Connect with us

goa election

'ഗോവയിലെ ജനങ്ങള്‍ നിരാശരാണ്'; ആം ആദ്മി പുതിയ പ്രതീക്ഷയാണെന്ന് കേജ്രിവാള്‍

ഇത്രയും കാലം ബി ജെ പിയും കോണ്‍ഗ്രസുമല്ലാതെ മറ്റൊരു സാധ്യത ഗോവക്കാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു

Published

|

Last Updated

പനജി | ഗോവയിലെ ജനങ്ങള്‍ ഫെബ്രുവരി 14ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍. എ എ പി ഒരു പുതിയ പ്രതീക്ഷയാണ്. ഇത്രയും കാലം ബി ജെ പിയും കോണ്‍ഗ്രസുമല്ലാതെ മറ്റൊരു സാധ്യത ഗോവക്കാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. അതിനാല്‍, ഇപ്പോള്‍ ജനങ്ങള്‍ നിരാശരാണെന്നും അവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കേജ്രിവാള്‍ പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പര്യടനങ്ങള്‍ക്ക് എത്തിയ കേജ്രിവാള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളും അരവിന്ദ് കേജ്രിവാള്‍ പത്രസമ്മേളനത്തില്‍ നടത്തി. ഗോവയിലെ ജനങ്ങള്‍ക്കായി 13 പോയിന്റുകളുള്ള ഒരു അജന്‍ഡയാണ് എ എ പിക്ക് മുന്നോട്ട് വെക്കാനുള്ളത്. യുവാക്കള്‍ക്ക് ജോലി നല്‍കും. ജോലി ലഭിക്കാത്ത ജനങ്ങള്‍ക്ക് 3000 രൂപ പ്രതിമാസം സഹായധനം നല്‍കും. ഡല്‍ഹിക്ക് സമാനമായി ഗോവയില്‍ മൊഹല്ല ക്ലിനിക്കുകള്‍ ഗോവയില്‍ സ്ഥാപിക്കും. കര്‍ഷക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും.

18 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും. ലോകോത്തര നിലവാരത്തില്‍ ടൂറിസം വികസിപ്പിക്കും. 24 മണിക്കൂറും സംസ്ഥാനത്ത് സൗജന്യം വൈദ്യുതിയും വെള്ളവും നല്‍കുമെന്നും കേജ്രവാള്‍ പ്രഖ്യാപിച്ചു.

Latest