഷട്ടിൽ ലാൻഡിംഗ് ഫെസിലിറ്റി.

അടുത്തതായി ഷട്ടിൽ ലാൻഡിംഗ് സംവിധാനത്തിലേക്കു പോകുകയാണ്. പരിശീലകൻ നൽകിയ പ്രത്യേകതരം ഫ്ലൈറ്റ് സ്യൂട്ട് ധരിച്ചായിരുന്നു യാത്ര. ടൈറ്റസ്‌വില്ലെയിലേക്ക് ബസിൽ ഞാൻ അടങ്ങുന്ന ബഹിരാകാശ യാത്രികരും പരിശീലകരും മെഡിക്കൽ ടീമും. ഞങ്ങൾ പറക്കേണ്ടുന്ന ഫ്ലൈറ്റിന് അരികിലേക്ക് യാത്ര തുടങ്ങി. ബസ് യാത്രക്കിടയിലെ നിരവധി സുരക്ഷാ പരിശോധനകൾക്കു ശേഷം ഞങ്ങൾ വിമാനത്തിന് അടുത്തെത്തി. ആ സമയം സീറോഗ്രാവിറ്റി അനുഭവപ്പെടുത്താൻ പോകുന്ന പ്രത്യേകതരത്തിലുള്ള വിമാനം റൺവേയിൽ പറക്കാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. മറ്റ് വിമാനങ്ങളിൽനിന്നും വ്യത്യസ്തമായി വിമാനത്തിന്റെ വാൽഭാഗത്തായി ഉണ്ടായിരുന്ന ഏണിപ്പടികളിലൂടെയാണ് അകത്തേക്ക് കയറുന്നത്. ഇതിന്റെ ഉൾവശം പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു. പിൻഭാഗത്ത് കസേരകൾ സ്ഥാപിച്ച് മുൻഭാഗത്തിന്റെ പകുതിയിലേറെ ഭാഗം ഒരു കുഴൽപോലെയായിരുന്നു. അതിന്റെ ചുവരുകളിലും നിലത്തും സ്‌പോഞ്ചുപോലുള്ള വസ്തുപിടിപ്പിച്ചിരുന്നു. അവിടെയാണ് ഞങ്ങൾ സീറോ ഗ്രാവിറ്റി അറിയാൻ പോകുന്നത്. മുൻനിരയിലെ സീറ്റിൽ ഞാൻ സ്ഥാനമുറപ്പിച്ചു. സീറോഗ്രാവിറ്റി അനുഭവിക്കുന്നതിന് മുമ്പ് പരിശീലകൻ ഒന്നുകൂടി പഠിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിച്ചു. തുടർന്ന് വിമാനം ടൈറ്റസ്‌വില്ലെയുടെ റൺവേയിലൂടെ ഓടിക്കുതിച്ച് മുകളിലേക്കുയർന്നു. പിന്നീട് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മുകളിലൂടെ കുറെ സഞ്ചരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് “ഗ’ ആകൃതിയിലുള്ള പാരാബോളിക് അഭ്യാസങ്ങൾ നടക്കാൻ പോകുന്നത്. 40,000 അടി ഉയരത്തിലൂടെ വിമാനം ഈ സമയം പറക്കുകയാണ്. ഇനിയാണ് സീറോഗ്രാവിറ്റിയെന്ന അത്ഭുതാനുഭവത്തിലേക്ക് കടക്കാൻ പോകുന്നത്. ഞങ്ങൾ ധരിച്ചിരുന്ന ഷൂസ് ഊരിമാറ്റി, അവർ നൽകിയ കനമുള്ള സോക്‌സ് ധരിച്ചു. സീറോഗ്രാവിറ്റി അനുഭവിക്കുമ്പോൾ ശരീരത്തിൽ കട്ടിയുള്ള ഒരു വസ്തുവും കാണാൻ പാടില്ല. പിന്നീട് വിമാനത്തിന്റെ മുൻവശത്തേക്ക് ശൂന്യമായ ഭാഗത്ത് എല്ലാവരും ചെന്നു അവരവരുടെ സ്ഥാനങ്ങളിൽ നിലത്തുകിടന്നു. അതിനുശേഷം വിമാനം താഴേക്കു വീഴുന്നതിനായുള്ള സൈറൺ മുഴങ്ങി, വിമാനം വീഴ്ചയാരംഭിച്ചു. ഈ വീഴ്ചയിൽ നിലത്തുകിടന്ന ഞങ്ങൾ പതിയെ പൊങ്ങിത്തുടങ്ങി. പലരും ഒരു അപ്പൂപ്പൻതാടി പോലെ അന്തരീക്ഷത്തിൽ പൊങ്ങിക്കറങ്ങാൻ ആരംഭിച്ചു. ഈ സമയം കൂട്ടത്തിലുള്ള ചിലർ കൂവാനും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനും തുടങ്ങി. എല്ലാവരും ഭാരരഹിതമായതിന്റെ രസകരമായ ഒരു അനുഭവത്തിലായിരുന്നു. പാരബോളിക് ഫ്ലൈറ്റ് കഴിയുമ്പോൾ ഒരു മുന്നറിയിപ്പ് തരും. അപ്പോൾ എല്ലാവരും ബലമായി നിലത്തുപോയിക്കിടക്കണം. ഇല്ലെങ്കിൽ തിരിച്ച് കുതിച്ചുയരുമ്പോൾ ചക്കവീഴുന്നതുപോലെ താഴേക്ക് വീഴും. ഭാരരഹിത അവസ്ഥയിൽനിന്ന് ഭാരമുള്ള അവസ്ഥയിലേക്ക് വരുമ്പോൾ എത്ര ഭീകരമായ അവസ്ഥയാണെന്ന് അപ്പോഴാണ് അറിയുന്നത്.

വെര്‍ജിന്‍ ഗലാക്റ്റിക് കമ്പനി ഉടമ റിച്ചഡ് ബ്രാന്‍സന്‍

ശരീരം ഞെരിഞ്ഞമരുന്ന
ജി റ്റോളറൻസ്

ഫിലാഡൽഫിയക്ക് സമീപമുള്ള നാസ്താർ സെന്ററിലായിരുന്നു ഗ്രാവിറ്റി റ്റോളറൻസ് പരിശീലനം. അവിടെയുള്ള സ്പേസ് ഫ്ലൈറ്റ് സിമുലേറ്ററിലെ ചെറിയ ഒരു പെട്ടിക്കകത്താണ് ഗ്രാവിറ്റി റ്റോളറൻസ് അനുഭവിച്ചറിയാൻ പോകുന്നത്. ആ പെട്ടിക്കുള്ളിൽ വലിയൊരു സ്‌ക്രീനുണ്ട്. അതിൽ വിമാനത്തിന്റെ പുറത്തുനിന്ന് ഭൂമിയിലേക്ക് നോക്കുന്നതുപോലുള്ള ദൃശ്യങ്ങളാണ് നമ്മൾ കാണുന്നത്. ഇരുപത് അടി നീളമുള്ള ഒരു യന്ത്രക്കൈയുടെ അറ്റത്താണ് നമ്മൾ കയറിയിരിക്കുന്ന പെട്ടിയുള്ളത്. ആ കൈ കറങ്ങുന്നതിന് അനുസരിച്ച് പെട്ടിയും പല തലങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കും. യഥാർഥത്തിൽ ബഹിരാകാശത്തേക്ക് നമ്മൾ പോകുന്ന അനുഭവമാണ് ആ പെട്ടിക്കുള്ളിൽ ഇരിക്കുമ്പോൾ സാധ്യമാകുന്നത്. ഈ സമയം പുറത്തെ നിരീക്ഷണ സ്‌ക്രീനുകളിൽ പരിശീലകൻ നമ്മുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കും. അതിനിടയിൽ പെട്ടിക്കുള്ളിൽ ഗ്രാവിറ്റി പതിയെ കൂടിവരും. ഗ്രാവിറ്റി കൂടിവരുമ്പോൾ നമ്മുടെ ശരീരത്തിൽ വലിയ ഭാരം അനുഭവപ്പെട്ടുതുടങ്ങും. ശരീരത്തിൽനിന്ന് മാംസം ആരോ വലിച്ചെടുക്കുന്ന അനുഭവമാണത്. ബഹിരാകാശത്തുനിന്ന് താഴേക്കിറങ്ങുന്ന അവസ്ഥയും പരിശീലിച്ചു. തിരിച്ചു വീണ്ടും ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ ഭൂമിയുടെ ആകർഷണ വലയത്തിൽപ്പെട്ട് അതിഭീകരമായ ഗ്രാവിറ്റി അനുഭവപ്പെടും. എട്ട് ഇരട്ടിവരെ നമ്മുടെ ഭാരം വർധിച്ചതായി തോന്നും. നമുക്ക് 60 കിലോ ഭാരം ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് 300 കിലോ ഭാരമുള്ള ഒരു വസ്തു എടുത്തുവെച്ചാൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് അതുപോലെ നമ്മുടെ അസ്ഥികളൊക്കെ നുറുങ്ങിപ്പോകുന്ന, ശരീരം ഞെരിഞ്ഞമരുന്ന ഒരു അനുഭവമായിരിക്കും ഉണ്ടായിരിക്കുക.

 

വാഹനത്തിന്റെ നിരന്തര
പരീക്ഷണങ്ങൾ

ബഹിരാകാശ ടൂറിസ്റ്റുകൾക്കുള്ള പരിശീലനം ആഴ്ചകളോളം മാത്രം നീണ്ടുനിന്നതാണ്. പിന്നീടുള്ളത് ഞങ്ങൾക്ക് സഞ്ചരിക്കേണ്ട വാഹനത്തിന്റെ പരീക്ഷണ പറക്കലുകളാണ്. അത് നിരന്തരം നടന്നുകൊണ്ടിരുന്നു. അമേരിക്കയിലുള്ള സ്പേസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ വർഷവും രണ്ടോ മൂന്നോ തവണ ഞങ്ങളുടെ ഒത്തുചേരലുകൾ ഉണ്ടായിരുന്നു. കൊവിഡിന്റെ തുടക്കംവരെ അത് നടന്നിരുന്നു. അതിനിടയിൽ നിരവധി ടെസ്റ്റ് ഫ്ലൈറ്റുകൾ. ബഹിരാകാശത്തേക്കുള്ള യാത്രകൾ എല്ലാം നമ്മൾ കണ്ടിട്ടുള്ളത് ഒരു റോക്കറ്റ് കത്തിച്ചുവിടുന്നതാണ്. എന്നാൽ, ഈ ബഹിരാകാശ വാഹനം അത്തരത്തിലുള്ളതായിരുന്നില്ല. സാധാരണക്കാർക്ക് ഒരു വിമാനയാത്ര നടത്തുന്നതുപോലെ ലളിതമായും സുഖകരമായും യാത്ര നടത്തുന്നതിനായി രൂപാന്തരപ്പെടുത്തിയ വാഹനത്തിലാണ് യാത്ര. ഈ ബഹിരാകാശ വാഹനത്തിന് രണ്ട് ഭാഗങ്ങളാണുള്ളത് – മദർഷിപ്പ്, സ്‌പേസ് ഷിപ്പ്. മദർഷിപ്പും സ്‌പേസ് ഷിപ്പും ഒന്നിച്ചുചേർന്നാണ് ഭൂമിയിൽനിന്ന് കുതിച്ചുയരുന്നത്. അത് 50,000 അടി ഉയരത്തിലെത്തിക്കഴിയുമ്പോൾ അന്തരീക്ഷത്തിൽവെച്ച് മദർ ഷിപ്പിൽനിന്ന് സ്‌പേസ് ഷിപ്പ് വേർപെടുന്നു. വേർപെട്ട സ്‌പേസ്ഷിപ്പിനുള്ളിലായിരിക്കും ബഹിരാകാശ യാത്രികർ. അന്തരീക്ഷത്തിൽ കുറച്ചുനേരം ഫ്ലോട്ട് ചെയ്ത് ഗ്ലൈഡ് ചെയ്തതിന് ശേഷം ഈ സ്‌പേസ് ഷിപ്പിലെ റോക്കറ്റ് പ്രവർത്തനസജ്ജമാകുന്നു. റോക്കറ്റ് ജ്വലിക്കുന്നതോടെ അന്തരീക്ഷത്തിൽനിന്ന് സ്‌പേസിലേക്ക് കുതിച്ചുയരുന്നു. പിന്നീട് ഒരു വിമാനം ലാൻഡ് ചെയ്യുന്നതുപോലെ റൺവേയിലൂടെ തിരികെയിറങ്ങുകയും ചെയ്യുന്നു. ഏതാണ്ട് വിമാനയാത്രക്ക് സമാനമായ രീതിയിലാണ് സ്‌പേസ് ഷിപ്പിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോക്കറ്റിൽ ബഹിരാകാശ യാത്ര നടത്തുന്ന അത്ര ദുഷ്‌കരമല്ല ഈ വിമാനത്തിലുള്ള ബഹിരാകാശ യാത്ര. പുതിയ ഒരു സാങ്കേതിക വിദ്യയായതുകൊണ്ടുതന്നെ ഇതിന്റെ പരീക്ഷണങ്ങൾ ദുർഘടമായിരുന്നു. ഇത് വിജയകരമാണെന്ന് തെളിയിക്കാൻ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതിന്റെ ഓരോ ഘട്ടവും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ എന്ന അമേരിക്കയുടെ എല്ലാ പറക്കുന്ന വാഹനങ്ങളെയും പരിശോധിക്കുകയും നിയന്ത്രിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന അഡിമിനിസ്‌ട്രേഷൻ പരിശോധിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് എല്ലാ പറക്കുന്ന ആകാശ വാഹനങ്ങളും ബഹിരാകാശ വാഹനങ്ങളും സർട്ടിഫൈ ചെയ്യുന്ന ഏജൻസിയാണിത്. എഫ് എ എയുടെ അനുമതി ഓരോ ഘട്ടത്തിലും ലഭ്യമാകേണ്ടതുണ്ട്. വാഹനത്തിന്റെ പരീക്ഷണങ്ങളിൽ ചിലത് പരാജയപ്പെട്ടുപോയിട്ടുണ്ട്. പല സ്പേസ് ഫ്ലൈറ്റുകളും പൊട്ടിത്തകർന്ന് ആളുകൾ മരിക്കുന്ന സംഭവങ്ങൾവരെ ഉണ്ടായി. ഇത് പ്രോസസ് ഡിലേയാകാൻ കാരണമായി. മെയ് മാസം 22ന് വി എസ് എസ് യൂനിറ്റി എന്ന ഞങ്ങളുടെ ബഹിരാകാശ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണപ്പറക്കലും വിജയകരമായി പൂർത്തിയായി. ജൂൺ 25ന് എഫ് എ എയുടെ അനുമതി ലഭിച്ചു. ലൈസൻസ് കിട്ടിയതിനുശേമാണ് ജൂലൈ 11ന് വെർജിന്റെ ടെക്നിക്കൽ മാനേജ്മെന്റ് പ്രതിനിധികൾ അടങ്ങുന്ന ഒരു ടീം ബഹിരാകാശത്ത് ആദ്യമായി പോയത്. അതിനെ തുടർന്നാണ് ഞാൻ ഉൾപ്പെടുന്ന സ്‌പേസ് ടൂറിസ്റ്റുകളുടെ യാത്രകൾ ആരംഭിക്കുന്നത്.

സ്‌പേസിൽ അങ്ങനെ കാഴ്ചകളുടെ അത്ഭുതങ്ങളൊന്നുമില്ല. സ്പേസ് എന്നു പറയുന്നത് മുഴുവനും ഇരുട്ടാണ്. അതിനകത്ത് രാത്രിയിൽ ആകാശത്തേക്ക് നോക്കുന്നതുപോലെയാണ്. നമുക്ക് പകൽ ആകാശം നീലനിറത്തിൽ കാണുന്നത് സൂര്യന്റെ വെളിച്ചം വരുന്നതും അവിടുത്തെ വായുമണ്ഡലത്തിലും പൊടിപടലങ്ങളിലും പോയി ഡിഫ്രാക്്ഷൻ എന്ന പ്രൊസസ് നടന്ന് നീലനിറം അനുഭവപ്പെടുന്നതാണ്. ശരിക്കും ആ നീലനിറത്തിന് അപ്പുറത്തേക്കാണ് നമ്മൾ യാത്ര ചെയ്യുന്നത്. സ്‌പേസിൽ തിളങ്ങുന്ന ഒരു വസ്തു എന്നുപറയുന്നത് ഭൂമിയിൽ സൂര്യന്റെ വെളിച്ചം വീഴുന്ന ഭാഗവും ചന്ദ്രന്റെ വെളിച്ചം വീഴുന്ന ഭാഗവും പിന്നെ അനന്തതയിൽ കാണുന്ന കുറെ നക്ഷത്രങ്ങളും മാത്രമാണ്. സൂര്യന്റെ വെളിച്ചം പതിക്കുമ്പോൾ നമ്മുടെ ശരീരവും പോകുന്ന വാഹനവും കാണുമെന്നല്ലാതെ ബാക്കിയെല്ലാം ഇരുട്ടിലായിരിക്കും. യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ ഒരുക്കം മുതൽ ഓരോ ഘട്ടവും അവിടെ ചെല്ലുന്നതുവരെയുള്ള അനുഭവങ്ങൾ മുതൽ വിമാനത്തിലുണ്ടാകുന്ന അനുഭവങ്ങൾ, വിമാന യാത്രയിലുള്ള കാഴ്ചകൾ, അമേരിക്കയിൽ എത്തുന്നത്, എയർപോർട്ടിൽനിന്നു പുറത്തുകടക്കുന്നു… ഇങ്ങനെ ഈ പ്രൊസസ് മുഴുവൻ പൂർത്തിയാകുമ്പോഴാണ് യാത്ര പൂർത്തിയാകുന്നത്.
യാത്രയിൽ സ്‌പേസിലുള്ള ഒന്നോ രണ്ടോ മണിക്കൂറുകളുടെ ഒരു അനുഭവം മാത്രമല്ല. ഇതിനായി വർഷങ്ങളായി നടത്തിയ പരിശീലനങ്ങളാണ് എന്നെ “എക്‌സൈറ്റ് ‘ ചെയ്യിക്കുന്നത്. റിച്ചഡ് ബ്രാൻസനെപോലുള്ള ആളുകൾ അവരോടൊപ്പമാണ് ഈ മിറ്റിംഗുകളും ഒത്തുചേരലുകളുമെല്ലാം. സീറോ ഗ്രാവിറ്റി പരിശീലനം, ഗ്രാവിറ്റി ടോളറൻസ് പരിശീലനം , അതിനുവേണ്ടിയുള്ള നിരന്തരമായ യാത്രകൾ ആ യാത്രയിൽ കണ്ടുമുട്ടുന്ന വ്യക്തികൾ, പരിചയപ്പെടലുകൾ… അല്ലാതെ ഒരു നിമിഷ നേരത്തെ കാഴ്ചകളല്ല എന്നെ ആകർഷിച്ചത്.

ബഹിരാകാശ ടൂറിസവും
സാധ്യതയും

ശാസ്ത്ര പര്യവേക്ഷണത്തിനുവേണ്ടിയുള്ള യാത്ര അല്ലാത്തതുകൊണ്ടാണ് സ്പേസ് ടൂറിസം എന്നു ഈ യാത്രക്ക് പേരിട്ടത്. വെർജിൻ എന്നു പറയുന്ന കമ്പനിയും ഇലോൺ മസ്‌കിന്റെ കമ്പനിയും ജെഫ് ബേസോസിന്റെ കമ്പനിയും തുടങ്ങി ലോകത്തെ സമ്പന്നരെല്ലാം ഈ രംഗത്തേക്കിറങ്ങിയിരിക്കുന്നത് വരുംകാലം ഈ മേഖലയിലാണ് സാധ്യതകൾ എന്നുള്ളതുകൊണ്ടാണ്. 1400കളുടെ അവസാനം യൂറോപ്പിലെ എല്ലാ രാജ്യങ്ങളും പുതിയ ഭൂഖണ്ഡങ്ങൾ കണ്ടെത്താനുള്ള മത്സരത്തിലായിരുന്നു. ആ മത്സരത്തിലാണ് ലാറ്റിനമേരിക്കയിൽ സ്‌പെയിൻ ആധിപത്യം സ്ഥാപിച്ചത്. ഇപ്പോഴുള്ള മത്സരം ഭൂമിക്കപ്പുറമുള്ള ഗ്രഹങ്ങളിൽ ആരാണ് സാന്നിധ്യമുറപ്പിക്കുക എന്നതാണ്. അതിന്റെ ആദ്യ പടിയാണിത്.

ബഹിരാകാശത്തേക്ക് നിരന്തരം യാത്രകൾ നടത്തുകയും ആ യാത്ര വിജയിപ്പിക്കുകയും അതിന് പ്രാപ്തമായിട്ടുള്ള സംവിധാനമുള്ള മറ്റു ഗ്രഹങ്ങളിലേക്ക് ചവിട്ടുപടിയായി മാറാൻ കഴിയുന്ന തരത്തിൽ സ്‌പേസ് ടൂറുകൾ സംഘടിപ്പിക്കാൻ കഴിയുന്ന കമ്പനികളായിരിക്കും ഭാവിയിൽ ഭൂമിക്കപ്പുറത്തുള്ള വ്യവസായത്തെ നിയന്ത്രിക്കുക. അത് ഇപ്പോൾ നമുക്ക് അത്ഭുതമായി തോന്നുമെങ്കിലും പത്തോ, ഇരുപതോ കൊല്ലം കഴിയുമ്പോൾ ഇത് യാഥാർഥ്യമാകും. നമ്മൾ പലവിധ കാര്യങ്ങൾക്ക് മറ്റ് ഗ്രഹങ്ങളിൽ അധ്യപത്യം ഉറപ്പിക്കേണ്ടതുണ്ട്. വിലയേറിയ മൂലകങ്ങൾ കണ്ടെത്താനാകാം, മൂലകങ്ങൾ ഉദ്ഖനനം ചെയ്യുന്ന ഇടങ്ങളിലേക്ക് ജോലിക്കുള്ള ആളുകളെ കയറ്റി അയക്കുന്നതിനുവേണ്ടിയാകാം. അവിടെ ശാസ്ത്രജ്ഞരെ അയക്കുന്നതിനാകാം. അവിടെ സ്ഥിരതാമസം ആക്കുന്ന തൊഴിലാളികൾക്കുവേണ്ട ഓക്‌സിജനും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നതിനുവേണ്ടിയാകാം അങ്ങനെ നിരന്തരം സ്‌പേസ് യാത്ര ആവശ്യമായി വരുന്ന കാലഘട്ടമാണ് ഇനി വരാൻ പോകുന്നത്. അപ്പോൾ അതിൽ ഏറ്റവും വിദഗ്ധനായിരിക്കും ആ കാലഘട്ടത്തിലെ ഗതാഗത സംവിധാനങ്ങൾ സ്‌പേസിലേക്ക് നടത്തുന്നതും വിജയിക്കാൻ പോകുന്നതും. അതിനുവേണ്ടിയുള്ള തുടക്കമാണ് സ്‌പേസ് ടൂറിസം എന്ന ഓമനപ്പേരിട്ടുവിളിക്കുന്നത്.

( അടുത്ത ലക്കം –
യാത്രകളുടെ തുടക്കം)