Saudi Arabia
'പാസ്പോര്‍ട്ട് ടു ദി വേള്‍ഡ്'; ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയുടെ ഇന്ത്യന്‍ ഫെറ്റിവലിന് അല്‍ ഖോബാറില്‍ തുടക്കം
അല്‍ ഖോബാര്‍ ഇസ്‌കാന്‍ പാര്‍ക്കില്‍ കൊടിയേറി. വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

അല്‍ ഖോബാര്‍ | പാസ്പോര്‍ട്ട് ടു ദി വേള്‍ഡ്’ എന്ന ശീര്‍ഷകത്തില്‍ സഊദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫെറ്റിവലിന് അല്‍ ഖോബാറിലെ ഇസ്‌കാന്‍ പാര്‍ക്കിലെ ഉത്സവ നഗരിയില്‍ തുടക്കമായി. ഏപ്രില്‍ 16 മുതല്‍ 19 വരെ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന പരിപാടി വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ആരംഭിച്ചത്.
പ്രവാസികള്‍ക്ക് കലാപരമായ പ്രകടനങ്ങള്‍, പാചക അനുഭവങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കള്‍, സംവേദനാത്മക വര്‍ക്ക്ഷോപ്പുകള്‍ എന്നിവയിലൂടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളിലേക്ക് സന്ദര്‍ശകരെ പരിചയപ്പെടുത്തുന്നതോടൊപ്പം ആഴത്തിലുള്ള അനുഭവം പരിപാടിയിലൂടെ സന്ദര്‍ശകര്‍ക്ക് ലഭിക്കും
സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക, പങ്കെടുക്കുന്ന രാജ്യങ്ങളുടെ സമ്പന്നമായ പാരമ്പര്യങ്ങള്‍ അടുത്തറിയാന്‍ അവസരമൊരുക്കുക, സ്വദേശികള്‍, വിദേശികള്‍ എന്നവര്‍ക്ക് സമഗ്രവും ആസ്വാദ്യകരവുമായ അനുഭവം നല്‍കുക തുടങ്ങിയവയാണ് ഫെറ്റിവലിലൂടെ ഉദ്ദേശിക്കുന്നത്.
വ്യാഴാഴ്ചയിലെ ഇന്ത്യന്‍ രാവില്‍ വര്‍ഷ പ്രസാദ്, പൂജ കന്ദല്‍വാള്‍, റിഷി സിങ്, അക്‌സ, സജിലി സലീം, വെള്ളിയാഴ്ച അര്‍മാന്‍ മാലിക്, ദിവ്യ എസ് മേനോന്‍, വര്‍ഷ പ്രസാദ്, പൂജ കന്ദല്‍വാള്‍, ആര്യന്‍ തിവേരി, കലാപരിപാടികള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ശനിയാഴ്ച പ്രിയന്‍ഷി ശ്രീവാസ്തവ, എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ് മേനോന്‍, പൂജ കന്ദല്‍വാള്‍ എന്നിവരുടെ പരിപാടികള്‍ അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. നഗരിയിലേക്ക് പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. പ്രവേശ പാസിന് webook.com എന്ന ആപ്പിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.