Connect with us

Saudi Arabia

'പെഡല്‍- ടു- ഹജ്ജ്'; സ്‌കോട്‌ലാന്‍ഡില്‍ നിന്നും സൈക്കിളില്‍ പുറപ്പെട്ട സഹോദരങ്ങള്‍ പുണ്യഭൂമിയിലെത്തി

ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി യാത്രയില്‍ പണം സ്വരൂപിക്കുന്നു

Published

|

Last Updated

മദീന | വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനും ഗാസയിലെ ഇസ്രായേല്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പണം സ്വരൂപിക്കുന്നതിനുമായി ബ്രിട്ടനിലെ സ്‌കോട്‌ലാന്‍ഡില്‍ നിന്ന് രണ്ട് ബ്രിട്ടീഷ് സഹോദരങ്ങള്‍ സൈക്കിളില്‍ പുണ്യഭൂമിയിലെത്തി. സഹോദരങ്ങളായ അബ്ദുള്‍ റഹ്മാന്‍ അലി (34), സഹോദരന്‍ റീഹാന്‍ അലി (29) എന്നിവരാണ് സൈക്കിളില്‍ പുണ്യഭൂമിയിലേക്ക് എത്തിയത്. ഏപ്രില്‍ ഒന്നിനാണ് ‘പെഡല്‍ 2 ഹജ്ജ്’ എന്ന പേരില്‍ മിഡ്ലോത്തിയനിലെ ബോണിറിഗ് പട്ടണത്തില്‍ നിന്ന് ഇവര്‍ യാത്ര പുറപ്പെട്ടത്.

ഗാസയില്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പണം സ്വരൂപപിക്കലും ലക്ഷ്യമാക്കിയാണ് വിശുദ്ധ ഭൂമി ലക്ഷ്യമാക്കി ഇവര്‍ യാത്ര ആരംഭിച്ചത്.

image.png

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും ഹജ്ജിനുള്ള തയ്യാറെടുപ്പിലായിരുന്നു. യാത്രക്കായി 50 സൈക്കിള്‍ ദിനങ്ങളും 10 വിശ്രമ ദിനങ്ങളും ഉള്‍പ്പെടെ 60 ദിവസം എടുത്തു.

അഞ്ച് വര്‍ഷം മുമ്പ് ലണ്ടനില്‍ നിന്ന് ഒരു സംഘം തീര്‍ഥാടകര്‍ സൈക്കിളില്‍ ഹജ്ജിന് പുറപ്പെട്ടത് കണ്ടപ്പോഴാണ് ഞങ്ങളെ സൈക്കിള്‍ മാര്‍ഗ്ഗം ഹജ്ജ് യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും
മനുഷ്യത്വപരമായ പ്രതിസന്ധി നേരിടുന്ന ഗാസയിലെ ജനങ്ങളെ സഹായിക്കുകയാണ് യാത്രയില്‍ ലക്ഷ്യമിട്ടതെന്നും അബ്ദുള്‍ റഹ്മാന്‍ അലി പറഞ്ഞു.

പത്ത് ലക്ഷം ആളുകളിലേക്ക് സന്ദേശം എത്തിക്കാനും വേള്‍ഡ് കെയര്‍ ഫൗണ്ടേഷനിലൂടെ ഗാസയിലെ ജനങ്ങള്‍ക്കായി ധന സമാഹരണവും ഞങ്ങളുടെ യാത്രയുടെ ലക്ഷ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

image.png

യാത്രയുടെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് എഡിന്‍ബര്‍ഗ് ആസ്ഥാനമായുള്ള ചാരിറ്റി വേള്‍ഡ് കെയര്‍ ഫൗണ്ടേഷനെ സമീപിച്ചു. സംഘര്‍ഷം ബാധിച്ചവര്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ തങ്ങളുടെ സൈക്കിള്‍ ചലഞ്ച് ഉപയോഗിക്കാന്‍ ചാരിറ്റി വേള്‍ഡ് സമ്മതം ലഭിച്ചതോടെയാണ് യാത്രയില്‍ ധന സമാഹരണത്തിന് തുടക്കം കുറിച്ചത്.എല്ലാ ദിവസവും യാത്രയുടെ പതിവ് അപ്ഡേറ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തിയിരുന്നു.

ഹാജിമാര്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതിയായ കുതിരപ്പുറത്തോ ഒട്ടകപ്പുറത്തോ ഉള്ള യാത്ര അനുഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എല്ലാ രാജ്യങ്ങളിലും വലിയ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചതെന്നും പ്രവാചക നഗരിയിലെ സ്വീകരണം വലിയ സന്തോഷം നല്‍കിയെന്നും അബ്ദുള്‍ റഹ്മാനും സഹോദരന്‍ റിഹാനും പറഞ്ഞു

പൂക്കള്‍ വിതറിയും, സംസംവെള്ളം നല്‍കിയുമാണ് മദീനക്കാര്‍ ഇരുവരെയും സ്വീകരിച്ചത്. ഇരുവരും എഡിന്‍ബര്‍ഗ് ആസ്ഥാനമായുള്ള ചാരിറ്റി വേള്‍ഡ് കെയര്‍ ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകരായി പ്രവര്‍ത്തിച്ച് വരികയാണ്.

image.png

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest